വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി നേടാൻ ശ്രമിച്ച കേസിൽ പ്രതിയായ കെ.വിദ്യയെ കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ നിന്ന് പാലക്കാട് അഗളി പൊലീസ് കസ്‌റ്റഡിയിലെടുത്തു. മേപ്പയൂരിൽ സുഹൃത്തിന്റെ വീട്ടിലായിരുന്നു വിദ്യ. ഇവിടെ നിന്ന് ഇറങ്ങി പോകുന്ന സമയത്ത് പോലീസ് കസ്‌റ്റഡിയിലെടുത്തുവെന്നാണ് സൂചന.
വിദ്യക്കെതിരെ കേസെടുത്ത് പതിനഞ്ചാം ദിവസമാണ് കസ്‌റ്റഡിയിലെടുക്കാൻ പോലീസിന് കഴിഞ്ഞത്. പാലക്കാട് അഗളി പൊലീസും കാസർകോട് നീലേശ്വരം പൊലീസും രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് ഇവർ പിടിയിലായത്.
തുടക്കത്തിൽ പോലീസിന്റെ മെല്ലെപ്പോക്കും ആര് അന്വേഷിക്കണം എന്ന രഹസ്യ തർക്കവും ഉണ്ടായത് വൻ വിമർശനം ഉയർത്തിയിരുന്നു. വിദ്യയെ നാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. വിദ്യയുമായി പൊലീസ് പാലക്കാട്ടേക്ക് തിരിച്ചതായാണ് വിവരം.