ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ പിണറായി വിജയന്‍ നടത്തിയ പ്രസംഗം ചരിത്രമായി. സര്‍ക്കാര്‍ നേട്ടങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി നടത്തിയ പ്രസംഗവും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതായി. ടൈംസ്‌ക്വയറില്‍ ആദ്യമായാണ് ഒരു മലയാളി നേതാവ് ഇത്തരത്തില്‍ പ്രസംഗിക്കുന്നത്. ആദ്യമായി ഒരു ഇന്ത്യക്കാരന്‍ ടൈംസ്‌ക്വയറില്‍ സംസാരിക്കുന്നത് തന്നെ ആദ്യമായിട്ടാണെന്ന് പറയപ്പെടുന്നു.
ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയായിരുന്നു ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം. ലോക കേരളസഭ മേഖലാ സമ്മേളനത്തിന്റെ സമാപനം കുറിച്ചുകൊണ്ടായിരുന്നു ഈ പരിപാടി. ലക്ഷക്കണക്കിന് രൂപ വാടക നല്‍കിയാലാണ് ടൈം സ്‌ക്വയറില്‍ പൊതുയോഗം നടത്താന്‍ അനുമതി ലഭിക്കുക. ലോകകേരള സഭയുടെ പ്രാദേശിക സംഘാടക സമിതിയാണ് ഇതിനായി ഒരുക്കം നടത്തിയത്. വേദിയില്‍ മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നും പോയ പ്രതിനിധി സംഘാംഗങ്ങളായ മുന്‍ സ്പീക്കര്‍ കൂടിയായ നോര്‍ക്ക് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക പ്രതിനിധികളായ രവി പിള്ള, ജോണ്‍ ബ്രിട്ടാസ് എം.പി., മുഖ്യമന്ത്രിയുടെ ഭാര്യ കമല തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു സദസ്സില്‍. അമേരിക്കന്‍ പ്രവാസി മലയാളികളും സദസ്സിന്റെ ഭാഗമായി.
നേട്ടങ്ങള്‍ ഇംഗ്ലീഷില്‍ ചുരുക്കി പറഞ്ഞശേഷം മലയാളത്തില്‍ വിശദീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മുഴുവന്‍ സമയവും പ്രസംഗിച്ചത്.
അമേരിക്കന്‍ മലയാളികളുടെ മുന്നില്‍ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളെല്ലാം വിശദീകരിക്കാനാണ് മുഖ്യമന്ത്രി സംസാരിച്ച മുക്കാല്‍ മണിക്കൂര്‍ നേരവും ചെലവഴിച്ചത്. എല്ലാം കൊണ്ടും വ്യത്യസ്തമായൊരു ഇടമായി കേരളത്തെ മാറ്റിയെന്ന് പിണറായി പറഞ്ഞു.
പ്രസംഗത്തില്‍ നിന്ന് :
കേരളത്തോടുള്ള കരുതലാണ് നിങ്ങള്‍ ഇവിടെ പ്രകടിപ്പിക്കുന്ന സ്‌നേഹവായ്പിനു പിന്നില്‍. മലയാളി ലോകത്ത് എല്ലായിടത്തും ഉണ്ട്. ലോകം വിശ്വ കേരളമായി മാറിയ അവസ്ഥയാണ്. ഇവിടെ നടന്നത് ലോകകേരളസഭയുടെ മൂന്നാമത് മേഖലാ സമ്മേളനമാണ്.
2016-ല്‍ ജനങ്ങള്‍ക്ക് നിരാശയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ജനങ്ങള്‍ക്ക് പ്രത്യാശയും പ്രതീക്ഷയും വന്നിരിക്കുന്നു. ഒന്നും നടക്കില്ല എന്ന ചിന്ത മാറി പലതും നടക്കും എന്ന ചിന്ത വന്നിരിക്കയാണ്. സുതാര്യതയും വിശ്വാസ്യതയും നിലനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയത്. സര്‍ക്കാരിന്റെ പ്രോഗസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഞങ്ങള്‍ മുന്നോട്ടു നീങ്ങിയത്. എന്താണോ പറഞ്ഞത് അത് നടപ്പാക്കുക-അതായിരുന്നു രീതി. 600 വാഗ്ദാനങ്ങള്‍ ഞങ്ങള്‍ നല്‍കിയത് നടപ്പാക്കിയോ എന്ന അറിയാനായി പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 580 വാഗ്ദാനവും നടപ്പാക്കിയത് ജനങ്ങള്‍ക്കു മുന്നില്‍ വെച്ചു. ഇത് മനസ്സിലാക്കിയാണ് 99 സീറ്റ് നല്‍കി ഭരണഭാരം വീണ്ടും ഞങ്ങളെ ഏല്‍പിച്ചത്. നാടിനെ തകര്‍ത്തെറിയുന്ന ദുരന്തങ്ങള്‍ ഈ ഘട്ടത്തില്‍ നേരിടേണ്ടി വന്നു. അതിനെ അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. ലോകത്താകമാനമുള്ള മലയാളികള്‍ അതിന് സഹായിച്ചു. തകര്‍ന്നിടിഞ്ഞു പോകുമായിരുന്ന നാടിനെ ശരിയായ വികസനത്തിലേക്ക് നയിക്കാന്‍ സാധിച്ചു. ഇതും ജനങ്ങള്‍ മനസ്സിലാക്കി. കേരളം ഇന്ത്യയിലെ ആദ്യത്തെ ഇ-ഗവേര്‍ണന്‍സ് നടപ്പിലാക്കിയ സംസ്ഥാനമായി മാറി.
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കാരണം. എന്നാല്‍ അഴിമതി ഇല്ലാത്ത സംസ്ഥാനം എന്നതാണ് ഞങ്ങളുടെ ആവശ്യം. അതിന് ഇ-ഗവേണന്‍സ് സഹായിക്കും എന്നാണ് പ്രതീക്ഷ. ഇപ്പോള്‍ തന്നെ നല്ല രീതിയില്‍ അത് ആരംഭിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും എത്തിക്കുക എന്നത് ലക്ഷ്യമാക്കി കെ-ഫോണ്‍ നടപ്പാക്കിത്തുടങ്ങി. 2000 സൗജന്യ വൈ-ഫൈ സോണുകള്‍ നടപ്പാക്കി. പലയിടത്തും ഇന്റര്‍നെറ്റ് നിരോധിക്കുന്ന കാലത്ത് കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് സര്‍ക്കാര്‍. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് സ്വന്തമായ ഇന്റര്‍നെറ്റ് സംവിധാനം ഉള്ളത്. സര്‍വ്വതലസ്പര്‍ശിയായ വികസനമാണ് നാം കാണുന്നത്. എല്ലാ പ്രദേശങ്ങളിലും മലയോരങ്ങളിലടക്കം കണക്ഷന്‍ ലഭ്യമാകുന്ന അവസ്ഥ വരികയാണ്. വ്യാപകമായി ഈ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടികളാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
മൂന്നര ലക്ഷം കുടുംബങ്ങള്‍ക്ക് വീടു വെച്ചു നല്‍കി. കൃത്യമായി പറഞ്ഞാല്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരം വീടുകള്‍ പൂര്‍ത്തിയായി. അതിദരിദ്ര്യത്തെ ഇല്ലാതാക്കാനുള്ള പദ്ധതി രാജ്യത്ത് കേരളത്തില്‍ മാത്രമാണുള്ളത്. സ്വന്തമായി ഭൂമിയില്ലാത്ത മൂന്ന് ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി.
65 ലക്ഷം പേര്‍ക്ക് നല്‍കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍, ഡിജിറ്റല്‍ സര്‍വ്വകലാശാല, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, വാട്ടര്‍ മെട്രോ എന്നിവയും ഇന്ത്യയില്‍ കേരളത്തില്‍ മാത്രം നടപ്പാക്കിയ പ്രത്യേകതയായി മുഖ്യമന്ത്രി വിശദീകരിച്ചു.
ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ട് അത് ഒരു ലക്ഷത്തിലധികം കവിഞ്ഞുവെന്നത് കേരളത്തിലെ മാറുന്ന വ്യാവസായിക അന്തരീക്ഷത്തിന്റെ ഉദാഹരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈദ്യുതി കൊണ്ടുവന്നു, തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവ നടപ്പാക്കുന്നു, പൊതുജനാരോഗ്യമേഖലയ്ക്ക് വകയിരുത്തിയ പദ്ധതികള്‍, വിദ്യാലയങ്ങള്‍ പുതുക്കല്‍ എന്നിവയും മുഖ്യമന്ത്രി എടുത്തുകാട്ടി.
ആരോഗ്യമേഖലയുടെ സവിശേഷത മൂലം കൊവിഡിനെ ലോകത്ത് ഏത് സ്ഥലത്തെക്കാളും നേരിടാന്‍ കേരളത്തിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ തങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ഉള്ളതിനേക്കാളും ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.
സമ്പൂര്‍ണ സാക്ഷരത, സാമുദായിക ലഹളകള്‍ ഇല്ലാത്ത ഏഴ് വര്‍ഷങ്ങള്‍, മതനിരപേക്ഷതയുടെ വിളനിലമായി മാറിയ അവസ്ഥ തുടങ്ങി കേരളത്തിന്റെ സവിശേഷതയെല്ലാം മുഖ്യമന്ത്രി എടുത്തു പറഞ്ഞു.