Categories
kerala

മാധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയതു കൊണ്ടു മാത്രം നിലപാട് മാറ്റില്ല, താൻ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്ന് ഗോവിന്ദന്റെ പുതിയ പ്രതികരണം

എം.വി.ഗോവിന്ദനെതിരെ പ്രമുഖ മലയാളപത്രങ്ങള്‍ ഇന്ന് രൂക്ഷമായ ഭാഷയില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനു ശേഷമാണ് ഗോവിന്ദന്റെ പുതിയ പ്രതികരണം

Spread the love

മാധ്യമങ്ങൾക്കെതിരെ നടത്തിയ പ്രതികരണം വളച്ചൊടിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാർ വിരുദ്ധപ്രചാരണത്തിനു മാധ്യമങ്ങളെ കേസിൽ കുടുക്കുമെന്നു പറഞ്ഞിട്ടില്ല. ആടിനെ പട്ടിയാക്കുന്ന സമീപനമാണു മാധ്യമങ്ങൾ സ്വീകരിക്കുന്നത്. മാധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയതു കൊണ്ടു മാത്രം നിലപാട് മാറ്റില്ല. തന്റെ നിലപാട് ശരിയാണ്, അതിലൊരു മാറ്റവും ഇല്ല.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മാത്രമാണു മറുപടി പറഞ്ഞത്. എസ്എഫ്ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാൽ അതു പറയും. അതു ബോധ്യപ്പെട്ടതിനാലാണു കേസെടുത്തത്– എം.വി.ഗോവിന്ദൻ ഇന്ന് വിശദീകരിച്ചു.

എം.വി.ഗോവിന്ദനെതിരെ പ്രമുഖ മലയാളപത്രങ്ങള്‍ മിക്കതും ഇന്ന് രൂക്ഷമായ ഭാഷയില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനു ശേഷമാണ് ഗോവിന്ദന്റെ പുതിയ പ്രതികരണം. ഇടതു സഹയാത്രകരായ പ്രൊഫ. എം.കെ.സാനു, റഫീക്ക് അഹമ്മദ് തുടങ്ങിയവരും ഗോവിന്ദന്റെ നിലപാടിനെ തള്ളിപ്പറഞ്ഞ് പ്രതികരണവുമായി വന്നതും തിരിച്ചടിയായതായി സി.പി.എം. കേന്ദ്രങ്ങളില്‍ ചര്‍ച്ചയുണ്ട്.

‘‘ആർഷോയുടെ പരാതിയിൽ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു. എഫ്ഐആറിൽ പ്രതി ചേർക്കപ്പെട്ടവരെ എങ്ങനെയാണു കാണുന്നതെന്ന് എന്നോടു ചോദിച്ചു. ക്രിമിനൽ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൃത്യമായി വരേണ്ടതാണ്, അങ്ങനെ വരിക തന്നെ വേണം എന്നു ഞാൻ പറഞ്ഞു. കുറ്റവാളികൾ ആരായാലും, പത്രപ്രവർത്തകയാകാം, മാധ്യമത്തിന്റെ ഭാഗമാകാം, രാഷ്ട്രീയക്കാരാകാം, ആരായാലും സ്വാഭാവികമായും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതാണ് എന്നു മാത്രമാണു ഞാൻ പറഞ്ഞത്. അതിനപ്പുറം ചേർത്തതെല്ലാം എന്റെ പേരിൽ ഉന്നയിച്ച തെറ്റായ വാദങ്ങളാണ്. തെറ്റായ വാദങ്ങൾ ഉന്നയിക്കുക, ആ വാദത്തെ അടിസ്ഥാനപ്പെടുത്തി ചർച്ച സംഘടിപ്പിക്കുക, ആ ചർച്ചയുടെ ഭാഗമായി മുഖപ്രസംഗം എഴുതുക എന്നിവ തെറ്റായ പ്രവണതയാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സർക്കാരിനെ വിമർശിക്കാൻ പാടില്ലെന്നു ഞാൻ പറഞ്ഞെന്നു പ്രചരിപ്പിച്ചാൽ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? ഞാൻ എല്ലാ സന്ദർഭത്തിലും പറയുന്നത്, മാധ്യമങ്ങൾക്കായാലും വ്യക്തികൾക്കായാലും സർക്കാരിനെയും പാർട്ടിയെയും അതുപോലെ വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളെയും വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട് എന്നാണ്. ’’– ഗോവിന്ദൻ പ്രതികരിച്ചു.

Spread the love
English Summary: MV GOVINDAN EXPLAINS HIS PREVIOUS RESPONSE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick