Categories
kerala

ഗോവിന്ദനെ വെല്ലുവിളിച്ച് മനോരമ…സഖാവേ ഭരണം പാര്‍ടിയില്‍ മതി

സര്‍ക്കാര്‍ വിരുദ്ധ-എസ്.എഫ്.ഐ. വിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസിനെക്കൊണ്ട് നടപടിയെടുപ്പിക്കും എന്ന് കഴിഞ്ഞ ദിവസം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ രൂക്ഷമായി പ്രഖ്യാപിച്ചതിനെതിരെ ഗോവിന്ദനെ പരസ്യമായി വെല്ലുവിളിച്ച് മലയാള മനോരമ ദിനപത്രം രംഗത്തു വന്നു. ഭരണം പാര്‍ടിയില്‍ മതിയെന്നും മുഖ്യമന്ത്രി രാജ്യത്തില്ലാത്ത സാഹചര്യത്തില്‍ തനിക്കാണിപ്പോള്‍ സമസ്ത അധികാരങ്ങളെന്ന് ഗോവിന്ദന്‍ തെറ്റിദ്ധരിച്ചു കാണുമോ എന്നും പത്രം ചോദിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിക്കു ജനങ്ങളിൽ അധികാരം പ്രയോഗിക്കാൻ ഇതു ചൈനയോ ഉത്തര കെ‍‍ാറിയയോ അല്ലെന്നും പാർട്ടി അണികളെ കണ്ണുരുട്ടിക്കാണിക്കുന്നതുപോലെയല്ല മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും എം.വി.ഗോവിന്ദന് ആരാണെ‍‍ാന്നു പറഞ്ഞുകെ‍ാടുക്കുക? എന്ന് മനോരമ മുഖപ്രസംഗത്തില്‍ ആരായുന്നു. സഖാവേ ഭരണം പാര്‍ടിയില്‍ മതി എന്ന തലക്കെട്ടോടെയാണ് ഇന്നത്തെ മനോരമയുടെ മുഖപ്രസംഗം.

രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി ന്യൂയോര്‍ക്കില്‍ ലോകകേരള സഭാ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ, മലയാള മനോരമയുടെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപ സ്വരത്തില്‍ സംസാരിച്ചതും പത്രത്തിന്റെ രൂക്ഷമായി എഡിറ്റോറിയലിനു പിന്നിലുണ്ടെന്നാണ് നിരീക്ഷണം. മനോരമയ്ക്ക് കുശുമ്പാണെന്നും ഞരമ്പുരോഗമാണെന്നും പറഞ്ഞ പിണറായി ‘മറ്റേ റബ്ബറിന്റെ പണമെടുത്തിട്ടാണോ നിങ്ങള്‍ പ്രോഗ്രാമുകള്‍ നടത്താറുള്ളത്, സ്‌പോണ്‍സര്‍ഷിപ്പ് ആദ്യമായിട്ടാണോ’ എന്നും പരിഹസിക്കുകയും ചെയ്തിരുന്നു.

thepoliticaleditor

മനോരമയ്ക്കു പുറമേ മാതൃഭൂമി, മാധ്യമം, കേരള കൗമുദി തുടങ്ങിയ പത്രങ്ങളും മാധ്യമവിരുദ്ധ നടപടികള്‍ക്കെതിരെ മുഖപ്രസംഗങ്ങള്‍ എഴുതിയിട്ടുണ്ട്.

മനോരമ മുഖപ്രസംഗത്തിന്റെ പൂര്‍ണ രൂപം:

സിപിഎം സംസ്ഥാന സെക്രട്ടറിക്കു ജനങ്ങളിൽ അധികാരം പ്രയോഗിക്കാൻ ഇതു ചൈനയോ ഉത്തര കെ‍‍ാറിയയോ അല്ലെന്നും പാർട്ടി അണികളെ കണ്ണുരുട്ടിക്കാണിക്കുന്നതുപോലെയല്ല മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും എം.വി.ഗോവിന്ദന് ആരാണെ‍‍ാന്നു പറഞ്ഞുകെ‍ാടുക്കുക? സ്വന്തം പദവിക്ക് അത്രത്തോളം വലുപ്പമുണ്ടെന്നു സ്വയം തെറ്റിദ്ധരിച്ചതുകെ‍ാണ്ടാവണം അദ്ദേഹം കഴിഞ്ഞദിവസം ധാർഷ്്ട്യത്തോടെ മാധ്യമങ്ങൾക്കുനേരെ തിരിഞ്ഞത്.
സർക്കാർവിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരുംപറഞ്ഞു നടന്നാൽ ഇനിയും കേസിൽ ഉൾപ്പെടുത്തുമെന്നും അതിലൊരു സംശയവും വേണ്ടെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭീഷണി വിവിധ തലങ്ങളിൽ കടുത്ത പ്രതിഷേധത്തിനു കാരണമായിരിക്കുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി വെബ്സൈറ്റിലുള്ളതു റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർക്കെതിരെ കേസെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുമ്പോഴാണ്, മാധ്യമങ്ങൾക്കു മൂക്കുകയറിടാൻ മടിക്കില്ലെന്നമട്ടിൽ എം.വി.ഗോവിന്ദൻ പറഞ്ഞത്.

വാർത്തകൾ തങ്ങൾക്ക് അനുകൂലമാകുമ്പോൾ മാധ്യമങ്ങളെ വാഴ്ത്തുകയും വിമർശനപരമായാൽ അവയുടെ വായടപ്പിക്കുകയും ചെയ്യാനുള്ള പ്രവണത ഭരിക്കുന്നവരിലും പാർട്ടി നേതാക്കളിലും ഏറിവരികയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഭീഷണി. പി.എം.ആർഷോയുമായി ബന്ധപ്പെട്ട വാർത്തയുടെ ന്യായാന്യായങ്ങളെച്ചെ‍ാല്ലി പ്രതികരിക്കാൻ ഇവിടെ വ്യവസ്ഥാപിത മാർഗങ്ങളുണ്ടെന്നിരിക്കെ ഇത്തരത്തിലെ‍ാരു അഹങ്കാരഭാഷയിൽ ഭീഷണി ഉയർത്താൻ എം.വി.ഗോവിന്ദന് എന്താണ് അവകാശം? ആറു വർഷംമുൻപ്, ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരെ ആട്ടിപ്പുറത്താക്കിയതിനെ ഇതുമായി ചേർത്ത് ഓർമിക്കുന്നവരുണ്ടാകണം. മുഖ്യമന്ത്രി രാജ്യത്തില്ലാത്ത സാഹചര്യത്തിൽ തനിക്കാണിപ്പോൾ സമസ്താധികാരങ്ങളുമെന്നാകുമോ പാർട്ടി സെക്രട്ടറി കരുതിയിരിക്കുക?

മറ്റു സംസ്ഥാനങ്ങളിലും, എന്തിനു മറ്റു രാജ്യങ്ങളിൽപോലും, മാധ്യമസ്വാതന്ത്ര്യം ലംഘിക്കപ്പെടുമ്പോൾ മുറവിളി കൂട്ടുന്ന സിപിഎം, തങ്ങൾ ഭരിക്കുന്ന സംസ്ഥാനത്ത് ഇങ്ങനെ പെരുമാറുന്നതിലെ വൈരുധ്യം കാണാതിരിക്കാനാവില്ല. പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണകൂടങ്ങളെ തുറന്നുകാണിക്കാനായി, മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന രാഷ്ട്രീയപാർട്ടികളൊക്കെത്തന്നെ അധികാരത്തിലേറുമ്പോൾ സ്വേച്ഛാധിപത്യ സമീപനം സ്വീകരിക്കുന്നതിന്റെ തുടർച്ചതന്നെയായി ഈ നീക്കത്തെ കാണാം. തങ്ങൾക്കുനേരെ നീളുന്ന വിമർശനങ്ങളെ ഏതു വിധേനയും നിശ്ശബ്ദമാക്കുക എന്ന ചിന്താഗതിയാണിത്. പല ജനകീയ പ്രശ്നങ്ങളും പരിഹാരമില്ലാതെ കിടക്കുമ്പോൾ പ്രതിഛായ കാത്തുസൂക്ഷിക്കാൻ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടിയിട്ടെന്തു കാര്യം? വളച്ചെ‍ാടിച്ച വാർത്തകൾ നൽകുന്ന മാധ്യമങ്ങളുണ്ടെങ്കിൽ അവരെ തിരിച്ചറിയാനുള്ള ബോധം പല മാധ്യമങ്ങൾ നിരീക്ഷിക്കുന്ന ജനങ്ങൾക്കുണ്ടെന്നുകൂടി മനസ്സിലാക്കണം.

സർക്കാർവിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണമെന്നു പറഞ്ഞ് പാർട്ടി സെക്രട്ടറി ഇത്രത്തോളം അസഹിഷ്ണുത കാണിക്കേണ്ട കാര്യമെന്താണ്? ‘സർക്കാർ അനുകൂല, എസ്എഫ്ഐ അനുകൂല’ വാർത്തകൾ മാത്രമേ ജനം വായിക്കാവൂ എന്ന നിബന്ധന പാർട്ടിപ്പത്രത്തിൽ മാത്രം നടപ്പാക്കിയാൽ പോരേ? സർക്കാർ സംവിധാനത്തെയും രാഷ്ട്രീയ അണികളെയും സൈബർ സേനയെയും ഉപയോഗിച്ചു മാധ്യമങ്ങളെ നേരിടുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് സിപിഎം ഇനിയെന്നാണു മനസ്സിലാക്കുക?

സ്വന്തം നില മറന്നുള്ള ധാർഷ്ട്യ ഭീഷണികൾ പാർട്ടിക്കുള്ളിൽ മതി, മാധ്യമങ്ങളോടു വേണ്ടെന്നു തിരിച്ചറിയാൻ പാർട്ടി സെക്രട്ടറി ഇനിയും വൈകിക്കൂടാ. മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവരും മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്നവരുമാണ് സിപിഎമ്മും ഇടതുപക്ഷവുമെന്ന് ഇന്നലെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറയുന്നതുകേട്ടു. അപ്പോൾ അതിനു തലേന്ന് മാധ്യമങ്ങൾക്കുനേരെ പാർട്ടി സെക്രട്ടറി ഉയർത്തിയ ഭീഷണി മാഞ്ഞുപോകുമെന്നാണോ അദ്ദേഹം കരുതുന്നത്?

മാധ്യമങ്ങളെ ഒതുക്കാമെന്നും വരുതിയിലാക്കാമെന്നും മോഹിക്കുന്നവർ അടിയന്തരാവസ്ഥക്കാലത്തെ മാധ്യമസ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ചോർത്തു കലിതുള്ളുന്നവരാണ് എന്നതാണു വൈരുധ്യം. വിമർശനങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധ നിലപാടും അങ്ങേയറ്റം അപലപനീയമാണ്. മാധ്യമസ്‌ഥാപനങ്ങളും മാധ്യമപ്രവർത്തകരും സർക്കാരിന്റെയോ ഭരണസംവിധാനങ്ങളുടെയോ രാഷ്‌ട്രീയ പാർട്ടികളുടെയോ ഭീഷണിയുടെ നിഴലിൽ കഴിഞ്ഞുകൂടേണ്ട സ്‌ഥിതി പല രാജ്യങ്ങളിലുമുണ്ട്. ജനാധിപത്യത്തിലും പൗരാവകാശത്തിലും പെരുമ കെ‍ാള്ളുന്ന നമ്മുടെ നാട് ആ അവസ്ഥയിലേക്കു പതിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതെത്ര മൗഢ്യം!

Spread the love
English Summary: MANORAMA DEITORIAL AGAINST MV GOVINDANS RESPONSE ON MEDIA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick