കുക്കികളുടെ വംശീയ ഉന്മൂലനത്തിനായി കേന്ദ്രവും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും സംയുക്തമായി വർഗീയ അജണ്ട നടപ്പാക്കുന്നുവെന്നാരോപിച്ച് മണിപ്പൂർ ട്രൈബൽ ഫോറം സുപ്രീം കോടതിയിൽ പുതിയ ഇടക്കാല അപേക്ഷ ഫയൽ ചെയ്തു. കേന്ദ്രത്തിന്റെ “ശൂന്യമായ ഉറപ്പുകളിൽ” ആശ്രയിക്കരുതെന്ന് സുപ്രീം കോടതിയോട് ട്രൈബൽ ഫോറം ആവശ്യപ്പെട്ടു. ഉറപ്പുനൽകിയിട്ടും ഇതുവരെ ഒന്നും പാലിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
“ഉറപ്പുകൾ നൽകിയതിന് ശേഷം, 81-ലധികം കുക്കികൾ കൊല്ലപ്പെടുകയും 237 പള്ളികളും 73 അഡ്മിനിസ്ട്രേഷൻ കെട്ടിടവും / ക്വാർട്ടേഴ്സും കത്തിക്കുകയും 141 ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും 31410 കുക്കികൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തു. അധികാരികളുടെ ഉറപ്പുകൾ വെറുതെയാണ്, അവർ അത് നടപ്പാക്കാൻ പോലും ഉദ്ദേശിക്കുന്നില്ല” — ഇന്റർലോക്കുട്ടറി അപേക്ഷയിൽ പറയുന്നു.
അതിനിടെ, ഇംഫാൽ താഴ്വര ആസ്ഥാനമായുള്ള 15 സംഘടനകൾ പ്രതിസന്ധികൾ ശ്രദ്ധയിൽപ്പെടുത്തി ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. സംഘട്ടനത്തിൽ “വിദേശ ആയുധധാരികളായ കൂലിപ്പടയാളികളുടെ” പങ്കാളിത്തം അന്വേഷിക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.