മണിപ്പൂരിലെ വനിതാ മന്ത്രിയും കുക്കി വംശജയുമായ നെംച കിപ് ജെന്റെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഫെൽ ഏരിയയിലെ ഔദ്യോഗിക വസതി ബുധനാഴ്ച രാത്രി അജ്ഞാതർ തീയിട്ടതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിലെ ഖമെൻലോക് പ്രദേശത്തെ ഒരു ഗ്രാമത്തിൽ അക്രമികൾ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് ഈ സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. കുക്കി സമുദായ നേതാവായ കിപ്‌ജെന്റെ ക്വാർട്ടേഴ്‌സ് കത്തിക്കുമ്പോൾ ആരും അവിടെ ഉണ്ടായിരുന്നില്ല. മെയ്തേയ് ആധിപത്യമുള്ള ഇംഫാൽ ഈസ്റ്റ് ജില്ലയുടെയും ആദിവാസി ഭൂരിപക്ഷമുള്ള കാങ്‌പോക്പി ജില്ലയുടെയും അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
തീപിടുത്തത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു വിഭാഗവും ഏറ്റെടുത്തിട്ടില്ല.
പുലർച്ചെ ഒരു മണിയോടെ ഇംഫാൽ ഈസ്റ്റ് ജില്ലയുടെയും കാങ്‌പോക്കി ജില്ലയുടെയും അതിർത്തിയിലുള്ള ഖമെൻലോക് പ്രദേശത്തെ കുക്കി ഗ്രാമം വളഞ്ഞ ആയുധധാരികളായ അക്രമികൾ ആക്രമണം അഴിച്ചുവിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നുണ്ടായ വെടിവയ്പിൽ ഇരുവിഭാഗത്തിനും ആളപായവും പരിക്കുകളും ഉണ്ടായി.
മണിപ്പൂരിലെ 16 ജില്ലകളിൽ 11 എണ്ണത്തിലും കർഫ്യൂ നിലവിലുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനത്തുടനീളം ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
മണിപ്പൂരിൽ ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട മെയ്തെയ് , കുക്കി സമുദായക്കാർ തമ്മിലുള്ള വംശീയ കലാപത്തിൽ ഇത് വരെ 100-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും 310 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.