തെലങ്കാനയില്‍ മുഖ്യമന്ത്രിയും ദേശീയതലത്തില്‍ പ്രധാന പ്രതിപക്ഷ സഖ്യത്തിനായി ശ്രമിക്കുന്ന ആളുമായ കെ.ചന്ദ്രശേഖര റാവുവിന് കനത്ത ആഘാതമേല്‍പിച്ചുകൊണ്ട് വന്‍ നേതൃനിര തിങ്കളാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് തെലങ്കാന. 12 മുന്‍ മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ 35 നേതാക്കളാണ് ബി.ആര്‍.എസില്‍ നിന്നും അടര്‍ന്നു മാറി കോണ്‍ഗ്രസിലേക്കെത്തിയത്. പാര്‍ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസില്‍ ഇവര്‍ ചേര്‍ന്നത്.

പട്‌നയിൽ നടന്ന രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ ബിആർഎസ്
മാറിനിന്നിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിആർഎസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഗണ്യമായ എണ്ണം സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെ ഫലപ്രദമായ തുടക്കം കുറിക്കാൻ ശ്രമിക്കുമെന്നും കെസിആർ സൂചിപ്പിച്ചു.

ഇതിനു ശേഷമാണ് ഇപ്പോൾ നേതാക്കൾ കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ച യോഗത്തിൽ രാജ്യത്തെ മിക്കവാറും എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളും പങ്കെടുത്തിരുന്നു.
മുൻ എംപി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, മുൻ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുൻ എംഎൽഎമാരായ പനയം വെങ്കിടേശ്വര്‌ലു, കോരം കനകയ്യ, കോട്ട റാം ബാബു തുടങ്ങിയവരാണ് ഇന്ന് കോൺഗ്രസിൽ ചേർന്നത്. ബിആർഎസ് എംഎൽഎ നർസ റെഡ്ഡിയുടെ മകൻ രാകേഷ് റെഡ്ഡിയും കോൺഗ്രസിൽ ചേർന്നു.