കോളേജധ്യാപികയായ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വ്വകലാശാലയയിലെ അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യതയുണ്ടെന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി, അയോഗ്യത കല്‍പിച്ച സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ സംഭവം-ഇന്ന് മലയാളത്തിലെ മിക്കവാറും എല്ലാ മാധ്യമങ്ങളും ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയായി നല്‍കിയ വാര്‍ത്തയാണിത്.
എന്നാല്‍ എല്ലാ മാധ്യമങ്ങളും ഒരു പോലെ വാര്‍ത്തയില്‍ ഒരു പ്രയോഗത്തില്‍ ഒരുമിച്ചു- വിധി പ്രിയ വര്‍ഗീസിന് ‘ആശ്വാസം’. അതായത് ഹൈക്കോടതി വിധി പ്രിയാ വര്‍ഗീസിന് വലിയ ആശ്വാസമായിരിക്കുന്നു എന്ന് ഏതാണ്ട് എല്ലാ മാധ്യമങ്ങളും, അതായത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരും വിലയിരുത്തുന്നു.
എന്നാല്‍ എങ്ങിനെയാണ് ഇത് ‘ ആശ്വാസ’മാകുന്നത് !! ഇവിടെയാണ് മാധ്യമങ്ങളുടെ ചില പദപ്രയോഗങ്ങളില്‍, ഉപയോഗിക്കുന്ന വാക്കുകളില്‍ ഒളിച്ചുവെച്ചിരിക്കുന്ന രാഷ്ട്രീയം വ്യക്തമാകുന്നത്.
ഹൈക്കോടതി വിധി പ്രിയാ വര്‍ഗീസിന് ഒരു തരത്തിലും ആശ്വാസമല്ല, തീര്‍ച്ചയായും പ്രിയയുടെ വിജയമാണ്. വിജയം എന്ന വാക്ക് പ്രയോഗിക്കാതെ ‘ആശ്വാസം’ എന്ന വാക്ക് ഉപയോഗിച്ചത് ഒട്ടും നിഷ്‌കളങ്കമായിട്ടാണെന്ന് കരുതാന്‍ കഴിയില്ല. ഈ വാക്ക് തന്നെ പ്രയോഗിച്ചതിന് പിന്നില്‍ വ്യക്തമായൊരു മനോഭാവം മാധ്യമങ്ങള്‍ക്കുണ്ട്. അത് എന്താണ്? പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിയല്ലെന്നും അവര്‍ അയോഗ്യ ആണെന്നും എന്നാല്‍ അയോഗ്യയായ അവര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ലഭിച്ച വിധി അവര്‍ക്ക് അനുകൂലമായതിനാല്‍ അത് വലിയ ആശ്വാസമായെന്നുമാണ് എല്ലാ മാധ്യമങ്ങളുടെയും വിധിയെഴുത്ത്.
വിധി എന്തെല്ലാം പറഞ്ഞാലും വിധിയാണ്. പ്രിയാവര്‍ഗീസിനെതിരായി സിംഗിള്‍ ബെഞ്ച് നടത്തിയ നിഗമനങ്ങള്‍ ഡിവിഷന്‍ ബഞ്ച് റദ്ദാക്കുകയാണ് ചെയ്തത്. ഒരാളുടെ നിയമനത്തിലെ അയോഗ്യത ഉന്നത നീതിപീഠം നീക്കിയത് അയാളുടെ വിജയമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്.!!
ഇത്രയും വക്രീകരിച്ചും പക്ഷപാതപരമായും ഈ വിധിയുടെ സ്വഭാവം റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ ഇടതുപക്ഷ സര്‍ക്കാരിനോടുള്ള വിരോധം അടങ്ങിയിട്ടുണ്ട്. ചില പ്രമുഖ മാധ്യമങ്ങള്‍ ‘അതീവ ശ്രദ്ധയോടെ’ എന്നാല്‍ ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കൊളുത്തിവിട്ട ആശ്വാസ പ്രയോഗം മറ്റ് ചെറുകിട മാധ്യമനിഷ്‌കുകളും ക്ലീന്‍ ആയി അനുകരിച്ചു. അങ്ങിനെ പ്രിയാ വര്‍ഗീസ് എന്തായാലും വിജയം നേടിയ വിധിയെ അങ്ങിനെ തുറന്നങ്ങ് പറയുന്നതിനു പകരം വെറും ആശ്വാസം മാത്രമാക്കി മാധ്യമങ്ങള്‍ മാറ്റിയിരിക്കുന്നു.
കോടതി പ്രിയക്ക് അനുകൂലമായി വിധി പറഞ്ഞപ്പോള്‍ അത് സ്വാഭാവികമായും ആ വ്യക്തിയുടെ വിജയം തന്നെയല്ലേ. അത് തുറന്നു പറയാന്‍ തക്ക നിഷ്പക്ഷത മലയാളത്തിലെ പല ‘നിഷ്പക്ഷ’ മാധ്യമങ്ങള്‍ക്കും ഇല്ല. പകരം രോഗത്തിന് ചെറിയ ആശ്വാസം കിട്ടുമ്പോലത്തെ എന്തോ ഒന്നാണ് ഇന്ന് കോടതിയില്‍ നിന്നും പ്രിയക്ക് ലഭിച്ചത് എന്നു വിധിയെ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ നോക്കിയിരിക്കുന്നത്.
ഇതു കൊണ്ടു തന്നെയാണ് മാധ്യമങ്ങളുടെ ഇടതു വിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് സി.പി.എം. കാമ്പയിന്‍ നടത്തുന്നതില്‍ സത്യം ഉണ്ടെന്നു വരുന്നത്.
ഇനി പ്രിയ ഈ കേസില്‍ വിജയിച്ചെങ്കിലും അവര്‍ ജനകീയ കോടതിയില്‍ വിശുദ്ധയാക്കപ്പെട്ടിട്ടില്ല എന്ന് നിരൂപണം ചെയ്യാനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട്. അത് അവര്‍ക്ക് ഉചിതമായി ഉപയോഗിക്കുകയും ചെയ്യാവുന്നതേയുള്ളൂ. എന്നാല്‍ വാര്‍ത്തയുടെ ഫലത്തെ വളച്ചു മാറ്റിയെഴുതുന്നത് അധമമായ മാധ്യമപ്രവര്‍ത്തനം തന്നെയാണ്.
ഹൈക്കോടതി വിധിയിലൂടെ പ്രിയക്ക് ജയം എന്ന് സിംപിള്‍ ആയി എഴുതാനുള്ള നീതിബോധവും റിപ്പോര്‍ട്ടിങ് നിഷ്പക്ഷതയും മലയാളത്തിലെ മാധ്യമങ്ങള്‍ കാണിക്കേണ്ടിയിരിക്കുന്നു. അതു വരെ സി.പി.എം. അവരെ വിമര്‍ശിച്ചാല്‍ തെറ്റൊന്നും പറയാനാവില്ല.
വാല്‍ക്കഷണം— പ്രിയാ വര്‍ഗീസിന് അനുകൂലമായ ഹൈക്കോടതി വിധിയെക്കുറിച്ച് നാളത്തെ ദേശാഭിമാനി പത്രത്തിന്റെ എഴുത്ത് ഒട്ടും നിഷ്പക്ഷമോ, വാക്കുകളുടെ പ്രയോഗം വിധിയുടെ ഉള്ളടക്കത്തെ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നതോ ആയിരിക്കണം എന്ന് ‘നിഷ്പക്ഷ’ മാധ്യമങ്ങള്‍ കരുതേണ്ടതില്ല. എന്നാല്‍ അവര്‍ക്ക് അതിനൊരു എക്‌സ്‌ക്യൂസ് ഉണ്ട്. അവര്‍ പക്ഷമുള്ള പത്രമാണ്. അതില്‍ യുക്തിയുമുണ്ട്. പക്ഷേ ജനം സത്യമറിയാന്‍ എപ്പോഴും ശ്രദ്ധിക്കുന്നത് ഈ നിഷ്പക്ഷ മാധ്യമങ്ങളെയാണ്, അവരുടെ ചെറിയ രാഷ്ട്രീയ വൈരാഗ്യപരമായ ഒളിപ്രയോഗം പോലും അതിനാല്‍ കടുത്ത അധാര്‍മിക മാധ്യമപ്രവര്‍ത്തനമാകുകയും ചെയ്യുന്നു.