കൊളംബിയയിലെ ആമസോണ്‍ കൊടുംകാടുകളില്‍ വിമാനം തകര്‍ന്ന് കാണാതായിരുന്ന സഹോദരങ്ങളായ നാല് കുട്ടികളെ 40 ദിവസത്തിനു ശേഷം കണ്ടെത്തിയ സംഭവം ലോകത്തിന് തന്നെ അത്ഭുതമായി മാറി.
13, ഒമ്പത്, നാല് വയസ്സുളളവരും പതിനൊന്ന് മാസം പ്രായമായ മറ്റൊരു കുഞ്ഞുമായിരുന്നു രക്ഷപ്പെട്ട കുട്ടികള്‍. കൊളംബിയന്‍ പ്രസിഡണ്ട് ഗുസ്താവോ പെട്രോ ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യത്തിനാകെ ആഹ്‌ളാദകരമായ വാര്‍ത്തയായി അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു.
മെയ് ഒന്നിനാണ് ഇവര്‍ കയറിയിരുന്ന സെസ്‌ന 206 വിമാനം ആമസോണ്‍ പ്രവിശ്യയിലെ അരരാകകുവാരയില്‍ നിന്ന് സാന്‍ജോസ് ഡെല്‍ ഗ്വാവിയറിലേക്ക് പറക്കുന്നതിനിടെ തകര്‍ന്നു വീണത്. എന്‍ജിന്‍ തകരാറായിരുന്നു കാരണം. ഇവരുടെ അമ്മയും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു.
മൂവരുടെയും മൃതദേഹം സൈന്യം അപകടസ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടികളെ കണ്ടെത്താനായില്ല. ഇവര്‍ ആമസോണ്‍ മഴക്കാടുകളിലേക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് നിഗമനം. തുടര്‍ന്ന് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. കുട്ടികളില്‍ ഒരാള്‍ ഉപേക്ഷിച്ചു പോയ കുപ്പി, ഒരു ജോടി കത്രിക, മുടിപ്പിന്‍ എന്നിവ തിരച്ചിലില്‍ കണ്ടെത്തി. ചെറിയ കാല്‍പ്പാടുകളും കണ്ടെത്തി. എന്നാല്‍ കുട്ടികളെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല.
ജാഗ്വാര്‍ കടുവകള്‍, വിഷപ്പാമ്പുകള്‍ എന്നിവയൊക്കെയുള്ള കൊടുംകാട്ടില്‍ കുട്ടികള്‍ എങ്ങിനെയാണ് അവരുടെ ജീവന്‍ രക്ഷിച്ച് ജീവിച്ചത് എന്നത് ഇപ്പോള്‍ ലോകത്തിന്റെ മുന്നില്‍ അത്ഭുതമായി മാറിയിരിക്കയാണ്.
കാട്ടുപഴങ്ങളെക്കുറിച്ച് കുട്ടികള്‍ക്കുണ്ടായിരുന്ന അറിവും കാടിനെ അതിജീവിച്ച് ജീവിക്കാനുള്ള അറിവുകളും കുട്ടികള്‍ക്കുണ്ടായിരുന്നതാണ് അവരെ 40 ദിവസം കൊടുംകാട്ടില്‍ ജീവന്‍ രക്ഷിച്ച് കഴിയാന്‍ സഹായിച്ചത്.