തിരുവനന്തപുരം മുതൽ ടൈം സ്ക്വയർവരെ പ്രശസ്തനായ ഉന്നത സിപിഎം നേതാവ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ തൻറെ മുറിയിൽ വെച്ച് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ ലേഖകനും ഇപ്പോൾ പ്രമുഖ വിമത സിപിഎം പക്ഷക്കാരനുമായ ജി ശക്തിധരൻ. ഫെയ്സ്ബുക് പോസ്റ്റിലൂടെ ശക്തിധരൻ ഉന്നയിച്ച ആരോപണം ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അന്ന് പണം കൊണ്ടുപോയത് കൈതോലപ്പായയിൽ പൊതിഞ്ഞാണ്. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണ് പണം കൊണ്ടുപോയതെന്നും ശക്തിധരൻ ആരോപിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് വെളിപ്പെടുത്തി. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലയിലാണ് ആരോപണം.

കൊച്ചി കലൂരിലെ തൻറെ ഓഫീസിലെ മുറിയിൽ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാൻ താൻ സഹായിച്ചുവെന്ന് പോസ്റ്റിൽ പറയുന്നു. വൻ തോക്കുകളിൽ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്. രണ്ട് കോടി 35000 രൂപയാണ് ഉണ്ടായിരുന്നത്. തന്റെ ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചത്-ശക്തിധരൻ അവകാശപ്പെടുന്നു.
തിരുവനന്തപുരം മുതൽ ടൈം സ്ക്വയർവരെ പ്രശസ്തനായ നേതാവാണിത് . ഒരിക്കൽ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുണ്ട്. ഇതിൽ ഒരു കവർ പാർട്ടി സെൻററിൽ ഏൽപ്പിച്ചു. ഈ പെട്ടി തുറന്ന് ഓഫീസ് സ്റ്റാഫ് മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തിൽ പണം എണ്ണിയപ്പോൾ പത്ത് ലക്ഷം രൂപയുണ്ടായിരുന്നു. നേതാവ് കൊണ്ടുപോയ കവറിലും ഇത്ര തന്നെ തുകയുണ്ടായിരുന്നിരിക്കണം. തനിക്കെതിരായി ഇനിയും സൈബർ ആക്രമണം തുർന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും — ശക്തിധരൻറെ പോസ്റ്റ് ഇങ്ങനെ പറയുന്നതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
ശക്തിധരൻറെ ആക്ഷേപം കോൺഗ്രസ് ഏറ്റെടുത്തു. ആരോപണം അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ശക്തിധരന്റെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കണമെന്ന് ബെന്നി ബഹന്നാൻ ആവശ്യപ്പെട്ടു. കെ.സുധാകരനെതിരായി ഉയര്‍ന്നിരിക്കുന്ന സാമ്പത്തിക ആരോപണത്തിന് തിരിച്ചടിയായി ശക്തിധരന്റെ ആരോപണത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന രീതിയിലുള്ള പ്രതികരണമാണ് ബെന്നിയുടെത്.