കർഷക സമരത്തിനിടെ സർക്കാരിനെ വിമർശിക്കുന്ന അക്കൗണ്ടുകൾ നിയന്ത്രിക്കാനുള്ള ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ ട്വിറ്റർ പ്ലാറ്റ്‌ഫോം അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയിരുന്നതായി ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസിയുടെ ടിവി അഭിമുഖ വെളിപ്പെടുത്തൽ വൻ വിവാദമായി. കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്സും സിപിഎമ്മും രംഗത്ത് വന്നു. “എതിർപ്പിന്റെ ശബ്ദങ്ങൾ സർക്കാർ പതിവായി അടിച്ചമർത്തുകയാണ്.”–കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റർ നിരോധിച്ചതായി ശ്രീനേറ്റ് പറഞ്ഞു.
മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയതു കൊണ്ട് സത്യം മറച്ചു വയ്ക്കാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രസ്താവിച്ചു . കർഷക സമരവുമായി ബന്ധപ്പെട്ട് മോദി സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിക്കാൻ സമ്മർദമുണ്ടായെന്ന് ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലുകളോടെ പ്രതികരിക്കുകയായിരുന്നു യെച്ചൂരി. “മാധ്യമങ്ങളെ അതിക്രൂരമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. വിയോജിപ്പുകളെ വിരട്ടുന്നു, മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും കള്ളക്കേസുണ്ടാക്കി ജയിലിൽ അടയ്ക്കുകയും ചെയ്യുന്നു. എത്ര നിഷേധിച്ചാലും മാധ്യമങ്ങളുടെ ഉള്ളടക്കത്തിൽ മോദി സർക്കാർ കയ്യടക്കുന്നുണ്ടെന്നുള്ള കാര്യം മറയ്ക്കാനാകില്ല’– യെച്ചൂരി ട്വീറ്റ് ചെയ്തു.