ജയലളിതയുടെ മന്ത്രിസഭയിൽ പ്രവർത്തിച്ച കാലത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇപ്പോഴത്തെ തമിഴ്നാട് വൈദ്യുതി – എക്സൈസ് വകുപ്പു മന്ത്രി വി.സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

18 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. കുഴഞ്ഞു വീണ ബാലാജിയെ ബുധനാഴ്ച പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ട് മണിയോടെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രിയെ ഓമണ്ടുരാർ എസ്റ്റേറ്റിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് വിവരം.
അറസ്റ്റിൽ പ്രതിഷേധിച്ച് ഡിഎംകെ നേതാക്കൾ രംഗത്തെത്തി. ബാലാജിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ഡിഎംകെ ആരോപിച്ചു. ബിജെപിയുടെ വിരട്ടല്‍ രാഷ്ട്രീയത്തിൽ പേടിക്കില്ലെന്ന് മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു.
ബാലാജിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ആശുപത്രി സന്ദർശിച്ച നിയമമന്ത്രി എസ് രഘുപതി പറഞ്ഞു. ബാലാജിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് ഉടൻ തന്നെ വ്യക്തമാക്കണമെന്ന് ആശുപത്രി സന്ദർശിച്ച ഡിഎംകെ അഭിഭാഷകർ ഇഡിയോട് ആവശ്യപ്പെട്ടു.
രക്തസമ്മർദ്ദത്തിനും ഇസിജിയിലെ വ്യതിയാനത്തിനും സെന്തിൽ ബാലാജി ചികിത്സയിലാണെന്നും മന്ത്രിക്ക് ബാഹ്യ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഓമണ്ടുരാർ ആശുപത്രിയിലെ നോഡൽ ഓഫീസർ വി ആനന്ദ കുമാർ പറഞ്ഞു.