വിഭാഗീയതയും പലതരം മാഫിയാ-ലഹരിക്കടത്ത് ബന്ധങ്ങളും കൊണ്ട് വന്‍ വിവാദപരമ്പരയില്‍ വിഷയമായി മാറിയ ആലപ്പുഴ സി.പി.എമ്മില്‍ വന്‍ അച്ചടക്ക നടപടി. പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എയെയും എം.സത്യപാലനെയും ജില്ലാ സെക്രട്ടറിയറ്റില്‍ നിന്നും ജില്ലാക്കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
ലഹരിക്കടത്തില്‍ ആരോപണവിധേയനായ, ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനുമായ എ.ഷാനവാസിനെ പാര്‍ടി പുറത്താക്കി. ആകെ 37 പേര്‍ക്കെതിരെ നടപടിയുണ്ട്.
പല ഏരിയാ കമ്മിറ്റി അംഗങ്ങളെയും ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിട്ടുണ്ട്. മുന്‍ എം.എല്‍.എ.മാരായ സി.കെ.സദാശിവന്‍, ടി.കെ.ദേവകുമാര്‍, എന്നിവരെയും വി.വി. അശോകന്‍, സി.എസ്. ഉണ്ണിത്താന്‍ എന്നിവരെയും പരസ്യമായി ശാസിക്കാനും തീരുമാനിച്ചതായി അറിയുന്നു.
ആലപ്പുഴ നോര്‍ത്ത്, സൗത്ത്, ഹരിപ്പാട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയ കമ്മിറ്റികൾ ഒന്നാക്കി അഡ് ഹോക് കമ്മിറ്റി രൂപീകരിച്ച് ജില്ലാ സെക്രട്ടേറിയറ്റംഗം സി.ബി.ചന്ദ്രബാബുവിനെ സെക്രട്ടറിയാക്കി. ഹരിപ്പാട്ട് ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എച്ച്.ബാബുജാനാണ് സെക്രട്ടറിയുടെ ചുമതല. ആരോപണം ഉയര്‍ന്ന ഏരിയാകമ്മിറ്റികളില്‍ മൂന്നിടത്ത് മാത്രമാണ് നടപടി ഉണ്ടായിട്ടുള്ളത്. നാലാമത്തെ ഏരിയയായ തകഴിയിലെ കമ്മിറ്റി പിരിച്ചുവിട്ടിട്ടില്ല.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി അന്തിമമാക്കും. ചൊവ്വാഴ്ചത്തെ ജില്ലാ കമ്മിറ്റിയിലും എം.വി.ഗോവിന്ദന്‍ പങ്കെടുക്കും.
പാര്‍ടിയുടെ കഴിഞ്ഞ അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന കീഴ് ഘടക സമ്മേളനങ്ങളില്‍ ഏരിയാ തലത്തില്‍ വ്യാപകമായി വിഭാഗീയത ഉണ്ടായ ജില്ലയായിരുന്നു ആലപ്പുഴ. നാല് ഏരിയാസമ്മേളനങ്ങളില്‍ വിഭാഗീയത നിറഞ്ഞിരുന്നതായി സി.പി.എം. വിലയിരുത്തി. അവയെക്കുറിച്ചന്വേഷിക്കാന്‍ കമ്മീഷനെയും നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍.