ലുങ്കിയും നൈറ്റിയും വീട്ടിനകത്തെ വസ്ത്രമാണെന്നും അവ ധരിച്ച് പുരുഷന്‍മാരും സ്ത്രീകളും വീടിനു പുറത്തിറങ്ങാന്‍ പാടില്ലെന്ന് ഫ്‌ലാറ്റ് ഉടമകളുടെ സംഘടനയുടെ സര്‍ക്കുലര്‍. സമൂഹത്തില്‍ ഇറങ്ങുമ്പോള്‍ ഇത്തരം വസ്ത്രങ്ങള്‍ പാടില്ലെന്ന് യു.പി.യിലെ ഗ്രേറ്റര്‍ നോയിഡ അപ്പാര്‍ട്‌മെന്റ് അസോസിയേഷന്‍ ആണ് തിട്ടൂരം ഇറക്കിയിരിക്കുന്നത്.
‘സമാജത്തിന്റെ പരിസരത്ത് നടക്കാനുള്ള ഡ്രസ് കോഡ്’ എന്ന തലക്കെട്ടോടെയുള്ള നോട്ടീസിൽ പറയുന്നത് ഇങ്ങനെ ആയിരുന്നു.. “നിങ്ങൾ എല്ലാവരും സമൂഹത്തിൽ ഇറങ്ങുമ്പോൾ നിങ്ങളുടെ വസ്ത്രധാരണം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കുട്ടികളും നിങ്ങളിൽ നിന്ന് പഠിക്കുന്നു. അതിനാൽ വീടിനുള്ളിൽ ധരിക്കുന്ന ലുങ്കിയോ നൈറ്റിയോ പുറത്ത് ഉപയോഗിക്കരുതെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു.”
ആരോപണവിധേയമായ നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നെറ്റിസൺമാർ അവരുടെ പ്രതിഷേധവുമായി രംഗത് വരികയും അറിയിപ്പ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ട്വിറ്ററിലെ ഒരു ഉപയോക്താവ് എഴുതി- “സ്വന്തം സൊസൈറ്റി കോമ്പൗണ്ടിലെ വീടുകളിൽ ആളുകൾ എന്ത് ധരിക്കണമെന്ന് ഇവരാണോ നിർദേശിക്കുക. അവർക്ക് ഇന്ത്യൻ കാലാവസ്ഥയെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ?”
നോട്ടീസ് ഉത്തരവല്ലെന്നും അഭ്യർത്ഥന മാത്രമാണെന്നും റസിഡന്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സികെ കൽറ പറഞ്ഞു. ലുങ്കി ധരിച്ച് ഇരിക്കുന്നവരുടെ പ്രശ്‌നം ഉന്നയിച്ച് സൊസൈറ്റിയിലെ നിരവധി സ്ത്രീകളിൽ നിന്ന് തനിക്ക് പരാതി ലഭിച്ചതായി കൽറ പറഞ്ഞു.
പ്രതിഷേധം കനത്തതോടെ വിവാദ നിര്‍ദ്ദേശം നാലു ദിവസത്തിനു ശേഷം പിന്‍വലിച്ച് തലയൂരുകയാണ് അപ്പാര്‍ട് മെന്റ് ഉടമകളുടെ സംഘടന ചെയ്തത്. വസ്ത്രധാരണം നിയന്ത്രിക്കാനുള്ള ചില കേന്ദ്രങ്ങളുടെ മനോഭാവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് അടുത്ത കാലത്തായി രാജ്യത്തെ എല്ലായിടത്തും ഉണ്ടാവുന്നത്. ഇതിന്റെ സമീപകാല ഉദാഹരണമായി നോയിഡ സംഭവം മാറുന്നു.