നായര്‍ സ്ത്രീകള്‍ക്ക് ബ്ലൗസ് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കിനെതിരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയ ദേവകി നമ്പീശന്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തൃശ്ശൂരില്‍ അന്തരിച്ചു. അവര്‍ക്ക് 89 വയസ്സായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവും മുൻ എംഎൽഎയുമായ പരേതനായ എഎസ്എൻ നമ്പീശന്റെ ഭാര്യയാണ് ദേവകി.
മാറ് മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടാൻ വേലൂരിലും തൃശൂർ ജില്ലയുടെ മറ്റു ഭാഗങ്ങളിലും ദലിത് സ്ത്രീകൾക്കിടയിൽ ദേവകി പ്രവർത്തിച്ചു.
വേലൂരിനടുത്തുള്ള മണിമലർകാവ് ക്ഷേത്രത്തിലെ വാർഷിക ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത നായർ സ്ത്രീകൾക്ക് മുലകൾ മറയ്ക്കുന്നത് തടഞ്ഞ ആചാരത്തിനെതിരെയാണ് 1956-ലെ സമരം നടന്നത്. ഇത് പിന്നീട് ‘വേലൂർ മാറു മറയ്ക്കൽ സമരം’ എന്നറിയപ്പെട്ടു.
അക്കാലത്ത് നായർ സ്ത്രീകൾക്ക് ക്ഷേത്രാചാരങ്ങളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നുവെങ്കിലും ദളിത് സ്ത്രീകളെ ചടങ്ങിൽ പങ്കെടുക്കാൻ പോലും അനുവദിച്ചിരുന്നില്ല.
ദേവകിയും മറ്റ് നേതാക്കളും ദളിത് സ്ത്രീകളെ ബ്ലൗസ് ധരിച്ച് ചടങ്ങിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചു. നായർ സ്ത്രീകൾക്കു പക്ഷേ മുലകൾ മറയ്ക്കാതെ ചടങ്ങിൽ പങ്കെടുക്കേണ്ടി വന്നു.
1956-ൽ ദേവകിക്ക് ഉത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും നിലവിലുള്ള വ്യവസ്ഥിതിയെ ധിക്കരിച്ച് ക്ഷേത്രാചാരങ്ങളിൽ പങ്കെടുത്ത സ്ത്രീകളെ ഒരുമിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ക്ഷേത്ര അധികാരികൾ ദളിത് സ്ത്രീകൾക്ക് ആചാരാനുഷ്ഠാനങ്ങൾ നടത്താൻ അനുമതി നൽകിയതോടെ ഈ പ്രസ്ഥാനം വിജയിച്ചു. ക്ഷേത്രങ്ങളിൽ സ്ത്രീകൾ ബ്ലൗസ് ധരിച്ചു പ്രവേശിക്കുന്നത് തടയുന്ന രീതിയും ഇതോടെ അവസാനിപ്പിച്ചു.