ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ഒരു ഗ്രാമത്തിൽ നല്ല വസ്ത്രവും സൺഗ്ലാസും ധരിച്ചതിന്റെ പേരിൽ ദളിത് യുവാവിനെ ഒരു കൂട്ടം ഉയർന്ന ജാതിക്കാർ മർദിച്ച് അവശനാക്കി. ചൊവ്വാഴ്‌ച രാത്രി പാലൻപൂർ താലൂക്കിലെ മോട്ട ഗ്രാമത്തിലാണ് സംഭവം. യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയും ആക്രമണത്തിനിരയായി ആശുപത്രിയിൽ ചികിത്സയിലാണ്.
വസ്ത്രവും കണ്ണടയും ധരിച്ചതിൽ പ്രതിഷേധിച്ച് തന്നെയും അമ്മയെയും മർദിച്ചെന്ന് ആരോപിച്ച് ജിഗർ ഷെഖാലിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഏഴ് പേർക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്തു . പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.