ഇംഗ്ലീഷ് അധ്യാപികയായിരുന്ന മന്ത്രി ആര്‍. ബിന്ദു പറഞ്ഞ ഒരു ഇംഗ്ലീഷ് വാക്കിന്റെ സൗന്ദര്യമില്ലായ്മയില്‍ പിടിച്ച് സൈബര്‍ ഇടങ്ങളില്‍ വലിയ പരിഹാസങ്ങള്‍ പൊടിപൊടിക്കുകയാണ്. ഇന്‍ഡ്യ ടുഡേ സംഘടപ്പിച്ച കോണ്‍ക്ലേവില്‍ ആര്‍.ബിന്ദു സംസാരിച്ചപ്പോള്‍ പറഞ്ഞ ഒരു വാക്കിലാണ് പരിഹാസം. പൊതുപ്രവര്‍ത്തകയും ഇപ്പോള്‍ മന്ത്രിയുമായ ബിന്ദുവില്‍ ഒരു വീട്ടമ്മയും കുടുംബിനിയും കൂടിയുണ്ട്, ഇതെക്കുറിച്ചായിരുന്നു മോഡറേറ്ററുടെ ചോദ്യം. ഒരു പാട് പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ സംബന്ധിച്ച് പ്രസക്തമായ ചോദ്യം.
ഇതിന് ഏറ്റവും കൃത്യമായ ഉത്തരമാണ് ബിന്ദു പറഞ്ഞത്. അതൊരു പരുപരുത്ത യാഥാര്‍ഥ്യമായിരുന്നു. സാഹിത്യം സംസാരിക്കാനുള്ള ചോദ്യമായിരുന്നില്ല ബിന്ദുവിനോട് ചോദിക്കപ്പെട്ടത്. മോടിപിടിപ്പിച്ച് ആലങ്കാരികമായി പറയേണ്ടതല്ലാത്ത ഉത്തരം തന്നെയായിരുന്നു അത്. അതിനു യോജിച്ച സാധാരണ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത്.
‘ Where ever i go, i take my house in my head’ ഇതായിരുന്നു ബിന്ദുവിന്റെ ഉത്തരം. ഈ വാചകത്തില്‍ ഹൗസ് എന്നല്ല ഹോം എന്നായിരുന്നു ഉപയോഗിക്കേണ്ടിയിരുന്നത് എന്നും ഇംഗ്ലീഷ് അധ്യാപികയായ ബിന്ദുവിന് അതു പോലുമറിയില്ല എന്നും സൂചിപ്പിക്കും വിധമുള്ള വിവാദത്തിന് തുടക്കമിട്ടത് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ്.
i take my home in my head എന്നത് , അതായത് house എന്നതിനു പകരം home എന്ന പ്രയോഗംകൂടുതല്‍ മനോഹരമായ, ഉചിതമായ ഒന്നാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ house എന്നത് ഒരിക്കലും തെറ്റായ പ്രയോഗമല്ലെന്നും ഇംഗ്ലീഷെഴുത്തിന്റെ വല്ലഭനായ വില്യം ഷെയ്ക്‌സ്പിയര്‍ പോലും ഇങ്ങനെ പ്രയോഗിച്ചിട്ടുണ്ടെന്നും ചില ഇംഗ്ലീഷ് അധ്യാപകര്‍ പറയുന്നു.
ഹൗസ് എന്നാല്‍ കെട്ടിടം മാത്രമേ ആകുന്നുള്ളൂ എന്നും ബിന്ദു ഉദ്ദേശിച്ചത് വീട് എന്ന ഉത്തരവാദിത്വവും വികാരവും കൂടിയാണ് എന്നതാണ് അക്കാദമിക്കലായി ഉയര്‍ത്താവുന്ന വിമര്‍ശനം. അത് ശരിയാണു താനും. ഇംഗ്ലീഷ് ക്ലാസിലാണെങ്കില്‍ ഇപ്പറഞ്ഞത് വേണം. പക്ഷേ സംസാരിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം സൂക്ഷ്മമായ കാര്യങ്ങള്‍ക്കപ്പുറം പെട്ടെന്ന് മനസ്സില്‍ വരുന്ന ആശയങ്ങളെ മാത്രം പരിഗണിക്കയേ വേണ്ടൂ എന്നതാണ് യുക്തി.
ഒരു സംവാദവേളയില്‍, പ്രതികരണങ്ങളും ചോദ്യങ്ങളുമായി മുന്നേറുന്ന വേളയില്‍ സാഹിത്യഭംഗിയും മനോഹാരിതയുമെല്ലാമുള്ള പദങ്ങള്‍ തന്നെ ഉപയോഗിച്ചാലേ പറ്റൂ എന്നുള്ള ഫ്യൂഡല്‍ ബോധത്തില്‍ നിന്നാണ് ഇത്തരം പരിഹാസങ്ങള്‍ രൂപം കൊള്ളുന്നത്. സന്ദീപ് വാചസ്പതി ഇതിന്റെ ഉദ്ഘാടകനായതില്‍ ഒട്ടും അത്ഭുതമില്ല. ഈ സാക്ഷര സുന്ദര കേരകേദാര ഭൂമിയില്‍ ഇപ്പോള്‍ എന്ത് തരംതാണ വര്‍ത്തമാനം പറഞ്ഞാലും അതേറ്റുപിടിക്കാന്‍ പ്രബുദ്ധമലയാളി ഒരുങ്ങിയിരിപ്പാണല്ലോ.! ഒരു ചോദ്യോത്തര വേദിയില്‍, ഭാഷയിലെ ഭംഗിക്കാണോ അതോ ആശയത്തിലെ തെളിമയ്ക്കാണോ പ്രധാന്യം?
ഇത് മനസ്സിലാക്കിത്തന്നെയാവാം മന്ത്രി ബിന്ദു തനിക്കെതിരായി സമൂഹമാധ്യമങ്ങളില്‍ വരുന്ന പരിഹാസങ്ങളെപ്പറ്റി ചില കൊളോണിയല്‍ ബുദ്ധികള്‍ നടത്തുന്ന പരിഹാസങ്ങള്‍ എന്ന് പ്രതികരിച്ചിരിക്കുന്നത്. അവര്‍ നടത്തിയ പ്രതികരണം ഇതാണ്-‘ ഒരു പൊതുവേദിയിൽ ഞാൻ പറഞ്ഞതിനെ ചില “കൊളോണിയൽ ബുദ്ധികൾ’ പരിഹസിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഞാൻ യഥാർത്ഥത്തിൽ ഇതാണ് പറഞ്ഞത്. (ഇത് ലിംഗ വിഭജനത്തെക്കുറിച്ച്) ഈ വീഡിയോ കേൾക്കാം. “
ബിന്ദു തന്റെ ട്വിറ്റര്‍ പ്രതികരണത്തോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കാണുക. അവര്‍ സംസാരിച്ചത് എന്ത് എന്നും അതിന്റെ സന്ദര്‍ഭവും അതില്‍ നിന്ന് വ്യക്തം. അത് കാണുന്നവര്‍ക്ക് കാര്യം മനസ്സിലാകും. ആര്‍.ബിന്ദു എന്താണ് തെറ്റായി പറഞ്ഞത് എന്ന് ഈ വീഡിയോ കണ്ട ശേഷം തീരുമാനിക്കുക.
ആര്‍.ബിന്ദുവിന്റെ പല നിലപാടുകളോടും കടുത്ത വിയോജിപ്പുള്ളയാളാണ് ഇതെഴുതുന്നത്. എന്നാല്‍ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന നിലപാട് സംഘപരിവാര്‍ ആലയില്‍ മൂര്‍ച്ഛ കൂട്ടാന്‍ വെച്ച കഠാര പോലെയാണ് എന്ന് പല നിഷ്‌കു മതേതര മലയാളികളും അറിയാതെ പോകുന്നുണ്ട്.
“ജൈവബുദ്ധി ജീവി” എന്ന പ്രയോഗത്തിലൂടെ ബിന്ദു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സൈബറിടത്ത് ഏറ്റുവാങ്ങിയ പരിഹാസങ്ങള്‍ ടണ്‍ കണക്കിനാണ്. അത്തരം നിലപാടു പദങ്ങളോട് വിമര്‍ശനം ഉയര്‍ത്തുന്നവര്‍ എന്തിനും അവരെ പരിഹസിക്കുന്നതിനു കാരണം മറ്റെവിടെയും തേടേണ്ടതില്ല എന്നത് വേറെ കാര്യം.