സര്‍ക്കാര്‍ വിരുദ്ധ കാമ്പയിന്‍ നടത്തുന്നത് ഗൂഢാലോചനയാണെന്നും അത് കൊണ്ടുനടന്നാല്‍ മാധ്യമങ്ങള്‍ക്കെതിരെ ഇനിയും കേസെടുക്കുമെന്നും അത് കേന്ദ്രസര്‍ക്കാരിന്റെ മാധ്യമ വിരുദ്ധ സമീപനവുമായി താരതമ്യപ്പെടുത്തേണ്ടെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
സർക്കാർ- എസ് എഫ് ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്നും ഇതിന് മുൻപും കേസെടുത്തിട്ടുണ്ടെന്നും എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തത് അവർ ഗൂഢാലോചനയുടെ ഭാഗമായതിനാലാണെന്ന് ഗോവിന്ദൻ പറഞ്ഞു. ഗൂഢാലോചനകൾ കൈകാര്യം ചെയ്യപ്പെടണം. കേസിന്റെ മെറിറ്റിലേയ്ക്ക് പോകുന്നില്ല. മാദ്ധ്യമപ്രവർത്തക വാർത്ത റിപ്പോർട്ട് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമായാണ്. വെറുതെ അത്തരത്തിലൊരു വാർത്ത വരില്ല. ഗൂഢാലോചന നടത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരും.”– സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഗൂഢാലോചന കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗം കോർഡിനേറ്റർ വിനോദ് കുമാറാണ് ഒന്നാംപ്രതി. കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയ് രണ്ടാം പ്രതിയും കെ എസ് യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയുമാണ്. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സി എ ഫൈസൽ ആണ് നാലാംപ്രതി. വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതി ആക്കിയാണ് കേസ്. ഇതിനെതിരെ പ്രതിഷേധം ഉയർന്നപ്പോഴാണ് സിപിഎം സെക്രട്ടറി പ്രതികരണവുമായി രംഗത്ത് വന്നത്.