പരസ്‌പര തർക്കം തുടരുന്നതിനിടെ അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ചെെന ആവശ്യപ്പെട്ടു . ഈ മാസം തന്നെ രാജ്യം വിടണമെന്ന് പി ടി ഐ റിപ്പോർട്ടറോടാണ് ചെെനീസ് അധികൃതർ ആവശ്യപ്പെട്ടത്. നാല് ഇന്ത്യൻ മാധ്യമ പ്രവർത്തകരാണ് ഈ വർഷം തുടക്കത്തിൽ ചെെനയിൽ ഉണ്ടായിരുന്നത്. ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ടർ നേരത്തെ ചെെന വിട്ടു. പ്രസാർ ഭാരതി, ദ ഹിന്ദു എന്നിവരുടെ റിപ്പോർട്ടർമാരുടെ വിസ പുതുക്കാൻ ഏപ്രിലിൽ ചെെന തയാറായില്ല. പിന്നാലെയാണ് നാലാമത്തെ മാധ്യമപ്രവർത്തകനോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.
ഇതിനു പകരം എന്നോണം ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസി സിൻഹുവ ന്യൂസ്, ചെെന സെൻട്രൽ ടെലിവിഷൻ എന്നിവയിലെ രണ്ടു മാധ്യമ പ്രവർത്തകരുടെ വിസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യയും തള്ളിയിരുന്നു.
ബീജിംഗും ന്യൂഡൽഹിയും പരസ്പരം റിപ്പോർട്ടർമാരെ പുറത്താക്കുന്ന കാഴ്ചയാണ് ഇപ്പോൾ. രണ്ടു പ്രമുഖ ഏഷ്യൻ സാമ്പത്തിക ശക്തികളും ഒപ്പം അയൽക്കാരുമായ രാഷ്ട്രങ്ങൾ തമ്മിലുള്ള ഭിന്നത രൂക്ഷമാണ് എന്നാണ് ഇത് നൽകുന്ന സൂചന.