മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ കോളേജ് കോഴ്സ് കോർഡിനേറ്റർ ഒന്നാം പ്രതിയും പ്രിൻസിപ്പൽ രണ്ടാം പ്രതിയും ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തക അഞ്ചാം പ്രതിയുമായി കൊച്ചി പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഗൂഢാലോചന കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. കോളേജിലെ ആർക്കിയോളജി വിഭാഗം കോർഡിനേറ്റർ വിനോദ് കുമാറാണ് കേസിൽ ഒന്നാംപ്രതി. പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയുമാണ്. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സി.എ. ഫൈസൽ നാലാംപ്രതിയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതിയുമാണ്.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു എന്ന കാര്യത്തിന്റെ പേരില്‍ കേസില്‍ മാധ്യമ പ്രവര്‍ത്തകയെ പ്രതിയാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണ്. കേരളം എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ കെഎസ്‌യു നേതാവ്, ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ജനാധിപത്യ കേരളത്തിന് നാണക്കേടാ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവർത്തകർ നീങ്ങുമെന്നും യൂണിയൻ അറിയിച്ചു.