ഇന്ത്യൻ മുസ്ലീം സമുദായത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് അൽ-ജസീറ ടിവി ചാനലിനെ അലഹബാദ് ഹൈക്കോടതി വിലക്കി. ‘ഇന്ത്യ, ആരാണ് ഫ്യൂസ് കത്തിച്ചത്?’ എന്ന തലക്കെട്ടിൽ ഒരു ഫിലിം ഡോക്യുമെന്ററി ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിൽ നിന്ന് അൽ ജസീറ മീഡിയ നെറ്റ്‌വർക്കുകളെ വിലക്കിയാണ് ബുധനാഴ്ച ഉത്തരവ് ഇറങ്ങിയത്. ഒരു പൊതുതാൽപര്യ ഹർജിയിലായിരുന്നു ഉത്തരവ്.
സാമൂഹിക പ്രവർത്തകനായ സുധീർ കുമാർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച ജസ്റ്റിസ് അശ്വനി കുമാർ മിശ്ര, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിഷയത്തിൽ അടുത്ത വാദം കേൾക്കുന്നതിനായി കേസ് ജൂലൈ 6 ന് മാറ്റി. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും അൽ ജസീറ മീഡിയ നെറ്റ്‌വർക്കുകൾക്കും മറുപടികൾ ഫയൽ ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്തു.
ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷം ഭയത്തോടെ ജീവിക്കുന്നതായി ചിത്രീകരിക്കുന്നു എന്നാണ് ഹർജിക്കാരന്റെ ആരോപണം. ഇത് യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ് എന്നും ഹർജിയിൽ പറയുന്നു. ഭരണഘടനാപരവും നിയമപരവുമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ചിത്രം സംപ്രേക്ഷണം ചെയ്യുന്നത് പൊതു ക്രമത്തെയും അതുവഴി ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുമെന്ന ആശങ്കയും ഹർജിക്കാരൻ ഉന്നയിച്ചു.
പൊതുതാൽപര്യ ഹർജി പരിഗണിച്ച് സിനിമ/ഡോക്യുമെന്ററി റിലീസ് ചെയ്യുന്നതിൽ നിന്ന് ചാനലിനെ കോടതി തടയുകയും ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ച് ആവശ്യമായ സർട്ടിഫിക്കേഷൻ നൽകിയില്ലെങ്കിൽ സിനിമ സംപ്രേക്ഷണം ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിണമെന്നു കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു.