Categories
kerala

എ-യും ഐ-യും ഒരുമിച്ച് വി.ഡി.സതീശനെതിരെ കളത്തില്‍…കോണ്‍ഗ്രസില്‍ പടനീക്കം പുതിയ രൂപത്തില്‍

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കോണ്‍ഗ്രസില്‍ ഗ്രൂപ്പു പോര് മറന്ന് ഒരുമിച്ച് നീങ്ങുന്ന എ,ഐ വിഭാഗങ്ങള്‍ പുതിയ കാഴ്ചയായി മാറുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ നിയോഗിച്ചതില്‍ തങ്ങള്‍ പിന്തള്ളപ്പെട്ടുവെന്ന പരാതി എ-ഗ്രൂപ്പിനും ഐ-ഗ്രൂപ്പിനും ഉണ്ടായതാണ് പുതിയ സംഭവവികാസത്തിലേക്ക് നയിച്ചത്. കോണ്‍ഗ്രസില്‍ സതീശനും സുധാകരനും കെ.സി.വേണുഗോപാലും ചേര്‍ന്ന് സംസ്ഥാനത്ത് പുതിയ ഒരു സമവാക്യം ഉണ്ടാക്കിയിരിക്കുന്നു എന്നതാണ് പരമ്പരാഗത ഗ്രൂപ്പുകളുടെ ആരോപണം. പുതിയ ഗ്രൂപ്പായി മാറിയിട്ടില്ലെങ്കിലും സതീശന്‍-സുധാകരന്‍-വേണുഗോപാല്‍ സംഘം പരമ്പരാഗത ഗ്രൂപ്പുകളെ പറ്റിച്ചിരിക്കയാണ് പുനസ്സംഘടനയില്‍ എന്നും എ,ഐ ഗ്രൂപ്പുകള്‍ വിശ്വസിക്കുന്നു.

സത്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍വലിയലോടെ എ-ഗ്രൂപ്പിന് ദേശീയ തലത്തില്‍ വാദിക്കാനും നില്‍ക്കാനും കേരളത്തില്‍ ആളില്ലാത്ത അവസ്ഥയുള്ളപ്പോള്‍ ഐ-ഗ്രൂപ്പില്‍ അതല്ല സ്ഥിതി. ദേശീയ തലത്തില്‍ തന്നെ നല്ല പിടിപാടും സ്വാധീനവുമുള്ള രമേശ് ചെന്നിത്തല ഐ-ഗ്രൂപ്പിന്റെ നായകനായി ഉണ്ട്. അതു കൊണ്ടു തന്നെ ഐ ഗ്രൂപ്പിനോട് ചേര്‍ന്ന് നിന്ന് യോജിച്ച് ദേശീയ നേതൃത്വത്തെ പരാതിയുമായി സമീപിക്കാനാണ് എ-ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇരു ഗ്രൂപ്പുകളുടെയും സംയുക്ത യോഗം ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന് ഒരുമിച്ചു നീങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷനെ നേരിട്ടു കണ്ട് പരാതി പറയാന്‍ അടുത്ത ആഴ്ച നേതാക്കള്‍ പോകുകയാണ്.
ഇത്തരമൊരു നീക്കം കോണ്‍ഗ്രസില്‍ മുന്‍പ് ഇല്ലാത്തതാണ്. മാത്രമല്ല ഇരു ഗ്രൂപ്പുകളും ഒരുമിച്ച് ഒരേ പരാതി ഉയര്‍ത്തിയാല്‍ ദേശീയ നേതൃത്വം അത് വളരെ ഗൗരവമായി കാണും. മാത്രമല്ല സതീശനും സുധാകരനും അനുകൂലമല്ലാത്ത രീതിയില്‍ ദേശീയ നേതൃത്വത്തില്‍ നിന്നും ഗൗരവത്തിലുള്ള നീക്കത്തിന് വരെ സാധ്യത ഉണ്ട്.
രമേശ് ചെന്നിത്തല, എം.എം.ഹസ്സന്‍, ബെന്നി ബഹനാന്‍, ജോസഫ് വാഴയ്ക്കന്‍, കെ.സി.ജോസഫ് എം.കെ.രാഘവന്‍ എന്നിവര്‍ ഇന്നലത്തെ യോഗത്തില്‍ പദ്ധതികള്‍ പ്ലാന്‍ ചെയ്തു എന്നാണ് വിവരം. എ.വിഭാഗത്തിലെ നേതാവായ ബെന്നി ബഹനാന്‍ പരസ്യമായി പുതിയ ഗ്രൂപ്പ് ആരെങ്കിലും ഉണ്ടാക്കുകയാണെങ്കില്‍ പഴയ ഗ്രൂപ്പുകളും വീണ്ടും ഉയിര്‍ത്തു വരുമെന്ന് ഭീഷണി രൂപത്തില്‍ ഇന്നലെ പ്രതികരിക്കുകയും ചെയ്തു.

ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസില്‍ മികച്ച ഗ്രൂപ്പു പോരിനാണ് കളം ഒരുങ്ങുന്നത്. എന്നാല്‍ കെ.സി.വേണുഗോപാല്‍ ദേശീയതലത്തില്‍ സംഘടനാ ജനറല്‍ സെക്രട്ടറിയാണെന്നത് സതീശനും സുധാകരനും വലിയ പിടിവള്ളിയാണ്. ഈ ആനുകൂല്യം പ്രതിേേരാധിക്കാന്‍ രമേശ് ചെന്നിത്തലയെയാണ് എ,ഐ ഗ്രൂപ്പുകള്‍ ഉപയോഗിക്കാന്‍ പോകുന്നത്.

സതീശനെതിരെ കോണ്‍ഗ്രസില്‍ തന്നെ പടപ്പുറപ്പാട് നടക്കുന്ന സമയം നോക്കി സംസ്ഥാനസര്‍ക്കാരും സതീശനെതിരെ വിജിലന്‍സ് കേസുമായി നീങ്ങുകയാണ്. ഈ കേസില്‍ സതീശനെ വലിയതായി പ്രതിരോധിക്കാന്‍ ഈ സമയത്ത് എ,ഐ ഗ്രൂപ്പുകള്‍ നില്‍ക്കില്ലെന്ന നിഗമനത്തിലാണ് സര്‍ക്കാരിന്റെ നീക്കം. സര്‍ക്കാരിനെ കുറ്റപ്പെടുത്തി ശക്തമായി മുന്നോട്ടു വരാന്‍ ആരും തയ്യാറാവില്ലെന്ന പഴുതാണ് സര്‍ക്കാര്‍ മുന്നില്‍ കാണുന്നത്.

Spread the love
English Summary: A I GROUPS IN CONGRESS JOINTLY AGAINST SATHEESAN AND SUDHAKARAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick