Categories
kerala

താനൂര്‍ ദുരന്തം: അപകടമണി മുഴങ്ങുന്നത് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍

ജലകേളീ വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികളില്‍ താനൂര്‍ ബോട്ട് ദുരന്തം നല്‍കുന്ന അപകട മുന്നറിയിപ്പ് ഇനി നീളേണ്ടത് പ്രധാനമായും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേക്ക്. ഈ രണ്ടു ജില്ലകളിലും ആഭ്യന്തര വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കാനായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ മഹാഭൂരിപക്ഷവും ഈ ജില്ലകളിലെ ജലസമൃദ്ധമായതും ആഴമേറിയതുമായ നദികള്‍ കേന്ദ്രീകരിച്ചാണ്. ഇവിടെ ജലകേളീ വിനോദങ്ങളിലെ പങ്കാളികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ അപകടമുണ്ടായിട്ടുള്ള താനൂരിലേതിനു സമാനമായി സ്വകാര്യ സംരംഭകരാണ് എന്നതും സവിശേഷ ശ്രദ്ധ പതിയേണ്ട സംഗതിയാണ്.

ടൂറിസം പ്രോല്‍സാഹനത്തിന് സ്വകാര്യ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം അശ്രദ്ധയുടെയും നിയമലംഘനത്തിന്റെയും വഴിയിലേക്ക് നീങ്ങുന്നത് മലബാറിലെ ജലപ്പരപ്പിലും അന്യമല്ല. മലബാറില്‍ ടൂറിസം വികസനത്തിന്റെ വഴികള്‍ അവിടുത്തെ ജലസമൃദ്ധമായ പുഴകളിലൂടെയാണ് കടന്നു വന്നിട്ടുള്ളത്. ഇത്രനാളും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ വലിയ നിറമുള്ള കേന്ദ്രങ്ങളായിരുന്നില്ല. അതിന് പരിഹാരമായി ഉയര്‍ത്തിക്കൊണ്ടുവന്ന പദ്ധതിയായിരുന്നു മലനാട് മലബാര്‍ റിവര്‍ ക്രൂയീസ് പദ്ധതി.

thepoliticaleditor

കോടിക്കണക്കിന് രൂപയുടെ പദ്ധതിയായിരുന്നു ഇത്. പുഴയും കായലും കണ്ടല്‍ക്കാടുകളും നിറഞ്ഞ, വടക്കന്‍ ജലപാതകല്‍ കേന്ദ്രീകരിച്ച് വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കാനായി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി ഒഴുകുന്ന ഏഴ് നദികളിലായി 48 ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയാണ് നടപ്പാക്കിയത്. വളപട്ടണം പുഴ, മയ്യഴിപ്പുഴ, അഞ്ചരക്കണ്ടിപ്പുഴ, കുപ്പം പുഴ, പെരുമ്പ പുഴ, തേജസ്വിനി പുഴ, ചന്ദ്രഗിരി പുഴ എന്നിങ്ങനെ അറിയപ്പെടുന്ന വലിയ നദികളും കടലിന്റെ അഴിമുഖങ്ങളും കേന്ദ്രീകരിച്ചായിരുന്നു മലബാര്‍ ക്രൂയീസ് പദ്ധതിയുടെ ഭാഗമായ സ്വദേശി ദര്‍ശന്‍ പദ്ധതി നടപ്പാക്കിയത്.

ഇതിന്റെ ഭാഗമായി ആദ്യ ബോട്ട് ടെര്‍മിനല്‍ 2021 ഫെബ്രുവരിയില്‍ വളപട്ടണം പുഴയിലെ പറശ്ശിനിക്കടവില്‍ നാല് കോടി രൂപ ചെലവില്‍ പണിതീര്‍ത്ത് ഉദ്ഘാടനം ചെയ്തു. സ്വകാര്യ സംരംഭകരെ ആകര്‍ഷിച്ച് വിനോദ സഞ്ചാരവും അനുബന്ധ തൊഴിവസരങ്ങളും വര്‍ധിപ്പിക്കാനുളള പദ്ധതിയില്‍ സ്വകാര്യ യാനങ്ങളും ഹൗസ് ബോട്ടുകളും യഥേഷ്ടം സര്‍വ്വീസ് നടത്തിവരുന്നുണ്ട്. സര്‍ക്കാര്‍ ഇവര്‍ക്ക് എല്ലാ പ്രോല്‍സാഹനവും നല്‍കുന്നു.

മലബാറിലെ ഒട്ടേറെ സഹകരണ ബാങ്കുകളും ടൂറിസം സംരംഭങ്ങള്‍ ആരംഭിച്ച് ഹൗസ്‌ബോട്ടുകളുമായി നീരിലിറങ്ങി സഞ്ചാരികളെ ആകര്‍ഷിച്ചു. വിരമിക്കല്‍ പാര്‍ടികള്‍, യാത്രയയപ്പ് ചടങ്ങുകള്‍ തുടങ്ങി പല പരിപാടികളും കണ്ണൂരിലും കാസര്‍ഗോഡും ഓളപ്പരപ്പില്‍ നടത്തുന്ന രീതിയും തുടങ്ങി. ഹൗസ്‌ബോട്ടുകളില്‍ ആഘോഷപാര്‍ടികളും പൂര്‍വ്വ വിദ്യാര്‍ഥി സംഗമങ്ങളും എന്തിന് സംഘടനകളുടെ മീറ്റിങുകള്‍ പോലും സംഘടിപ്പിക്കുന്ന സാഹചര്യം കണ്ണൂര്‍ ജില്ലയിലുണ്ട്. ഇതിനായി ഉപയോഗിക്കുന്ന ജലയാനങ്ങള്‍ മുഖ്യമായും സ്വകാര്യ സംരംഭകരുടെതാണ്.

യാത്രയയപ്പ് യോഗങ്ങളും അതിന്റെ ഭാഗമായ ഉല്ലാസയാത്രകളും പകല്‍ തുടങ്ങി സായാഹ്നം വരെയും സായാഹ്നത്തില്‍ തുടങ്ങി രാത്രി വരെയും നീളുന്ന അവസ്ഥ ഇപ്പോള്‍ സാധാരണമാണ്. ഹൗസ് ബോട്ടുകളില്‍ മാത്രമല്ല വലിയ വഞ്ചികളിലും കൂട്ടത്തോടെ ഇത്തരം സായാഹ്നയാത്രകള്‍ സാധാരണമായിട്ടുണ്ട്. നദിയിലൂടെ കണ്ടല്‍ക്കാടിന്റെ ഇടയിലൂടെ വഞ്ചിയില്‍ ആളുകളെ കൊണ്ടുപോകുന്ന തരത്തില്‍ സ്വകാര്യ സംരംഭകര്‍ ധാരാളം ട്രിപ്പുകള്‍ നടത്തുന്നുണ്ട്.

ധാരാളം പേര്‍ ഒര തരം സുരക്ഷാ സംവിധാനവും കൂടാതെയാണ് ഇത്തരം ബോട്ടുകളിലും പ്രത്യേകിച്ച് വഞ്ചികളിലും വിനോദയാത്ര പോകുന്നത്. ലൈഫ് ജാക്കറ്റ്, മറ്റ് ഉപകരണങ്ങള്‍ ഇവയൊന്നും പല വള്ളങ്ങളിലും ഉണ്ടാകില്ല. ഉത്തരവാദിത്തത്തോടെ ഇതൊക്കെ കരുതിയിട്ടുള്ള ഹൗസ് ബോട്ടുകളിലാവട്ടെ ഇതൊക്കെ ഉപയോഗിക്കാനുള്ള കര്‍ക്കശ നിര്‍ദ്ദേശം നല്‍കാറുമില്ല.

അപ്രതീക്ഷിതമായി ഒരപകടം വന്നാല്‍ അരക്ഷിതമായ അവസ്ഥയാണ് ഇതെല്ലാം യാത്രികര്‍ക്ക് ഉണ്ടാക്കുന്നത്. ടൂറിസം പ്രോല്‍സാഹിപ്പിക്കാനുള്ള ഉല്‍സാഹത്തില്‍ ഉദാരമായി പെരുമാറുന്ന അധികാരികളും നിയമസംവിധാനവും ജലയാത്രയില്‍ വേണ്ട മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നും ഉപയോഗിക്കുന്നുണ്ടോ എന്നും ഉറപ്പു വരുത്താറില്ലെന്നതാണ് അനുഭവം.

മലബാറിലെ നദികളെല്ലാം ജലസമൃദ്ധമാണ്. മണല്‍വാരല്‍ വഴി വലിയ ആഴമുള്ളവയായും കുഴികളുള്ളവയായും പുഴകള്‍ മാറിക്കഴിയുകയും ചെയ്തു. ബോട്ടുകളും വഞ്ചികളും തീരത്തോടു ചേര്‍ന്നല്ല സഞ്ചാരവും. പുഴയുടെ ആഴമുള്ള ഭാഗങ്ങളിലൂടെയുള്ള ആഹ്‌ളാദത്തിമിര്‍പ്പുള്ള സഞ്ചാരങ്ങള്‍ അപകടങ്ങളിലേക്ക് വഴിമാറാനുള്ള സാഹചര്യം എപ്പോഴും ഉണ്ട്.

ഏതാനും നാളുകള്‍ മുമ്പ് പയ്യന്നൂരിനടുത്ത ഒരു കായലില്‍” കായലോരം” എന്ന പേരിൽ വൈകീട്ട് വള്ളത്തില്‍ യാത്രയയപ്പ് കൂട്ടായ്മ നടത്തുകയും കണ്ടല്‍ക്കാടുകളിലേക്ക് സഞ്ചരിക്കുകയും ചെയ്ത അനുഭവം ഈ ലേഖകനോട് പങ്കുവെച്ച വ്യക്തി പറഞ്ഞ കാര്യങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. വൈകീട്ട് തുടങ്ങിയ യാത്രയയപ്പ് പാര്‍ടിയുടെ യാത്ര രാത്രി വരെ നീണ്ടു. കൂരിരുട്ടത്താണ് തിരിച്ചുവരവ്. വള്ളത്തില്‍ ഒരു സുരക്ഷാ സംവിധാനവും ഇല്ല. എന്തെങ്കിലും അത്യാഹിതം സംഭവിക്കയാണെങ്കില്‍ സഹായത്തിന് എത്താന്‍ പോലും ആരും ഇല്ലാത്ത അവസ്ഥയാണ്. വിളിച്ചാല്‍ പോലും കേള്‍ക്കുന്ന അകലത്തിലൊന്നും ആരുമില്ലാത്ത വിജനമായ കണ്ടല്‍ക്കായല്‍ പ്രദേശം. ഓര്‍ത്തു നോക്കുക, ഒരു അപകടം ഉണ്ടായെങ്കില്‍ സര്‍വ്വരും നിസ്സഹായരായിത്തീരുമായിരുന്നു.

സ്വകാര്യസംരംഭകര്‍ നടത്തുന്ന ഇത്തരം കണ്‍ട്രി ബോട്ടുകളും വഞ്ചികളും നിരീക്ഷിക്കാനും അവരെ നിയന്ത്രിക്കാനും ആരും ഇല്ലാത്ത അവസ്ഥയുണ്ട്. വൈകീട്ട് ആറുമണിക്കു ശേഷം ജലയാത്ര പാടില്ലെന്ന നിബന്ധനയും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടുന്നില്ല. ടൂറിസത്തെ പ്രോല്‍സാഹിപ്പിക്കാനായി സ്വകാര്യവ്യക്തികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമ്പോള്‍ യാത്രികരുടെ സുരക്ഷയില്‍ വിട്ടു വീഴ്ച വരുത്താത്ത കര്‍ശന നിയന്ത്രണ സംവിധാനം സര്‍ക്കാര്‍ ഉദാരമാക്കിക്കളയരുത്.

കണ്ണര്‍ വളപട്ടണം പുഴ കടലില്‍ ചേരുന്ന ഭാഗങ്ങളുണ്ട്. പഴയങ്ങാടി, മാട്ടൂല്‍ എന്നിവിടങ്ങളിലും പയ്യന്നൂരിലെ പെരുമ്പ ഭാഗത്തും കവ്വായി കായലിലും കാസര്‍ഗോഡ് തേജസ്വിനി നദിയിലും ഇത്തരം ധാരാളം ജലകേളീയാനങ്ങളുടെ സര്‍വ്വീസ് ഉണ്ട്. ഇവയെല്ലാം കയറൂരിവിടുന്ന അവസ്ഥയുണ്ടായാല്‍ ജല അപകടസാധ്യത മലബാറിലെ നദീ വിനോദ സഞ്ചാരങ്ങളിലും ഉണ്ടായേക്കാം.

പുഴയും ബോട്ടും വള്ളവും കണ്ടാല്‍ ജനങ്ങള്‍ സുരക്ഷിതത്വമെല്ലാം മറന്ന് ചാടിക്കയറുകയും തിങ്ങി നില്‍ക്കുകയും വള്ളങ്ങളില്‍ എഴുന്നേറ്റ് നിന്ന് നൃത്തം വെക്കുകയുമൊക്കെ ചെയ്യുമ്പോള്‍ അവിചാരിതമായ അപകടങ്ങളിലേക്കായിരിക്കും വാതിലുകള്‍ തുറക്കുക.

താനൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വടക്കെ മലബാറിലെ റിവര്‍ ക്രൂയീസ് സംരംഭങ്ങളെ കൃത്യമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, സഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണത്തിനായി എല്ലായിടത്തും കൃത്യമായ സംവിധാനം ടൂറിസം വകുപ്പ് ഏര്‍പ്പെടുത്തുകയും സംരംഭകരെക്കൂടി അതില്‍ ഭാഗബാക്കാവാന്‍ നിര്‍ദ്ദേശിക്കുകയും വേണം.

ജലഗതാഗത വകുപ്പ് മലബാറിലെ നദികളില്‍ സര്‍വ്വീസ് നടത്തുന്ന യാത്രാബോട്ടുകളില്‍ പോലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള നിര്‍ബന്ധം കാണിക്കുന്നില്ലെന്ന പരാതി മുന്‍പേയുണ്ട്. ബോട്ടകളുടെ കാലപ്പഴക്കവും വിമര്‍ശിക്കപ്പെടാറുണ്ട്. കണ്ണൂരിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ പറശ്ശിനിക്കടവില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബോട്ട് ഈയിടെ കേടായി.

Spread the love
English Summary: serious security threat in north malabar river cruise tourism

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick