മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്‌സഭാംഗം ബാലു ധനോർക്കർ ഡൽഹിക്കടുത്ത ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ചു. 47 വയസ്സു മാത്രമുള്ള ധനോർക്കർ ചന്ദ്രാപൂരിൽ നിന്നുള്ള എംപി ആണ്. ഭാര്യ പ്രതിഭ മഹാരാഷ്ട്ര എംഎൽഎ ആണ്. രണ്ട് ആൺമക്കളും ഉണ്ട്.
ധനോർക്കറുടെ 80 കാരനായ പിതാവ് നാരായൺ ധനോർക്കർ ദീർഘകാലമായി അസുഖത്തെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം നാഗ്പൂരിൽ അന്തരിച്ചിരുന്നു . പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ എംപിക്ക് കഴിഞ്ഞിരുന്നില്ല.
വൃക്കയിലെ കല്ല് ചികിത്സയ്ക്കായി നാഗ്പൂർ ആസ്ഥാനമായുള്ള ആശുപത്രിയിൽ കഴിഞ്ഞയാഴ്ച ധനോർക്കറെ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യൂഡൽഹിയിലേക്ക് മാറ്റിയെങ്കിലും അതിജീവിക്കാൻ കഴിഞ്ഞില്ല– കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് ഒരു അറിയിപ്പിൽ പറഞ്ഞു.
ചന്ദ്രാപൂരിൽ നിന്നുള്ള ലോക്‌സഭാംഗമായ ധനോർക്കർ മെയ് 26 ന് നാഗ്പൂരിലെ ഒരു ആശുപത്രിയിൽ വൃക്കയിലെ കല്ലിന് ചികിത്സയ്ക്ക് വിധേയനായിരുന്നു. എന്നാൽ ചില സങ്കീർണതകൾ നേരിട്ട അദ്ദേഹത്തെ ഞായറാഴ്ച ഡൽഹിയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ധനോർക്കറുടെ ഭൗതികാവശിഷ്ടം ചൊവ്വാഴ്ച ഉച്ചയ്ക്ക് ജന്മനാടായ വാറോറയിലേക്ക് കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച രാവിലെ നടക്കും.
ചന്ദ്രപൂർ ജില്ലയിൽ ബാലാസാഹെബ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച ധനോർക്കർ 2014-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. പരമ്പരാഗതമായി ബി.ജെ.പിയുടെ ഹൻസ്‌രാജ് അഹിർ മത്സരിച്ചിരുന്ന ചന്ദ്രാപൂരിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാണ് ജയിച്ചത്.