Categories
national

കർണ്ണാടകയിൽ ബിജെപി തോറ്റാൽ… 2024 ൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെ ?

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രമാണ് ഇനിയുള്ളത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഒരു സാധാരണ തിരഞ്ഞെടുപ്പല്ല. ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം കർണാടക രാഷ്ട്രീയത്തിൽ മാത്രമല്ല, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചും പ്രാധാന്യമർഹിക്കുന്നു. കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ദിശാസൂചി ആണെന്ന് മിക്കവരും വിലയിരുത്തുന്നു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. അങ്ങനെ നോക്കുമ്പോൾ കർണാടക തിരഞ്ഞെടുപ്പ് ബിജെപിക്ക് കൂടുതൽ നിർണായകമാണ് .

എക്സിറ്റ് പോളുകളുടെ പ്രവചനങ്ങൾ യാഥാർത്ഥ്യമാവുകയാണെങ്കിൽ ബി.ജെ.പി അധികാരത്തിൽ നിന്ന് പുറത്താകും. കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റാൽ 2024ലെ തെരഞ്ഞെടുപ്പിൽ 400 സീറ്റ് ലക്ഷ്യം നേടുക അസാധ്യവുമാകുമെന്ന അനുമാനം രാഷ്ട്രീയ ജ്യോത്സ്യന്മാർ നടത്തുന്നു. പുറത്തു വന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ഭരണകക്ഷിയായ ബിജെപിയുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. കാരണം എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ പരാജയവും കോൺഗ്രസിന്റെ വിജയവുമാണ് പ്രവചിക്കുന്നത്.

thepoliticaleditor

ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ പ്രകാരം കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും എന്ന് പറയുന്നു. കോൺഗ്രസിന് പരമാവധി 122 മുതൽ 140 സീറ്റുകളും ബിജെപിക്ക് 62 മുതൽ 80 വരെ സീറ്റുകളും ലഭിക്കും. അതേസമയം ജെഡിഎസിന് 20 മുതൽ 25 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.

ടൈംസ് നൗ – ഇടിജി എക്സിറ്റ് പോള്‍ ഫലത്തില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. 113 എന്ന മാജിക്ക് സംഖ്യ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപി 85 സീറ്റിലേക്ക് ഒതുങ്ങുമെന്നും ജെഡിഎസിന് 23 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് എക്സിറ്റ് പോള്‍ പറയുന്നത്. എബിപി – സി വോട്ടര്‍ എക്സിറ്റ് പോള്‍ ഫലങ്ങളിലും മുന്‍തൂക്കം കോണ്‍ഗ്രസിനാണ്. 100 മുതല്‍ 112 സീറ്റില്‍ വരെ കോണ്‍ഗ്രസ് വിജയം നേടും. ജെഡിഎസ് 21-29 സീറ്റുവരെ നേടിയേക്കും. അതേസമയം ബിജെപിക്ക് മൂന്നക്കം (83-95) കടക്കാനാകില്ലെന്നും എക്സിറ്റ് പോളില്‍ പറയുന്നു.

സീ ന്യൂസ് മെട്രിസ് എക്സിറ്റ് പോളും കോണ്‍ഗ്രസിനാണ് സാധ്യത കല്‍പ്പിക്കുന്നത്. 103-118 മണ്ഡലങ്ങളില്‍ വരെ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പ്രവചനം. ബിജെപി 79 മുതല്‍ 94 സീറ്റുവരെ നേടും. ജെഡിഎസ് 25-33, മറ്റുള്ളവര്‍ 2-5 എന്നിങ്ങനെയാണ് ഫലം. ടിവി-9 ഭാരത് വര്‍ഷ് – പോള്‍സ്ട്രാറ്റ് എക്സിറ്റ് പോളിലും ബിജെപി പിന്നോട്ടാണ്. മൂന്നക്കത്തില്‍ നിന്ന് ബിജെപി താഴേക്ക് പോകുമെന്നാണ് പ്രവചനം. 88 മുതല്‍ 98 സീറ്റ് വരെ ബിജെപി നേടും. കോണ്‍ഗ്രസിന്റെ സീറ്റുനില 99-109 ആണ്. ജെഡിഎസ് 21-16, മറ്റുള്ളവര്‍ 0-4.

ജന്‍ കി ബാത്ത് എക്സിറ്റ് പോള്‍ ഫലം മാത്രമാണ് ബിജെപിക്ക് മേല്‍ക്കൈ പ്രവചിക്കുന്നത്. 94-117 സീറ്റ് വരെ ബിജെപി നേടും. കോണ്‍ഗ്രസിന്റെ സീറ്റുനില 91-106 എന്നിങ്ങനെയാണ്. ജെഡിഎസ് 14-24 സീറ്റുകളും നേടും.

കർണാടകത്തിൽ ബിജെപി തോറ്റാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ 2019 ആവർത്തിക്കാൻ പാർട്ടിക്ക് കഴിയില്ല എന്നത് ഉറപ്പാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 സീറ്റുകളിൽ ബിജെപി 25ഉം പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി ഒരു സീറ്റും നേടിയപ്പോൾ കോൺഗ്രസ്-ജെഡിഎസ് ഓരോ സീറ്റു മാത്രമാണ് നേടിയത് എന്ന് ഓർക്കണം.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42ൽ 18ഉം മഹാരാഷ്ട്രയിൽ 48ൽ 23ഉം കർണാടകയിൽ 28ൽ 25ഉം ബിഹാറിൽ 40ൽ 17ഉം 14ൽ 12ഉം ബിജെപി നേടി. ജാർഖണ്ഡിലും വിജയിച്ചു. ഈ അഞ്ച് സംസ്ഥാനങ്ങളിലായി ആകെയുള്ള 172 സീറ്റുകളിൽ ബിജെപി ഒറ്റയ്ക്ക് 98 സീറ്റുകളും സഖ്യകക്ഷികൾ 42 സീറ്റുകളും നേടി. അതായത് അഞ്ചു സംസ്ഥാനങ്ങളിൽ നിന്നുള്ള 172ൽ 140 സീറ്റും ബിജെപി സഖ്യം നേടി.

എന്നാല്‍ ഈ സംസ്ഥാനങ്ങളിലെ ഇന്നത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ വ്യത്യസ്തമായിരിക്കുന്നു. ശിവസേന-ബിജെപി സഖ്യം തകര്‍ന്ന മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ ബിജെപി വിചാരിക്കുന്നതു പോലെയല്ല ഇപ്പോഴും. ശിവസേന-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ തകര്‍ത്ത് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ ഒപ്പം ചേര്‍ത്തെങ്കിലും ഇപ്പോഴും ഉദ്ധവ് വിഭാഗം ശിവസേനയ്ക്ക് വലിയ സ്വാധീനം ഉണ്ടെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. മൂഡ് ഓഫ് നേഷന്‍ മഹാവികാസ് അഘാഡി എന്ന ഗ്രൂപ്പ് നടത്തിയ സര്‍വ്വേയില്‍ 48-ല്‍ 34 സീറ്റ് ഉദ്ധവ് വിഭാഗത്തിന് ലഭിക്കുമത്രേ.

ബിഹാറില്‍ ബിജെപി സഖ്യത്തില്‍ നിന്നും നിതീഷ്‌കുമാര്‍ വിട്ടു പോയി മഹാസഖ്യത്തിലേക്ക് മടങ്ങിയിരിക്കുന്നു. ബിഹാറില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണിത് സമ്മാനിക്കുക. ബംഗാളില്‍ മമതാ ബാനര്‍ജിയെ തോല്‍പിക്കാന്‍ ബിജെപി എല്ലാ ശ്രമവും നടത്തിയിട്ടും സാധിച്ചില്ല എന്നു മാത്രമല്ല, അവര്‍ മുഖ്യമന്ത്രിയായ ശേഷം ബിജെപി നേതാക്കളെല്ലാം കൂട്ടത്തോടെ തൃണമൂലിലേക്ക് തിരികെ പോയതും ആ സംസ്ഥാനത്ത് ബിജെപിയെ ദുര്‍ബലമാക്കിയിട്ടുണ്ട്. കര്‍ണാടകത്തിലെ പരാജയം കൂടി വന്നാല്‍ ബിജെപിയുടെ തെക്കെ ഇന്ത്യയിലെ ഏക ശക്തികേന്ദ്രത്തിലും ദുര്‍ബലമാകുന്ന സ്ഥിതിയാണ്.

ദക്ഷിണേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായി 130 ലോക്സഭാ സീറ്റുകളുണ്ട്, ഇത് മൊത്തം ലോക്സഭാ സീറ്റുകളുടെ 25 ശതമാനമാണ്. ഇത്തരമൊരു സാഹചര്യത്തിൽ രാഷ്ട്രീയമായും ദക്ഷിണേന്ത്യയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കർണാടകയിലൂടെ ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാൽ കർണാടകയിൽ തന്നെ തിരിച്ചടി നേരിട്ടാൽ തെലങ്കാനയും ആന്ധ്രയും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ രാഷ്ട്രീയ നഷ്ടം നേരിട്ടേക്കും.

ഇങ്ങനെ നോക്കിയാല്‍ നേരത്തെ വലിയ ലീഡ് നേടിയ സംസ്ഥാനങ്ങളിലെല്ലാം ബിജെപി അടുത്ത വര്‍ഷം കിതയ്ക്കുന്ന അവസ്ഥ ഉണ്ടാവും.

Spread the love
English Summary: if bjp loose karnataka what will be the impact in 2024 elections

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick