Categories
latest news

അമിത് ഷായുടെ കേരളവിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച് ലേഖനമെഴുതിയ ബ്രിട്ടാസിന് രാജ്യസഭാ ചെയര്‍മാന്റെ നോട്ടീസ്‌

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതിയത് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് നോട്ടീസ് നൽകിയത്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് ആവശ്യം. ലേഖനത്തിന്റെ ഉള്ളടക്കം ദേശവിരുദ്ധമാണെന്ന ബിജെപിയുടെ പരാതിയിലാണ് രാജ്യസഭ ചെയര്‍മാന്‍ നോട്ടീസയച്ചത്.

ബ്രിട്ടാസ് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെഴുതിയ ലേഖനമാണ് പരാതിയുടെ ഹേതു. കേരളത്തെക്കുറിച്ച് ഷാ നടത്തിയ പരാമർശത്തെ വിമർശിച്ചുകൊണ്ട് ഫെബ്രുവരി 20ന് ബ്രിട്ടാസിന്റെ ‘പ്രചരണത്തിന്റെ അപകടങ്ങൾ’ എന്ന ലേഖനത്തിലെ അഭിപ്രായപ്രകടനത്തിനെതിരെ കേരള ബിജെപി ജനറൽ സെക്രട്ടറി പി സുധീറാണ് പരാതി നൽകിയത്.

thepoliticaleditor

ഫെബ്രുവരിയിൽ മംഗളൂരുവിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, കോൺഗ്രസിന്റെ പ്രീണന നയങ്ങളെ ഷാ വിമർശിക്കുകയും കർണാടകയെ “സംരക്ഷിക്കാൻ” കഴിയില്ലെന്നു പറയുകയും ചെയ്തിരുന്നു. “നിങ്ങളുടെ അയൽപക്കത്ത് കേരളമുണ്ട്. കൂടുതൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മോദിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രമേ കർണാടകയെ സംരക്ഷിക്കാൻ കഴിയൂ.–ഷാ പറഞ്ഞു.

ഷായുടെ ഈ അഭിപ്രായത്തോട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. അമിത് ഷാ എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കാൻ പിണറായി ഷായോട് ആവശ്യപ്പെട്ടു.

ദി ഇന്ത്യൻ എക്‌സ്പ്രസിലെ ‘പ്രചാരണത്തിന്റെ അപകടങ്ങൾ’ എന്ന തലക്കെട്ടിലുള്ള തന്റെ ലേഖനത്തിൽ ഇത് സംബന്ധിച്ച് ബ്രിട്ടാസ് എഴുതി: “അദ്ദേഹം (അമിത് ഷാ) തന്റെ ഭൂരിപക്ഷ രാഷ്ട്രീയത്തെ ശക്തമായി നിരാകരിച്ച ഒരു സംസ്ഥാനത്തിനെതിരെ ഇത്തരമൊരു അപവാദം നടത്തുന്നത് ഇതാദ്യമായല്ല. തന്റെ പതിവ് വിഭജന തന്ത്രങ്ങളിലൂടെയും ധ്രുവീകരണ തന്ത്രങ്ങളിലൂടെയും തിരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കുന്നതിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടിരിക്കുന്ന ഒരു സംസ്ഥാനത്തോടുള്ള മസിലുപിടിത്തവും ഇഷ്ടക്കേടുമാണ് ഷാ പ്രകടമാക്കിയത്. കേരളത്തെ ലക്ഷ്യമാക്കിയുള്ള ഷായുടെ ക്ഷോഭം അദ്ദേഹത്തിന്റെ നിരാശയുടെ തെളിവാണ്. അതുപോലെ തന്നെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനും ഈ രാജ്യത്തെ ഭൂതകാലത്തിലേക്ക് തിരിച്ചെത്തിക്കാനും മനു സ്മൃതി ഭരണഘടനയ്ക്ക് പകരം വയ്ക്കാനും അദ്ദേഹം ശ്രമിക്കുന്നു . അദ്ദേഹത്തിന്റെ പാർട്ടിയുടെ നയങ്ങളെ കേരളം അക്ഷീണം ചെറുത്തു. “–ലേഖനത്തിൽ പറഞ്ഞു.

ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയെ ലക്ഷ്യം വച്ചുള്ള ലേഖനത്തെ “വളരെ പ്രകോപനപരവും ഭിന്നിപ്പിക്കുന്നതും രാജ്യദ്രോഹപരവും വർഗീയ ധ്രുവീകരണവും” എന്നാണ് സുധീർ തന്റെ പരാതിയിൽ വിശേഷിപ്പിച്ചത്. വർഷങ്ങളോളം പത്രപ്രവർത്തകനായിരുന്ന ബ്രിട്ടാസ്, മതത്തിന്റെ പേരിൽ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുകയും കേന്ദ്രസർക്കാരിനെതിരെ സജീവമായി വിദ്വേഷം വളർത്തുകയും ചെയ്തുവെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. “സാമുദായിക സൗഹാർദം തകർക്കുക, മതപരവും വിഭാഗീയവുമായ രീതിയിൽ പൊതു സമാധാനം തകർക്കുക എന്നതായിരുന്നു ബ്രിട്ടാസിന്റെ ഉദ്ദേശം. നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്… ഇന്ത്യൻ ആഭ്യന്തര മന്ത്രി ഭരണഘടനയെ മാറ്റിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഗൗരവമുള്ള കാര്യമാണ്… ഇന്ത്യൻ ആഭ്യന്തര മന്ത്രിക്കെതിരെ കേരളത്തിലെ ജനങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുക എന്നതായിരുന്നു ബ്രിട്ടാസിന്റെ ഉദ്ദേശം.”–സുധീർ തന്റെ പരാതിയിൽ പറഞ്ഞു. ഡിസംബറിൽ കോഴിക്കോട് നടന്ന കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന സമ്മേളനത്തിൽ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിനെതിരെ ബി.ജെ.പി കേരള ഘടകം നേരത്തെ പരാതി നൽകിയിരുന്നു.

എഴുത്ത് വഴി ഉൾപ്പെടെ ഒരാളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മൗലികാവകാശത്തിന്റെ ഭാഗമാണെന്നു ജോൺ ബ്രിട്ടാസ് ഇന്ത്യൻ എക്സ്പ്രസ്സ്-നോട് പറഞ്ഞു. “പരാതിയുടെ സ്വഭാവം തന്നെ അപലപിക്കപ്പെടേണ്ടതാണ്. രാജ്യസഭാംഗങ്ങളുടെ അവകാശങ്ങളുടെ സംരക്ഷകനായ ചെയർമാൻ ഉചിതമായ മറുപടി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളെക്കുറിച്ച് നല്ല അറിവുള്ള ചെയർമാൻ എന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് ”–അദ്ദേഹം പറഞ്ഞു.

അതേസമയം, എം.പി.മാര്‍ ഒരു ലേഖനം എഴുതിയാല്‍ അതിനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ രാജ്യസഭയിലെയോ ലോക്‌സഭയിലെയോ അധ്യക്ഷന്‍മാര്‍ക്ക് അധികാരമില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Spread the love
English Summary: vice presidents office sends notice to CPM MP John Brittas

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick