Categories
kerala

ഉടല്‍ രണ്ടാണെങ്കിലും ഞങ്ങളുടെ ആശയങ്ങള്‍ ഒന്ന്- പിണറായിയെ വാക്കുകളാല്‍ ചേര്‍ത്തു നിര്‍ത്തി സ്റ്റാലിന്‍

സോഷ്യലിസമാണ് താന്‍ വിശ്വസിക്കുന്ന ആശയമെന്ന് സ്റ്റാലിന്‍ പറഞ്ഞു

Spread the love

കേരളസര്‍ക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷവേദിയില്‍ കേരള-തമിഴ്‌നാട് സൗഹൃദത്തിന്റെ ചരിത്രവും ദാര്‍ഢ്യവും വിശദീകരിച്ചും പിണറായി വിജയനെ ചേര്‍ത്തു പിടിച്ചും തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തന്റെയും പിണറായിയുടെയും ഉടലുകള്‍ രണ്ടാണെന്നേയുള്ളൂ എന്നും ചിന്ത കൊണ്ടും ആശയങ്ങളും കൊണ്ടും ഒന്നാണെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചത് സദസ്സ് ആവേശത്തോടെയാണ് ഏറ്റുവാങ്ങിയത്. വൈക്കം സത്യാഗ്രഹത്തില്‍ തമിഴ്ജനത പ്രകടിപ്പിച്ച ഐക്യദാര്‍ഢ്യത്തെക്കുറിച്ചും സ്റ്റാലിന്‍ സംസാരിച്ചു.

തമിഴ്‌നാടിനെപ്പോലെ ദ്രാവിഡ സംസ്‌കാരത്തിന്റെ വാഹകരായ മലയാളികളേ എന്ന വിശേഷണത്തോടെയാണ് സ്റ്റാലിന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് നാഗര്‍കോവിലില്‍ പിണറായി വിജയന്‍ കൂടി പങ്കെടുത്ത പരിപാടിയില്‍ താന്‍ വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് പരാമര്‍ശിച്ചതും ആ വേദിയില്‍ വെച്ചു തന്നെ തന്നെ പിണറായി വൈക്കം സത്യാഗ്രഹ ശതാബ്ദി ഉല്‍ഘാടനം ചെയ്യാന്‍ ക്ഷണിച്ചതും സ്റ്റാലിന്‍ ഓര്‍മിച്ചു. സോഷ്യലിസമാണ് താന്‍ വിശ്വസിക്കുന്ന ആശയമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

thepoliticaleditor

അയിത്തത്തിനെതിരായ പോരാട്ടത്തില്‍ തമിഴ് ജനതയ്ക്ക് വലിയ പ്രചോദനമായി മാറിയിരുന്നു വൈക്കം സത്യാഗ്രഹമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന സംസാരിച്ച സഹ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈക്കം സത്യാഗ്രഹം വെറും അയിത്തവിരുദ്ധര്‍ മാത്രം നടത്തിയ പോരാട്ടമായിരുന്നില്ലെന്നും രാജ്യത്തെ രാഷ്ട്രീയ നേതൃത്വം കൂടി പങ്കെടുത്ത വലിയ മാനങ്ങളുള്ള മുന്നേറ്റമായിരുന്നു അതെന്നും അഭിപ്രായപ്പെട്ടു. സാമൂഹിക നവോത്ഥാന പോരാട്ടങ്ങള്‍ വ്യക്തിയധിഷ്ഠിതമായി നടത്തേണ്ടതല്ലെന്നും പിണറായി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ക്ഷണിച്ചിട്ടും എന്‍.എസ്.എസ്. പ്രതിനിധി പങ്കെടുക്കാതിരുന്ന ഉദ്ഘാടന വേദിയില്‍ എസ്.എന്‍.ഡി.പി., നവോത്ഥാന സമിതി തുടങ്ങിയ സംഘടനകള്‍ സംബന്ധിച്ചിരുന്നു. മന്നത്ത് പദ്മനാഭന്‍ വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി നടത്തിയ സവര്‍ണജാഥയുടെ പ്രാധാന്യത്തെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദമായി പറഞ്ഞത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമായി.

Spread the love
English Summary: vaikom sathyagraha centinary celebration inauguration

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick