Categories
latest news

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കായിക, രാഷ്ട്രീയ ലോകങ്ങൾ

സി.പി.എം. വനിതാ സംഘടനാ നേതാക്കളും പാര്‍ടി കേന്ദ്രക്കമ്മിറ്റി അംഗങ്ങളുമായ മറിയം ധാവ്‌ളെ, പി.കെ.ശ്രീമതി, കെ.കെ.ശൈലജ, സി.എസ്.സുജാത എന്നിവര്‍ ജന്തര്‍മന്തറിലെ പ്രതിഷേധ സ്ഥലത്തെത്തി

Spread the love

ഗുസ്തി ഫെഡറേഷന്‍ പ്രസിഡണ്ടിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ വനിതാ താരങ്ങളും അവര്‍ക്ക് പിന്തുണയുമായി പുരുഷതാരങ്ങളും ദിവസങ്ങളായി ഡെല്‍ഹി ജന്തര്‍മന്തറില്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ പിന്തുണയുമായി കായിക ലോകത്തെ പ്രമുഖര്‍ മുന്നോട്ടു വന്നപ്പോള്‍ കേന്ദ്രസര്‍ക്കാരിനും ഡെല്‍ഹി പോലീസിനും ഉത്തരം മുട്ടിയിരിക്കയാണ്. അതിനിടയില്‍ ബിജ്ഭൂഷണെ രക്ഷിക്കാനും താരങ്ങളെ ആക്ഷേപിക്കാനും തയ്യാറായി മുന്നോട്ടു വന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മേധാവി പി.ടി.ഉഷ ഒറ്റപ്പെട്ടു പോയിരിക്കയുമാണ്.

സി.പി.എം. വനിതാ സംഘടനാ നേതാക്കളും പാര്‍ടി കേന്ദ്രക്കമ്മിറ്റി അംഗങ്ങളുമായ മറിയം ധാവ്‌ളെ, പി.കെ.ശ്രീമതി, കെ.കെ.ശൈലജ, സി.എസ്.സുജാത എന്നിവര്‍ ജന്തര്‍മന്തറിലെ പ്രതിഷേധ സ്ഥലത്തെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സാക്ഷിമാലികിന്റെ താടിയില്‍ തലോടി പി.കെ.ശ്രീമതി വാല്‍സല്യം പ്രകടിപ്പിക്കുന്ന ചിത്രം പുറത്തു വന്നു. കോണ്‍ഗ്രസ് നേതാവ് കൂടിയായ മുന്‍ ക്രിക്കറ്റര്‍ നവ്‌ജോത് സിദ്ധുവും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.

thepoliticaleditor

ഡെല്‍ഹി പോലീസില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അവര്‍ക്ക് മുന്നില്‍ ഒരു തെളിവും നല്‍കില്ലെന്നും പറയേണ്ടതെല്ലാം സുപ്രീംകോടതിയില്‍ പറയുമെന്നും വനിതാ താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലികും പറഞ്ഞപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് മുതല്‍ സാനിയ മിര്‍സയും വീരേന്ദര്‍ സെവാഗും നീരജ് ചോപ്രയും നടി ഊര്‍മിള മാതോങ്കറും വരെയുള്ളവര്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി എത്തിയത് കേന്ദ്രസര്‍ക്കാരിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.

നീതിക്കുവേണ്ടി നമ്മുടെ കായികതാരങ്ങൾ റോഡിൽ ഇരിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്. അവർ നമ്മുടെ രാജ്യത്തിന് അഭിമാനം നൽകി, കഠിനാധ്വാനം ചെയ്തു. ഒരു രാഷ്ട്രമെന്ന നിലയിൽ, എല്ലാവരുടെയും അന്തസ്സും അഖണ്ഡതയും സംരക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.–നീരജ് ചോപ്ര പറഞ്ഞു.

ഒരു സ്ത്രീ എന്ന നിലയിൽ ഈ കളിക്കാരെ ഇങ്ങനെ കാണാൻ വളരെ ബുദ്ധിമുട്ടാണ്. അവർ നമ്മുടെ നാടിന് അഭിമാനം പകർന്നപ്പോൾ ഞങ്ങൾ എല്ലാവരും ആഘോഷിച്ചു. ഇനി ഈ വിഷമഘട്ടത്തിൽ എല്ലാവരും അവരെ പിന്തുണയ്ക്കണം. ഇന്നല്ലെങ്കിൽ നാളെ അവർക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.–സാനിയ മിശ്ര ട്വീറ്റ് ചെയ്തു.

ഒൻപത് സ്ത്രീകൾ പരാതിപ്പെട്ടിട്ടും എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാത്തത് ഞെട്ടിക്കുന്നതാണ്. ഞാൻ തിങ്കളാഴ്ച ഗുസ്തിക്കാരെ കാണാനും ജന്തർമന്തറിൽ അവരുടെ സത്യാഗ്രഹത്തിൽ ചേരാനും പോകും.– നവജ്യോത് സിദ്ധു പ്രതികരിച്ചു.

രാജ്യത്തിന് ബഹുമതികൾ സമ്മാനിച്ച നമുക്കെല്ലാവർക്കും ഇത്രയധികം സന്തോഷം നൽകിയ നമ്മുടെ ചാമ്പ്യന്മാർക്ക് ഇന്ന് റോഡിലിറങ്ങേണ്ടി വന്നത് വളരെ സങ്കടകരമാണ്. ഇത് വളരെ സെൻസിറ്റീവായ വിഷയമാണ്, അത് നിഷ്പക്ഷമായി അന്വേഷിക്കണം. കളിക്കാർക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.– വീരേന്ദർ സെവാഗ് പറഞ്ഞു.

അനീതിക്കെതിരായ ഗുസ്തി പോരാട്ടത്തിൽ രാജ്യത്തെ കായിക താരങ്ങൾ തീർച്ചയായും വിജയിക്കുമെന്ന് നടൻ സോനു സൂദ് പറഞ്ഞു. ഇന്ത്യൻ അത്‌ലറ്റുകൾ അവർ നമുക്ക് മെഡലുകൾ കൊണ്ടുവരുമ്പോൾ മാത്രമല്ല, എപ്പോഴും നമ്മുടെ അഭിമാനമാണ് എന്ന് ഇർഫാൻ പത്താൻ പറഞ്ഞു. ഒളിമ്പിക്‌സ്, ലോക മെഡൽ ജേതാക്കൾ അർദ്ധരാത്രിയിൽ തുറന്ന ആകാശത്തിനു താഴെയുള്ള ഫുട്‌പാത്തിൽ ഉറങ്ങുന്നത് കാണുമ്പോൾ ഹൃദയം പൊട്ടിത്തെറിക്കുന്നുവെന്ന് നിഖാത് സരീൻ അഭിപ്രായപ്പെട്ടു.
സാക്ഷി, വിനേഷ് ഇന്ത്യയുടെ അഭിമാനമാണ്. ഒരു കായികതാരം എന്ന നിലയിൽ രാജ്യത്തിന്റെ അഭിമാനം തെരുവിൽ പ്രതിഷേധിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമുണ്ട്. അവർക്ക് നീതി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.–ഹർഭജൻ സിംഗ് പ്രതികരിച്ചു.

Spread the love
English Summary: sports political stars supports wrestlers protests

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick