Categories
kerala

ലൈംഗിക പീഡന ആരോപണവുമായി നൂറോളം വിദ്യാര്‍ഥികള്‍…ചെന്നൈ കലാക്ഷേത്രയിലെ നാല് അധ്യാപകര്‍ നിഴലില്‍

പരാതിയെത്തുടർന്ന് ഹരി പത്മൻ എന്ന ഫാക്കൽറ്റി അംഗത്തിനെതിരെ കേസെടുത്തതായി ചെന്നൈ സിറ്റി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു

Spread the love

ഇന്ത്യാഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെന്നൈയിലെ കലാക്ഷേത്ര ഫൗണ്ടേഷന്റെ രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ നാല് അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ഥിനികളും പൂര്‍വ്വ വിദ്യാര്‍ഥിനികളും കൂട്ടത്തോടെ ലൈംഗിക പീഡന പരാതിയുമായി രംഗത്ത്. പൊലീസില്‍ ഒരു വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പ്രൊഫ. ഹരിപത്മന്‍ എന്ന അധ്യാപകനെതിരെ കേസ് രജിസ്‌ററര്‍ ചെയ്തു.

പരാതിയെത്തുടർന്ന് ഹരി പത്മൻ എന്ന ഫാക്കൽറ്റി അംഗത്തിനെതിരെ കേസെടുത്തതായി ചെന്നൈ സിറ്റി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 എ (ലൈംഗിക പീഡനം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), തമിഴ്‌നാട് സ്ത്രീപീഡന നിരോധന നിയമത്തിലെ സെക്ഷൻ 4 (സ്ത്രീയെ ഉപദ്രവിച്ചതിന് പിഴ) എന്നിവ പ്രകാരമാണ് ഹരിപദ്‌മനെതിരെ കേസെടുത്തിരിക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

thepoliticaleditor

2008 മുതല്‍ കാമ്പസില്‍ ലൈംഗികമായി തങ്ങളെ ഉപദ്രവിക്കാറുണ്ടെന്ന് മുന്‍ വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവര്‍ സംസ്ഥാന വനിതാ കമ്മീഷനോട് പരാതി പറഞ്ഞിരിക്കയാണ്. കോളേജില്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ സമരം നടത്തിവരിയാണ്. കോജേജ് അടച്ചിട്ടിരിക്കയാണ്.

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും പരാതി അയച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു . കോളേജ് ഏപ്രിൽ ആറ് വരെ അടച്ചിടുമെന്നും രണ്ട് ദിവസത്തിനകം വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്നും പ്രിൻസിപ്പൽ പകൽ രാമദാസ് സർക്കുലർ വഴി അറിയിച്ചു.

എന്നാൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ തുടരാമെന്ന് ഫൗണ്ടേഷൻ ഡയറക്ടർ രേവതി രാമചന്ദ്രൻ പറഞ്ഞു. ഫാക്കൽറ്റി അംഗങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ഫൗണ്ടേഷൻ രേഖാമൂലം ഉറപ്പ് നൽകുന്നതു വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാർഥികൾ പറയുന്നു. പ്രതിഷേധം ശക്തമാവുകയും വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിക്കുകയും ചെയ്തതോടെയാണ് പൊലീസും സംസ്ഥാന വനിതാ കമ്മീഷനും രംഗത്തെത്തിയത് .

വ്യാഴാഴ്ച കാമ്പസിൽ പ്രഭാത പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ ഉയർത്തി നീതി ആവശ്യപ്പെട്ട് മുദ്രാവാക്യം ഉയർത്തി കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഉച്ചയോടെ പ്രതിഷേധം ശക്തമായതോടെ പോലീസിനെ വിളിപ്പിച്ചു.

നാല് പുരുഷ അദ്ധ്യാപകരെ പുറത്താക്കുക എന്നതിന് പുറമെ, കോളേജിൽ പുതുതായി രൂപീകരിച്ച വിദ്യാർത്ഥി യൂണിയനെ അംഗീകരിക്കുക, ഭീഷണിപ്പെടുത്തലിനും ബോഡി ഷെയ്മിങ്ങിനും അധ്യാപകർക്കെതിരെ നടപടിയെടുക്കുക, പ്രൊഫഷണൽ കൗൺസിലർമാരെ കൊണ്ടുവരിക, ഹോസ്റ്റലുകളിൽ നിയമങ്ങളിൽ ഇളവ് വരുത്തുക എന്നിവയാണ് വിദ്യാർത്ഥികളുടെ ആവശ്യം. അധികാരികളിൽ നിന്നും ഉറപ്പുകൾ ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചു.

സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എ.എസ്.കുമാരി വെള്ളിയാഴ്ച കാമ്പസിൽ വിദ്യാർഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തി. “2008 മുതൽ കാമ്പസിൽ പീഡനം നേരിട്ടതായി പല സ്ത്രീകളും പറഞ്ഞു. ലൈംഗികാതിക്രമം ഉൾപ്പെടെ നൂറോളം പരാതികൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നിയമപ്രകാരം ഞങ്ങൾ നടപടിയെടുക്കും”– അഞ്ച് മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം എ.എസ്.കുമാരി പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയുടെ രേഖകളും വിദ്യാർത്ഥികളുടെ പരാതികളിലെ കണ്ടെത്തലുകളും സഹിതം കലാക്ഷേത്ര ഡയറക്ടറെയും ഡെപ്യൂട്ടി ഡയറക്ടറെയും ഏപ്രിൽ 3 ന് കമ്മീഷൻ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് എ എസ് കുമാരി പറഞ്ഞു.
.

Spread the love
English Summary: sexual harrassment allegation in kalakshethra campus chennai

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick