രാജ്യത്തിന്റെ യശസ്സിനെ ഒളിംപിക്‌സ് മെഡലുകളിലൂടെ ലോകത്തിനു മുന്നില്‍ എത്തിച്ച വനിതകളായ ഗുസ്തി താരങ്ങള്‍ രാജ്യത്തെ ഭരണകക്ഷി എം.പി.യും പ്രമുഖനും ഗുസ്തി അസോസിയേഷന്‍ പ്രസിഡണ്ടുമായ ഒരു വ്യക്തിയില്‍ നിന്നും ദീര്‍ഘകാലമായി ലൈംഗിക അതിക്രമം നേരിട്ടുകൊണ്ടിരിക്കുന്നു. അവര്‍ തന്നെ ഗത്യന്തരമില്ലാതെ ഈ അതിക്രമത്തെക്കുറിച്ച് നിരന്തരമായി ഉന്നയിക്കുകയും പരസ്യമായി പ്രതിഷേധിച്ച് സമരം ചെയ്യുകയും ചെയ്യുന്നു.

ഇതെല്ലാം കണ്ട് കേന്ദ്ര കായിക മന്ത്രാലയവും സര്‍ക്കാരും മന്ത്രിയും ഇപ്പോള്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായ മലയാളിയായ അന്താരാഷ്ട്ര പ്രശസ്തയും അതിക്രമക്കാരനെ സംരക്ഷിച്ചു നില്‍ക്കുന്നു. അപ്പോഴാണ് കായിക ഇന്ത്യയുടെ താരമലയാളി രാജ്യപ്രതിച്ഛായാ വാദവുമായി എത്തിയിരിക്കുന്നത്.
ഷെയിം ഓണ്‍ യു…ശ്രീമതി പി.ടി. ഉഷ. കേന്ദ്രസര്‍ക്കാരും അതിലെ പ്രമഖരും ചെയ്യുന്ന എന്ത് തോന്ന്യാസത്തിനും എതിരെ പ്രതികരിച്ചാല്‍ ഉടനെ ദേശദ്രോഹവും രാജ്യപ്രതിച്ഛായയും പൊക്കിപ്പിടിച്ചു വരുന്ന ബിജെപിക്കാരിയായി താങ്കള്‍ അധപതിച്ചു പോയല്ലോ. നിവൃത്തിയില്ലല്ലോ, കസേര തന്നവര്‍ക്ക് തുണ പാടണമല്ലോ. പക്ഷേ ഒരു കാര്യം ഓര്‍ക്കുക-നിങ്ങളും ഒരു സ്ത്രീയാണ്. ബ്രിജിഭൂഷണ്‍ ശരണ്‍ സിങിന്റെ ‘ബാഡ് ടച്ച്’ അനുഭവിച്ച സ്ത്രീകളെ ആദ്യം ഒന്ന് ആശ്വസിപ്പിക്ക്, എന്നിട്ട് മതി രാജ്യസ്‌നേഹം വിളമ്പല്‍.
രാജ്യപ്രതിച്ഛായ മോശമാകുന്നത് ലോകപ്രശസ്തരായ വനിതാ താരങ്ങള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ കൊണ്ടാണ്, അത് തടയാതെ ഉത്തര്‍പ്രദേശിലെ അതിസമ്പന്നനും ഒരു വലിയ പ്രദേശത്തെ തന്നെ ഏറ്റവും വലിയ സ്വാധീനക്കാരനും വിദ്യാഭ്യാസക്കച്ചവടക്കാരുനുമായ ഒരു ലോക്‌സഭാംഗത്തെ സംരക്ഷിക്കുന്നതു കൊണ്ടാണ്, ഇന്ത്യയെന്ന മഹത്തായ രാജ്യത്തില്‍ സ്ത്രീസുരക്ഷ എന്നത് മിഥ്യയായി മാറുന്നതു കൊണ്ടാണ്. അല്ലാതെ സ്വന്തം ശരീരവും ആത്മാഭിമാനവും സംരക്ഷിക്കാന്‍ ഒരു പറ്റം വനിതകളും അവര്‍ക്കു പിന്നില്‍ ഗുസ്തിരംഗത്തെ മുഴുവന്‍ പുരുഷ താരങ്ങളും പ്രതിഷേധിക്കുന്നതു കൊണ്ടല്ല.

വനിതാഗുസ്തി താരങ്ങള്‍ ഇതാദ്യമായല്ല പ്രതിഷേധവുമായി ഇറങ്ങുന്നത്. മാസങ്ങള്‍ക്കു മുമ്പ് അവര്‍ ഒറ്റക്കെട്ടായി ഇതേ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ഡെല്‍ഹിയില്‍ നിരാഹാരസമരം ഉള്‍പ്പെടെ നടത്തി പ്രതിഷേധിച്ചിരുന്നു. കേന്ദ്രമന്ത്രി അനുരാഗ ഠാക്കൂര്‍ ചില പൊടിക്കൈകള്‍ അവസാന നിമിഷം എടുത്ത് സംഭവം ഒതുക്കാന്‍ ആവശ്യമായത് ചെയ്‌തെന്നല്ലാതെ യാതൊരു ഫലവും ഉണ്ടാകാത്തതിനാലാണ് ഇപ്പോള്‍ വീണ്ടും താരങ്ങള്‍ തെരുവില്‍ ഇറങ്ങേണ്ടിവരുന്നത്. എവിടെ പോയി ആര്‍ഷഭാരത മഹത്വപ്രഘോഷണ വിദഗ്ധരായ സംഘപരിവാര്‍ മഹാന്‍മാരുടെ സ്ത്രീസംരക്ഷണ മനോഭാവം. സ്ത്രീയെ അമ്മയായും സോഹദരിയായും ഒക്കെ ആദരിക്കണമെന്നും ആരാധിക്കണമെന്നുമൊക്കെ വേദിയില്‍ പ്രസംഗിച്ചാല്‍ മാത്രം പോരല്ലോ.
ഇത്രയും പ്രമാദമായ കേസില്‍ ഇതുവരെ ഒരു എഫ്.ഐ.ആര്‍. പോലും എടുത്തിട്ടില്ല എന്നാണ് അറിയുന്നത്. ഇവിടെ നിയമത്തിനൊന്നും ഒരു വിലയുമില്ലാത്ത റിപ്പബ്ലിക്കായി മാറുകയാണോ.
താരങ്ങള്‍ ഉന്നയിച്ച് ലൈംഗിക ആരോപണത്തില്‍ സത്യമുണ്ടെന്ന് തെളിവുകള്‍ സഹിതം ബന്ധപ്പെട്ടവര്‍ക്കു മുന്നില്‍ പറഞ്ഞപ്പോള്‍ തന്നെയും ഭാര്യയെയും സായി-യില്‍ നിന്നും പുറത്താക്കുകയാണ് ചെയ്തതെന്ന് സായ് മുന്‍ ഫിസിയോ രരഞ്ജിത് മാലിക് പറയുന്നു.

ഞെട്ടിക്കുന്ന വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. 2014-ല്‍ ലഖ്‌നൗവില്‍ നടത്തിയ ദേശീയ ക്യാമ്പിനിടെ ദുരനുഭവം നേരിട്ട ജൂനിയര്‍ വനിതാ താരങ്ങള്‍ തന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും ബ്രിജ്ഭൂഷണെ കാണാന്‍ ഇവരുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായെന്നും മാലിക് പറയുന്നു. രാത്രി സായി കേന്ദ്രത്തിന്റെ പുറത്തുള്ള വാഹനങ്ങളില്‍ ബ്രിജ് ഭൂഷന്റെ കൂട്ടാളികള്‍ വന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാറാണ് പതിവ്. നടന്ന കാര്യങ്ങള്‍ അവര്‍ പിന്നീട് വെളിപ്പെടുത്തിയപ്പോള്‍ വനിതാ കോച്ചിനോട് പരാതി പറഞ്ഞു. നടപടിയൊന്നും ഉണ്ടായില്ല. പരാതിപ്പെട്ടപ്പോള്‍ തന്നെയും ഭാര്യയെയും പുറത്താക്കുകയാണ് ചെയ്തത്-പരംജിത് മാലിക് പറഞ്ഞതിങ്ങനെ. ഇതൊന്നും താങ്കള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ലേ ശ്രീമതി പി.ടി.ഉഷ?
താരങ്ങള്‍ക്കെതിരായ അതിക്രമ പരാതി ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി പോലും അഭിപ്രായപ്പെട്ട് നോട്ടീസയച്ചിരിക്കുന്നു. അതൊന്നും രാജ്യപ്രതിച്ഛായയെ ബാധിക്കില്ലേ. അസോസിയേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് ബി.ജെ.പി.യുടെ എം.പി.യാണ്. അദ്ദേഹം ഉത്തര്‍ പ്രദേശില്‍ ദശാബ്ദങ്ങളായി ലോക്‌സഭാംഗമാണ്. അദ്ദേഹം വലിയ വിദ്യാഭ്യാസ ബിസിനസ്സുകാരനും ബിജെപി നേതാക്കളുടെ പ്രിയപ്പെട്ട ആളുമാണ്. ഇങ്ങനെയായാല്‍ എന്തും ചെയ്യാം എന്നാണോ ശ്രീമതി ഉഷ ? ഒളിംപിക് അസോസിയേഷന് ഉത്തരവാദിത്വം ഉണ്ടെങ്കില്‍, താങ്കള്‍ ഇരിക്കുന്ന ഉന്നതമായ കസേരയ്ക്ക് മാന്യത ഉണ്ടാവണമെങ്കില്‍ ആത്മാഭിമാനത്തിനായി പ്രതിഷേധിക്കുന്ന ലോകതാരങ്ങള്‍ ഉന്നയിക്കുന്ന പരാതിയില്‍ ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്യുക. അതിനുശേഷം പോരേ രാജ്യപ്രതിച്ഛായ താരങ്ങള്‍ നഷ്ടപ്പെടുത്തി എന്ന പഴിപറയല്‍.
എല്ലാറ്റിലും ഉപരി താങ്കള്‍ ഒരു സ്ത്രീയാണെന്ന ചിന്തയില്‍ സ്വന്തം ശരീരം ഒരു മേലധികാരിയില്‍ നിന്നും സംരക്ഷിക്കാന്‍ പടപൊരുതുന്ന ഒരു പറ്റം വനിതകളുടെ പ്രാഥമിക അവകാശമെങ്കിലും അനുവദിച്ചു നല്‍കുക. ‘ ഇത്തറവാടിത്ത ഘോഷണത്തെക്കാളും വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍’ എന്ന് പാടിയ കവിയുടെ നാട്ടിലാണ് താങ്കള്‍ ജനിച്ചത് എന്നെങ്കിലും ഓര്‍ക്കുക ബഹുമാനപ്പെട്ട ഉഷ.