Categories
latest news

യു.പി. കൊലപാതകങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ ദേശീയ ദിനപത്രങ്ങള്‍

ഗുണ്ടാ-രാഷ്ട്രീയ നേതാവ് അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും പോലീസ് കസ്റ്റഡിയിലിരിക്കെ കൊലപ്പെടുത്തിയതിനെ കുറിച്ചും അതിഖിന്റെ മകൻ ആസാദിന്റെയും നിരവധി സഹായികളുടെയും ‘ഏറ്റുമുട്ടൽ’ കൊലപാതകങ്ങളെ കുറിച്ചും കടുത്ത വിമര്‍ശനവുമായി ഇംഗ്ലീഷ് ദിനപത്രങ്ങള്‍. ഉത്തര്‍പ്രദേശിലെ നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് പ്രമുഖ പത്രങ്ങളുടെ എഡിറ്റോറിയലുകള്‍ വിമര്‍ശിക്കുന്നു. നികൃഷ്ടമായ നിയമരാഹിത്യം എന്നാണ് ദ് ഹിന്ദു എഡിറ്റോറിയല്‍ വിശേഷിപ്പിക്കുന്നത്.
യുപി കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്ന് പത്രം പറയുന്നു . “യുപി പോലീസിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ ആറ് വർഷത്തിനിടെ 183 കുറ്റവാളികൾ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. 2017 മാർച്ചിനുശേഷം 10,900-ലധികം പോലീസ് ഏറ്റുമുട്ടലുകൾ നടന്നു. യുപി പോലീസും ഭരണകൂടവും നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും സംശയാസ്പദവും വിവേചനപരവുമായ പ്രയോഗത്തിലൂടെ അതിന്റെ നിയമപരമായ അധികാരത്തിന്റെ പരിധികൾലംഘിച്ചിരിക്കുകയാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്നവരുടെയോ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെയോ സ്വത്തുക്കൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. സ്വതന്ത്ര സ്വഭാവമുള്ള അന്വേഷണം ആവശ്യമാണ്.”–ദി ഹിന്ദു ദിനപത്രം എഴുതി.

ആതിഖിന്റെയും അഷ്‌റഫിന്റെയും മരണം ആഘോഷിക്കുന്ന നേതാക്കൾ, ‘ക്രിമിനലുകളെ’ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും എന്താണ് യഥാര്‍ഥത്തില്‍ അന്വേഷണം നടത്തി ഉദ്ദേശിക്കുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ചോദിക്കുന്നു. യു.പി. പോലീസിന് ഇതിന് ഉത്തരം നല്‍കാന്‍ കഴിവില്ലായ്മയും നിസ്സഹായതയും ഉണ്ടെന്നും പത്രം പറയുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം 2017 മുതല്‍ നടത്തിയ 183-ാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നു അതീഖിന്റെ 19-കാരനായ മകന്‍ അസദിന്റെയും സഹായി ഗുലാം ഹുസൈന്റെയും. ഇരുവരെയും രണ്ടു ദിവസം മുമ്പാണ് യു.പി. പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഇതെല്ലാം മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും നേട്ടങ്ങളായാണ് ഉദ്‌ഘോഷിക്കുന്നത്–പത്രം വിമര്‍ശിക്കുന്നു.

thepoliticaleditor

യുപിയിൽ തോക്ക് കൈവശമുള്ള ആരെങ്കിലും കൊല്ലാനുള്ള ലൈസൻസ് അവകാശപ്പെടുന്നുണ്ടോ? യോഗി ആദിത്യനാഥ് സർക്കാരിന്റെ വികസന വാഗ്ദാനങ്ങൾ ക്രമസമാധാനപാലനത്തിൽ പ്രതിജ്ഞാബദ്ധമാണ് എന്ന് പറയുന്നതിന്റെ നേർവിപരീതമാണിത്. അതിഖ് അഹമ്മദിന്റെ കൊലയാളികൾക്കായി നീതിയുടെ ചക്രങ്ങൾ ഇനി എങ്ങനെ നീങ്ങുന്നു എന്നത് സംസ്ഥാനത്തു നിയമവാഴ്ച നടപ്പിലാക്കുന്നതിനുള്ള ഭരണകൂടത്തിന്റെ വിശ്വാസ്യതയുടെയും കഴിവിന്റേയും യഥാർത്ഥ പരിശോധനയായിരിക്കും –ഇന്ത്യൻ എക്സ്പ്രസ്സ് എഴുതി.

“ശനിയാഴ്‌ച വൈകുന്നേരത്തെ കൊലപാതകങ്ങൾ ക്രമസമാധാന നിലയിൽ നാടകീയമായ പുരോഗതിയുണ്ടെന്ന ഉത്തർപ്രദേശിന്റെ അവകാശവാദങ്ങൾക്ക് വലിയ പ്രഹരമാണ്”–ഹിന്ദുസ്ഥാൻ ടൈംസ് എഴുതി. അതിഖിന്റെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസിന് നന്നായി അറിയാമായിരുന്നു . അതിനാൽ മതിയായ സുരക്ഷ ഒരുക്കുന്നതിൽ അവർ പരാജയപ്പെട്ടതിന് ന്യായീകരണമില്ല.–പത്രം വിമർശിക്കുന്നു.

അതിഖിന്റെയും സഹോദരന്റെയും കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ വമ്പിച്ച പരാജയം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ വിമര്‍ശിക്കുന്നത്. ക്രമസമാധാനത്തെ പറ്റിയുള്ള യു.പി.സര്‍ക്കാരിന്റെ അവകാശവാദങ്ങളെ ഇനി ഗൗരവമായി കാണണമെങ്കില്‍ അതിഖിന്റെയും കുടുംബാംഗങ്ങളുടെയും കൊലപാതകങ്ങളെപ്പറ്റി സമഗ്രമായി അന്വേഷിക്കണമെന്നും ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയലില്‍ ആവശ്യപ്പെട്ടു.
അതീഖിന്റെ ജീവിത യാത്ര സംസ്ഥാനത്തെ ക്രിമിനല്‍-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിലേക്ക് വിരല്‍ ചൂണ്ടുന്ന ഒന്നാണ്. പോലീസിന്റെയും നിയമവിരുദ്ധ ഏറ്റുമുട്ടലുകളുടെയും കാര്യത്തിൽ ഇന്ത്യയ്ക്ക് ഇരുണ്ട ചരിത്രമുണ്ട്. ഇത് പ്രവർത്തനരഹിതമായ ഒരു ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ലക്ഷണമാണ്.–ടൈംസ് ഓഫ് ഇന്ത്യ വിമർശിച്ചു.

ഏറ്റവും കുറഞ്ഞ സുരക്ഷയോടെ രാത്രിയിൽ ആതിഖിനെയും അഷ്‌റഫിനെയും വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോകുന്നതുൾപ്പെടെ കൊലപാതകങ്ങൾക്ക് വഴിയൊരുക്കിയ പോലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് ഡെക്കാൻ ഹെറാൾഡിന്റെ എഡിറ്റോറിയൽ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. ഈ സംഭവവും കേസുമായി ബന്ധപ്പെട്ട മറ്റ് ‘ഏറ്റുമുട്ടൽ’ കൊലപാതകങ്ങളും സംസ്ഥാനത്തെ അക്രമത്തിന്റെ ആവാസവ്യവസ്ഥയുടെ ഭാഗമാണ് എന്നും പ്രധാനമായും ന്യൂനപക്ഷ സമുദായത്തിനെതിരെയുള്ള ആക്രമണങ്ങളുടെ ശൃംഖലയാണ് എന്നും ഡെക്കാൻ ഹെറാൾഡ് അഭിപ്രായപ്പെടുന്നു.

“അതിഖ് അഹമ്മദിനും കൂട്ടാളികൾക്കും എതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്നത് ശരിയാണെങ്കിലും, കുറ്റവാളിയെ കൊല്ലാൻ ഭരണകൂടത്തിന് അവകാശമില്ല. സമൂഹത്തിൽ അരാജകത്വമുണ്ടാകുമെന്നതിനാൽ കൊടും കുറ്റവാളിക്ക് പോലും നിയമനടപടിയുടെ ആനുകൂല്യം ലഭിക്കണം”.–ഡെക്കാൻ ഹെറാൾഡ് എഡിറ്റോറിയൽ പറയുന്നു.

Spread the love
English Summary: NATIONAL DAILY EDITORIALS ON ATHIQ MURDER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick