Categories
latest news

തെലങ്കാനയില്‍ സര്‍ക്കാരിനെ വിവാദത്തിലാക്കി പി.എസ്.സി, എസ്.എസ്.സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകള്‍

ഡെല്‍ഹി മദ്യനയ കുംഭകോണക്കേസില്‍ വിവാദത്തില്‍ പെട്ട തെലങ്കാനയിലെ ഭാരത രാഷ്ട്രസമിതി നേതാവ് കെ.കവിതയെ കേന്ദ്ര ഏജന്‍സികള്‍ കുരുക്കുന്നു എന്ന ആരോപണം നിലനിലല്‍ക്കവേ, സംസ്ഥാനത്ത് രണ്ട് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചാ വിവാദവും. സര്‍ക്കാരിന്റെ പി.എസ്.സി. ചോദ്യപ്പേപ്പറും എസ്.എസ്.സി.പരീക്ഷയുടെ ചോദ്യപ്പേപ്പറുമാണ് ചോര്‍ന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇതോടെ സംസ്ഥാന സര്‍ക്കാര്‍ വലിയ വിവാദത്തിലുമായിരിക്കുന്നു. ഈ അവസരം മുതലെടുത്ത് ബിജെപി വലിയ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ തുടക്കത്തിലാണ്.

thepoliticaleditor

തെലങ്കാന സ്റ്റേറ്റ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോര്‍ന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത് അന്വേഷിക്കാന്‍ കഴിഞ്ഞ മാസം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം വലിയ ക്രമക്കേട് കണ്ടെത്തിയിരുന്നു. കമ്മീഷന്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്നും ചോദ്യപ്പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് പത്ത് ലക്ഷം രൂപയ്ക്ക് വിറ്റതായാണ് കണ്ടെത്തല്‍.

ഇതിനു തൊട്ടുപിറകെയാണ് എസ്.എസ്.സി. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി വിവരം പുറത്തുവരുന്നത്. പരീക്ഷ തുടങ്ങി മനിറ്റുകള്‍ക്കകം ചോദ്യപ്പേപ്പര്‍ ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയതാണ് ക്രമക്കേടിലേക്ക് വിരല്‍ ചൂണ്ടുന്നത്.

പ്രതിപക്ഷകക്ഷികള്‍ പ്രത്യേകിച്ച് ബിജെപി ഈ അവസരം മുതലെടുത്ത് വലിയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഭരണകക്ഷിയായ ബി.ആര്‍.എസിനെ ബി.ജെപി.ക്കെതിരായ പോരാട്ടത്തില്‍ പിന്തുണയ്ക്കുന്ന ഇടതുപക്ഷവും ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കയാണ്.

ചോദ്യപ്പേപ്പര്‍ വിവാദം കെട്ടിച്ചമച്ചത് ബിജെപിയാണെന്നാരോപിച്ച് തിരിച്ചടിച്ചു തുടങ്ങിയിരിക്കുന്ന ബി.ആര്‍.എസ്. ഇന്ന് പുലര്‍ച്ചെ ബിജെപി. തെലങ്കാന അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധ കലുഷമായിരിക്കയാണ് സംസ്ഥാനം. മുഖ്യമന്ത്രിയുടെ കുടുംബത്തിന് ചോര്‍ച്ചയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ബിജെപി പ്രതിഷേധിക്കുന്നത്. ഇതിനുള്ള മറുപടിയാണ് ബിജെപി അധ്യക്ഷന്റെ അറസ്റ്റ്. തെലങ്കാനയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ കയ്യില്‍ മികച്ച ഒരു ആയുധം കിട്ടിയതുപോലെയായിരിക്കുന്നു ചോദ്യപ്പേപ്പര്‍ വിവാദം.

Spread the love
English Summary: growing pressure on KCR govt over paper leaks

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick