Categories
latest news

യു.പിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മാഫിയ തലവനും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടു

രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍, ഉത്തര്‍പ്രദേശില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോള്‍ മുന്‍ എംപിയും രാഷ്ട്രീയക്കാരനും ഇപ്പോള്‍ മാഫിയ തലവനുമായ അതീഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രയാഗ് രാജില്‍ വെച്ചായിരുന്നു കൊലപാതകങ്ങള്‍.

കൊലപാതകത്തിന് തൊട്ടുമുമ്പ് എടുത്ത ചിത്രം. ആതിഖിനെയും സഹോദരൻ അഷ്റഫിനെയും മെഡിക്കൽ ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.

പൊലീസ് വാനില്‍ നിന്നും ഇറങ്ങി ആശുപത്രിക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു നില്‍ക്കവേ, മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തലയ്ക്കാണ് ഇരുവര്‍ക്കും വെടിയേറ്റത്. പോയിന്റ് ബ്ലാങ്കില്‍ നിന്നാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്നു പറയുന്നു. പൊലീസ് സുരക്ഷാവലയം തകര്‍ത്താണ് മൂന്ന് അക്രമികള്‍ എത്തിയതെന്നും പറയപ്പെടുന്നു.

thepoliticaleditor
അതീഖിന്റെ തലയിലേക്ക് നിറയൊഴിക്കുന്നതിന്റെ ചിത്രം

സംഭവത്തിൽ മൂന്നു പേരെ യുപി പോലീസ് പിടികൂടി. ലവ്‌ലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ മൂവരും കീഴടങ്ങി. മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.വെടിവെപ്പിൽ പൊലീസ് കോൺസ്റ്റബിൾ മാൻ സിങ്ങിന് നിസാര പരിക്കേറ്റു. വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ പാനൽ രൂപീകരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 17 പോലീസുകാരെ ഉടൻ സസ്‌പെൻഡ് ചെയ്തു.

രണ്ട് അക്രമികളെ പോലീസുകാർ പിടികൂടുന്നു

ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഇരുവരേയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അവരെ സബർമതി ബറേലി ജയിലിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് കൊണ്ടു വരികയായിരുന്നു.

അതിഖിന്റെ തറവാട്ടു വസതി സ്ഥിതി ചെയ്യുന്ന ചക്കിയ ലോക്കലിൽ പോലീസ് ഫ്ലാഗ് മാർച്ച് നടത്തി. പ്രയാഗ്‌രാജിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ജില്ലാ അതിർത്തികൾ അടച്ചു.

സംഭവസ്ഥലത്ത് വീണു കിടക്കുന്ന വീഡിയോ ക്യാമറയും മൈക്ക് ഐഡിയും. ഇവ അക്രമികളുടെതാണെന്നു കരുതുന്നു

അഹമ്മദിന്റെ മകൻ അസദും (19) ഒരു കൂട്ടാളിയും ഏപ്രിൽ 13 ന് ഝാൻസിയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു . ഉമേഷ് പാൽ വധക്കേസിൽ പൊലീസ് തിരയുന്ന കുറ്റവാളിയായ അസദിനെയും കൂട്ടാളി ഗുലാമിനെയും ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു . അസദ് അഹമ്മദിൻ്റെ അന്ത്യകർമങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് മുൻ എംപി ആതിഖ് അഹമ്മദ് കൊല്ലപ്പെടുന്നത്. മകൻ്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ അതിഖ് വെള്ളിയാഴ്ച മജിസ്‌ട്രേറ്റിനോട് അനുമതി തേടിയിരുന്നു. അംബേദ്കർ ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ച അവധിയായതിനാൽ അപേക്ഷ പരിഗണിച്ചിരുന്നില്ല. തുടർന്ന് റിമാൻഡ് മജിസ്‌ട്രേറ്റിന് അപേക്ഷ അയച്ചതായി അദ്ദേഹത്തിൻ്റെ അഭിഭാഷകൻ മനീഷ് ഖന്ന പിടിഐയോട് പറഞ്ഞു.

അതിഖ് അഹമ്മദിൻ്റെ മറ്റ് മക്കളിൽ മൂത്ത മകൻ ഉമർ ലഖ്‌നൗ ജയിലിലും രണ്ടാമത്തെ മകൻ അലി നൈനി സെൻട്രൽ ജയിലിലുമാണ്. അതീഖിന്റെ മരണവാർത്ത അറിഞ്ഞയുടൻ അതീഖിന്റെ രണ്ടാമത്തെ മകൻ അലി ബോധരഹിതനായി.  ആതിഖിന്റെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കളായ നാലാമത്തെ മകൻ ഐസാമും ഇളയ മകൻ ആബാനും പ്രയാഗ്‌രാജിലെ ജുവനൈൽ ഹോമിലാണ്.

Spread the love
English Summary: Atiq Ahmed, brother shot dead while in police custody in Uttar Pradesh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick