Categories
kerala

ബിജെപീ…എന്തിനാണ് നിങ്ങളുടെ ഈ അഭ്യാസം…ഇത് കാപട്യമാണെന്ന് എല്ലാവര്‍ക്കും അറിയാം, ഒരു ഗുണവും ഇല്ല

നാടകീയ സംഭവങ്ങള്‍ നിറഞ്ഞ നാടകമാണ് കേരളത്തില്‍ ബിജെപി കളിച്ചുകൊണ്ടിരിക്കുന്നത്, എന്നാല്‍ അതില്‍ നിറഞ്ഞിരിക്കുന്ന കാപട്യം അന്നം തിന്നുന്ന എല്ലാവര്‍ക്കും മനസിലാവുകയും ചെയ്യുന്നു എന്നതാണ് രസകരം. ബിഷപ്പ് മാര്‍ പാംപ്ലാനിയും ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയും കാര്‍മികത്വം വഹിച്ചാല്‍ തീരുന്നതല്ല കേരളത്തിലെ ക്രൈസ്തവസമൂഹത്തില്‍ ബി.ജെ.പി.യെക്കുറിച്ചുള്ള അവിശ്വാസം.

പ്രേഷിത പ്രവൃത്തി നടത്തിയെന്ന് വ്യാജമായി ആരോപിച്ച് ഗ്രാഹാം സ്റ്റെയിന്‍സ് എന്ന വിദേശിയെയും ഭാര്യയെയും പിഞ്ചുമക്കളെയും പച്ചയ്ക്ക് ചുട്ടുകൊന്നവരുടെ പ്രത്യയശാസ്ത്ര പിന്മുറക്കാര്‍…ഫാദര്‍ സ്റ്റാന്‍ സ്വാമി എന്ന വയോവൃദ്ധനായ പാതിരിക്ക് ഭീമ കൊറേഗാവ് സംഭവത്തിലും മാവോയിസവുമായും ബന്ധമുണ്ടെന്ന് കൃത്യമായ ഒരു തെളിവിന്റെയും അടിസ്ഥാനത്തിലല്ലാതെ ആരോപിച്ച് പിടിച്ച് വിചാരണ പോലും നടത്താതെ അകത്തിട്ട്, ശരീരത്തിന്റെ 88 ശതമാനം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഇരയായിട്ടും ജയിലിലിട്ട് പീഢിപ്പിച്ച്, ദ്രാവകരൂപത്തില്‍ ആഹാരം കഴിക്കാനായി ആവശ്യപ്പെട്ട ഒരു കപ്പ് പോലും നല്‍കാതെ, ജയിലില്‍ തന്നെ കാലപുരിക്കയച്ചവരുടെ സഹചാരികള്‍… യു.പി.യിലും ഛത്തീസ്ഗഢിലും ഗുജറാത്തിലുമെല്ലാമായി 600-ലധികം അക്രമസംഭവങ്ങളിലായി പള്ളികള്‍ തകര്‍ക്കുകയും കന്യാസ്ത്രീകളെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും എല്ലാം ചെയ്ത ചരിത്രമുള്ളവര്‍…എന്തിന് ഈ കേരളത്തില്‍ ആലുവ മണപ്പുറത്ത് ഒരു സിനിമയ്ക്കായി ഒരു പള്ളിയുടെ സെറ്റിട്ടപ്പോള്‍ അതു പോലും വര്‍ഗീയാന്ധതയുടെ പേരില്‍ തകര്‍ത്തവര്‍…ഇവരെയെല്ലാം പോറ്റിവളര്‍ത്തുന്ന സംഘപരിവാര്‍ എന്ന കുടക്കീഴിലുള്ളവരെ നയിക്കുന്ന രാഷ്ട്രീയ രൂപമാണ് നിങ്ങള്‍. നിങ്ങള്‍ ഇനി എത്ര തലകുത്തി മറിഞ്ഞാലും കേരളത്തിലെ സാധാരണ ക്രൈസ്തവര്‍ നിങ്ങളുടെ രാഷ്ട്രീയത്തിനൊപ്പം അണിചേരില്ല.

thepoliticaleditor

ക്രൈസ്തവരില്‍ മുസ്ലീം വിരോധം നിറയ്ക്കാന്‍ നിങ്ങള്‍ നേരത്തെ തുടങ്ങിയ ഒരു ഗെയിം ഉണ്ട്. അതില്‍ ചിലര്‍ കൊത്തിയിട്ടുമുണ്ട്. എവിടെയോ കിടക്കുന്ന രാജ്യമായ തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളിയുടെ കാര്യം പറഞ്ഞ് നിങ്ങള്‍ പ്രചരിപ്പിച്ചത് ആരെങ്കിലും മറക്കുമോ.

ക്രിസ്ത്യന്‍ ദേവാലയവും പിന്നീട് മ്യൂസിയവുമാക്കിയ ഹാഗിയ സോഫിയ പളളി അവിടുത്തെ മുസ്ലീം ഭരണാധികാരിയായ തയ്യിബ് ഏര്‍ദോഗന്‍ ഏറ്റെടുത്ത് ഇപ്പോള്‍ മുസ്ലീം പള്ളിയാക്കി മാറ്റിയ കാര്യം പറഞ്ഞ് നിങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച മുസ്ലീം വിരോധം സത്യത്തില്‍ എന്തുമാത്രം അസംബന്ധമായിരുന്നു കേരളത്തെ സംബന്ധിച്ച്. 800 കൊല്ലം മുമ്പ് ഭരിച്ച ഒരു മുഗള്‍ രാജാവ് നടത്തിയ ഒരു ആക്രമണത്തിന്റെ പേരില്‍ 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന മുസ്ലീങ്ങളെ വിദ്വേഷത്തോടെ ആക്രമിക്കുന്നതിലെ യുക്തിയില്ലായ്മയും ഭ്രാന്തും പോലെയായിരുന്നല്ലോ ഈ ഹാഗിയ സോഫിയയും.

അതേസമയം തുര്‍ക്കിയിലെ തയ്യിബ് എര്‍ദോഗന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തും. ഇരുവരുടെയും സമഗ്രാധിപത്യ-ഏകാധിപത്യ വാഴ്ചയുടെ ഇരകളാണ് ഇരു രാജ്യത്തുള്ളവരും ഇപ്പോള്‍. അവരുടെ പ്രവൃത്തികള്‍ക്കു തമ്മില്‍ ഒട്ടേറെ സമാനതകള്‍ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ അവര്‍ ഇരകളാക്കുന്നതോ നാട്ടിലെ സാധാരണ മതവിശ്വാസികളെയും. ഇതെല്ലാം വിവേകമുള്ളവര്‍ കാണുന്നുണ്ട് എന്ന് ഓര്‍ക്കുക. പാംപ്ലാനിയെയും ആലഞ്ചേരിയെയും ജനം പഠിപ്പിക്കുക തന്നെ ചെയ്യും എന്നതാണ് അവരുടെ സമുദായത്തിലെ താഴെത്തട്ടിലെ അഭിപ്രായം.
വിചാരധാര നിങ്ങളുടെ എക്കാലത്തെയും പ്രാമാണിക മാര്‍ഗ രേഖയാണ്. അതില്‍ നിങ്ങളുടെ ആഭ്യന്തര ശത്രുക്കള്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ്. അത് ഇനിയും തുടരുക തന്നെ ചെയ്യും എന്നതും പരമാര്‍ഥമാണ്. അതല്ല സത്യം എങ്കില്‍ ആദ്യം നിങ്ങള്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്നത് ശരിയായില്ലന്ന് പറഞ്ഞ് മാപ്പു ചോദിക്കൂ…സ്റ്റാന്‍സ്വാമിക്ക് നീതി നല്‍കിയില്ലെന്ന് ഖേദപ്രകടനം നടത്തൂ…ഇതൊക്കെ ചെയ്തതിനു ശേഷം മാത്രമേ നിങ്ങള്‍ക്ക് ഇപ്പോഴത്തെ അഭ്യാസങ്ങള്‍ നടത്താന്‍ ധാര്‍മികവും രാഷ്ട്രീയവുമായ അര്‍ഹതയുള്ളൂ.


നിങ്ങളുടെ പ്രഭാരി പ്രകാശ് ജാവഡേക്കര്‍ കൊച്ചിയില്‍ കഴിഞ്ഞ ദിവസം നിങ്ങളുടെ സംസ്ഥാനതല നേതൃയോഗത്തില്‍ പറഞ്ഞതായി വന്ന വാര്‍ത്തയില്‍ പറയുന്നത് ഇതാണ്–” ഏതു മതമായാലും ജാതിയായാലും നാമെല്ലാം ഇന്ത്യൻ പൗരന്മാരാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നേ‌ാട്ടുവയ്ക്കുന്നത്. അതിന്റെ ഭാഗമായാണ് ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ക്രിസ്തീയ ദേവാലയങ്ങളും ഭവനങ്ങളും സന്ദർശിച്ചത്. വിഷുദിനത്തിൽ മുസ്‌ലിം–ക്രിസ്ത്യൻ മതക്കാരെ വീടുകളിലേക്കു ക്ഷണിക്കാനും കൈനീട്ടമടക്കം നൽകാനും ബിജെപി പ്രവർത്തകർ തയാറാകണം. ഈദിനു മു‌സ്‌ലിം ഭവനങ്ങൾ സന്ദർശിക്കണം”.!!

ഇത് അങ്ങേയറ്റത്തെ കാപട്യമാണെന്നതിന് എത്ര തെളിവുകളെങ്കിലും ഇനിയും കണ്ടെത്താന്‍ കഴിയും. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ പൗരത്വം പോലും നിശ്ചയിക്കാന്‍ ഉദ്ദേശിക്കുന്നവരല്ല നിങ്ങള്‍. എന്നിട്ടാണോ ഏത് മതത്തിലും പെട്ട എല്ലാവരും ഇന്ത്യന്‍ പൗരന്‍മാരാണെന്ന് ഗീര്‍വാണം. ഇതൊക്കെ അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കുമോ. പൗരത്വ നിയമഭേദഗതി പാസ്സാക്കിയ കാബിനറ്റില്‍ അംഗമായ ആളല്ലേ ജാവഡേക്കര്‍. ഇന്ത്യന്‍ ഭരണഘടനയിലെ മനോഹരമായ പൗരത്വ സങ്കല്‍പങ്ങള്‍ വെട്ടിക്കളഞ്ഞതിന് ചൂട്ടു പിടിച്ച ജാവഡേക്കര്‍ ഇപ്പോള്‍ അടിച്ചു വിടുന്ന വിടുവായത്തങ്ങള്‍ കേരളത്തിലെ അഭ്യസ്ത വിദ്യരായ ജനത എങ്ങിനെ സ്വീകരിക്കും.

നേരത്തെ പി.സി.തോമസിലൂടെ, കെ.എം.മാണിയെ സ്വാധീനിക്കാന്‍ വൃഥാശ്രമം നടത്തിയതിലൂടെ, അല്‍ഫോണ്‍സ് കണ്ണന്താനത്തെ, ടോം വടക്കനെ ഒക്കെ പൊക്കി നടന്നതിലൂടെ, ഇപ്പോള്‍ ്അനില്‍ ആന്റണി എന്ന കേരളീയ ജീവിതത്തില്‍ ഒരിക്കലും ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലാത്ത, ഇനി ചെലുത്താനും ഇടയില്ലാത്ത വ്യക്തിയെ ഏറ്റെടുത്തതിലൂടെ, കേരളത്തിലെ രാഷ്ട്രീയ ലോകത്തില്‍ വോട്ടുബാങ്കാവാം എന്ന് മനപ്പായസം ഉണ്ടവരും ഉണ്ണുന്നവരുമാണല്ലോ നിങ്ങള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 35 സീറ്റ് കിട്ടുമെന്നും ഭരണം കിട്ടുമെന്നും വ്യാമോഹിച്ചവര്‍…ശബരിമല അയ്യപ്പന്‍ 16 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിങ്ങളെ ജയിപ്പിക്കുമെന്ന് സ്വപ്‌നം കണ്ടവര്‍….ഒരോന്ന് പറഞ്ഞ് ദേശീയ നേതാക്കളെ തെറ്റിദ്ധരിപ്പിച്ച് എല്ലാം പാഴാകുമ്പോള്‍ ചമ്മി നാണം കെടുന്നവര്‍.

നിങ്ങളില്‍ വിശ്വാസ്യതയുള്ള ഒരു നേതാവിനെയെങ്കിലും കാണിച്ചുതരാന്‍ പറഞ്ഞാല്‍ ആരുണ്ട്…പറഞ്ഞ വാക്കിന് വില കല്‍പിക്കുന്ന എത്ര പേരുണ്ട്. അതു കൊണ്ടാണ് നിങ്ങളെ ജനം തിരസ്‌കരിക്കുന്നത്. അത് ഇനിയും തുടരും. വന്ദേഭാരത് ട്രെയിന്‍ എത്ര വേണമെങ്കിലും തരുമെന്ന് ഗീര്‍വാണം അടിച്ച് നിങ്ങളുടെ സംസ്ഥാന അധ്യക്ഷന്‍ നാക്ക് വായിലേക്കിടും മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പണി കിട്ടിയത് ഓര്‍മയില്ലേ- കേരളത്തിന് നിലവില്‍ വന്ദേഭാരത് ട്രെയിന്‍ നല്‍കാന്‍ ആലോചനയില്ല എന്ന് പാര്‍ലമെന്റില്‍ എന്‍.കെ. പ്രേമചന്ദ്രന് നല്‍കിയ മറുപടി.!! വെറുതെയല്ല നിങ്ങള്‍ സമൂഹത്തില്‍ വിശ്വാസ്യതയില്ലാത്തവരായി നാണം കെട്ട് പോകുന്നത്.

ആദ്യം വാക്കും പ്രവൃത്തിയും തമ്മിലുള്ള സത്യമായ ബന്ധത്തില്‍ ശ്രദ്ധിക്കുക. കാപട്യം കൊണ്ട് ഉത്തരേന്ത്യയില്‍ വോട്ട് ബാങ്ക് എളുപ്പം ഉണ്ടാക്കാന്‍ കഴിയുമായിരിക്കും. പക്ഷേ കേരളത്തില്‍ അതിന് ഇനിയും എത്ര വെള്ളം കുടിച്ചാലും ബുദ്ധിമുട്ടാണെന്ന് തിരിച്ചറിയുക. രാഷ്ട്രീയം കേരളത്തിലെങ്കിലും ബുദ്ധിശൂന്യതയുടെ പ്രകടനമല്ല !!

Spread the love
English Summary: DOUBLE FACE OF BJP IN INDIA KERALA RAISES SEVERAL QUESTIONS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick