Categories
latest news

നെഹ്‌റുവും അംബേദ്കറും…അവര്‍ പരസ്പരം ഏറ്റുമുട്ടിയ ആശയങ്ങള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍…ആരായിരുന്നു ശരി ?

ഇന്ത്യ സ്വതന്ത്രമാകുന്നതിന് ആഴ്ചകൾക്ക് മുമ്പ്, ജവഹർലാൽ നെഹ്‌റു തന്റെ മന്ത്രിസഭയിൽ നിയമമന്ത്രിയായി ചേരാൻ ബി ആർ അംബേദ്കറെ ക്ഷണിച്ചു. കാബിനറ്റിലെ മറ്റനേകം അംഗങ്ങളെപ്പോലെ, അംബേദ്കർ കോൺഗ്രസ് പാർട്ടിയുടെ ഭാഗമായിരുന്നില്ല. നെഹ്‌റുവും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മറ്റ് മുതിർന്ന നേതാക്കളും വിശ്വസിച്ചിരുന്ന മൂല്യങ്ങളിൽ പലതും അദ്ദേഹം പങ്കുവെച്ചിരുന്നില്ല.

അംബേദ്കറെ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തത് നെഹ്‌റു ആയിരുന്നില്ല . സ്വാതന്ത്ര്യം നേടിയത് കോൺഗ്രസല്ല ഇന്ത്യയാണെന്നതിനാൽ, മറ്റ് രാഷ്ട്രീയ ചായ്‌വുള്ള പ്രമുഖരോടും സർക്കാരിനെ നയിക്കാൻ ആവശ്യപ്പെടണമെന്നും പ്രത്യേകിച്ച് അംബേദ്കറെ എന്ന് വിശ്വസിച്ചത് മഹാത്മാഗാന്ധിയാണ്.

thepoliticaleditor

നെഹ്‌റുവിനും അംബേദ്കറിനും പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ടായിരുന്നു, പ്രത്യേകിച്ച് ജാതി സംവരണം, ഹിന്ദു നിയമത്തിന്റെ ക്രോഡീകരണം, വിദേശനയം എന്നിവയെക്കുറിച്ചുള്ള അവരുടെ ആശയങ്ങൾ വൈരുദ്ധ്യമുള്ളവയായിരുന്നു.

നെഹ്‌റുവും അംബേദ്കറും രണ്ട് വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നാണ് വന്നത്. ആദ്യത്തെ ആൾ ഉയർന്ന കോസ്‌മോപൊളിറ്റൻ ബ്രാഹ്മണ കുടുംബത്തിലും രണ്ടാമത്തേയാൾ മഹാരാഷ്ട്രയിലെ ഗ്രാമത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ താമസിക്കുന്ന സാമൂഹികമായി ബഹിഷ്‌കൃതരായ ദളിത് കുടുംബത്തിലുള്ളയാളും . ചെറുപ്പ കാലത്തുതന്നെ നെഹ്‌റു മതത്തോട് ആഭ്യമുഖ്യമുള്ള ഒരാളെന്നതിനേക്കാൾ മതേതര മാനവികവാദിയും ബുദ്ധിജീവിയും ആയിരുന്നു . ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം കാര്യക്ഷമതയ്ക്ക് മുൻഗണന നൽകുന്നതും ആധുനികവുമായിരുന്നു.

ചെറുപ്പത്തിൽ തന്നെ വിവേചനം നേരിട്ട അംബേദ്കർ, അക്കാലത്ത് ആർഎസ്എസ് മുന്നോട്ടുവച്ച ഹിന്ദുമത സങ്കൽപ്പത്തിൽ നിരാശനായിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും പഠിച്ച അദ്ദേഹം ജാതിയുടെ തിക്ത ഫലങ്ങൾ ചെറുപ്പത്തിലേ രുചിച്ചറിഞ്ഞിരുന്നു. ജാതി രാഷ്ട്രീയത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് നെഹ്‌റു എഴുതിയപ്പോൾ, അംബേദ്കർ വാദിച്ചതുപോലെ ഈ വ്യവസ്ഥിതിയെ പൂർണ്ണമായും നിർത്തലാക്കുന്നതിനെ നെഹ്‌റു പക്ഷേ അനുകൂലിച്ചില്ല.

കോൺഗ്രസ് ഒരിക്കലും ജാതിയെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള സാമൂഹിക വിപ്ലവത്തിന് വേണ്ടി പ്രവർത്തിച്ചിട്ടില്ല എന്ന് അംബേദ്‌കർ എഴുതി. അംബേദ്കറുടെ അഭിപ്രായത്തിൽ പിന്നോക്ക വിഭാഗങ്ങൾക്ക് അൽപ്പം ആശ്വാസം നൽകാനുള്ള ഒരു മാർഗം സംവരണ മണ്ഡലങ്ങളിലൂടെ ഉള്ള തെരഞ്ഞെടുപ്പായിരുന്നു. ഗാന്ധി ഈ നിർദ്ദേശം ശക്തമായി നിരസിക്കുകയും അത് ഉപേക്ഷിച്ചില്ലെങ്കിൽ 1932-ൽ മരണം വരെ നിരാഹാരം കിടക്കാൻ തീരുമാനിക്കുകയും ചെയ്തു. 1947-ൽ മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവായ സർദാർ വല്ലഭായ് പട്ടേൽ സംവരണ സീറ്റുകൾ പൂർണ്ണമായും നിർത്തലാക്കണമെന്ന് നിർദ്ദേശിച്ചു. ഈ ആശയത്തിൽ പ്രകോപിതനായ അംബേദ്കർ ഭരണഘടനാ നിർമ്മാണ സഭയിൽ നിന്ന് പുറത്തുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് പട്ടേലിന്റെ പദ്ധതികൾ ഉപേക്ഷിക്കപ്പെട്ടു.

എന്നാൽ പട്ടേലും ഗാന്ധിയും മാത്രമല്ല സംവരണത്തെ എതിർത്തത്. 1961-ൽ മുഖ്യമന്ത്രിമാർക്ക് എഴുതിയ കത്തിൽ നെഹ്‌റു മെറിറ്റോക്രസിയുടെ ഗുണങ്ങളെ ഊന്നിപ്പറഞ്ഞു: “അവർ (പട്ടികജാതി-വർഗക്കാർ) സഹായം അർഹിക്കുന്നു, എന്നാൽ ഏതെങ്കിലും തരത്തിലുള്ള സംവരണം ഞാൻ ഇഷ്ടപ്പെടുന്നില്ല, പ്രത്യേകിച്ച് സേവനത്തിൽ. കാര്യക്ഷമതയില്ലായ്മയിലേക്കും രണ്ടാംനിര നിലവാരത്തിലേക്കും നയിക്കുന്ന എന്തിനോടും ഞാൻ ശക്തമായി പ്രതികരിക്കുന്നു.”

ഈ വ്യത്യാസങ്ങൾക്കിടയിലും, പിന്നാക്ക വിഭാഗങ്ങളെ മോചിപ്പിക്കുന്നതിൽ ബാബാസാഹിബ് ചെലുത്തിയ സ്വാധീനം നിഷേധിക്കാൻ നെഹ്‌റുവിന് കഴിഞ്ഞില്ല. നെഹ്‌റു പിന്നീട് അംബേദ്കറെ “ഹിന്ദു സമൂഹത്തിന്റെ എല്ലാ അടിച്ചമർത്തലുകൾക്കും എതിരായ കലാപത്തിന്റെ പ്രതീകം” എന്ന് വിശേഷിപ്പിച്ചു.

ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിൽ അംബേദ്കറുടെ പങ്ക് പ്രസിദ്ധമാണ്. എന്നാൽ കരട് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഹിന്ദു കോഡ് ബില്ലിനായി പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു, പരമ്പരാഗത ഹിന്ദു നിയമത്തിന്റെ നിരവധി വശങ്ങളെ നവീകരിക്കാൻ അദ്ദേഹം ശ്രമിച്ചു. സ്വത്ത്, വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, പിന്തുടർച്ചാവകാശം എന്നിവയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് 1947 ഏപ്രിലിൽ പാർലമെന്റിൽ ബിൽ അവതരിപ്പിച്ചു. അംബേദ്കർ നിയമനിർമ്മാണത്തെ വിശേഷിപ്പിച്ചത് “ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സാമൂഹിക പരിഷ്കരണ നടപടി” എന്നാണ്.

മതം സ്വകാര്യത മാത്രമായിരിക്കണമെന്ന് നെഹ്‌റു വിശ്വസിച്ചെങ്കിലും പാർലമെന്റിലെ പല അംഗങ്ങളും വിയോജിച്ചു. 1951 ആയപ്പോഴേക്കു പോലും ബില്ലുകൾ പാസാക്കപ്പെട്ടില്ല. അംബേദ്കർ നിരാശയും മനോവീര്യവും നഷ്ടപ്പെട്ട് നിയമമന്ത്രി സ്ഥാനം രാജിവച്ചു. 1955 നും 1961 നും ഇടയിൽ നെഹ്‌റു ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ എതിർപ്പിനെ കണക്കിലെടുത്ത് അദ്ദേഹത്തിന് അവയിൽ ഗണ്യമായി വെള്ളം ചേർക്കേണ്ടി വന്നു. അംബേദ്കർ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചു. ബിൽ ആദ്യം പാസാക്കാതിരുന്നത് നെഹ്‌റുവിന്റെ ഭരണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.

അംബേദ്കറിന് പ്രധാനമന്ത്രിയുമായി ഉണ്ടായിരുന്ന മറ്റൊരു പ്രശ്നം അദ്ദേഹത്തിന്റെ വിദേശകാര്യ നയതന്ത്രമായിരുന്നു. നെഹ്‌റു തന്റെ വിദേശനയത്തിന്റെ പേരിൽ ആഭ്യന്തരമായും അന്തർദേശീയമായും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു, എന്നാൽ അംബേദ്കർ അദ്ദേഹത്തിന്റെ ചുരുക്കം ചില വിമർശകരിൽ ഒരാളായി.

നെഹ്‌റുവിൽ നിന്നും വിഭിന്നമായി, കമ്മ്യൂണിസത്തിന്റെ സങ്കൽപ്പങ്ങളെ നിരാകരിച്ചുകൊണ്ട് ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യം അമേരിക്ക പോലുള്ള ശക്തികേന്ദ്രങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കണമെന്ന് അംബേദ്കർ വിശ്വസിച്ചു.

കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുമായി ചങ്ങാത്തം കൂടാനുള്ള നെഹ്‌റുവിന്റെ തീരുമാനത്തെ കുറിച്ച് അംബേദ്കർ നെഹ്‌റുവിനെ ആവർത്തിച്ച് ചോദ്യം ചെയ്തിരുന്നതായി അംബേദ്കറുടെ ജീവചരിത്രകാരൻ ധനഞ്ജയ് കീർ പറയുന്നു. ഒരിക്കൽ അംബേദ്‌കർ പ്രസംഗിച്ചത് ഇങ്ങനെ: “നമ്മുടെ വിദേശനയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ബിസ്മാർക്കും ബെർണാഡ് ഷായും പറഞ്ഞതാണ് ഞാൻ ഓർക്കുന്നത്. ബിസ്മാർക്ക് പറഞ്ഞു– ‘രാഷ്ട്രീയം ആദർശം സാക്ഷാത്കരിക്കാനുള്ള കളിയല്ല. രാഷ്ട്രീയം സാധ്യമായതിന്റെ കളിയാണ്’. നല്ല ആദർശങ്ങൾ നല്ലതാണെങ്കിലും വളരെ നല്ലതായിരിക്കുന്നത് പലപ്പോഴും അപകടകരമാണെന്ന് ആരും മറക്കരുത് എന്ന് ബെർണാഡ് ഷാ പറഞ്ഞത് ഒരു പാട് കാലം മുൻപല്ല . ലോകത്തിലെ ഈ രണ്ട് മഹാൻമാർ പറഞ്ഞ വാക്കുകൾക്ക് നമ്മുടെ വിദേശനയം തികച്ചും വിരുദ്ധമാണ്.”

കാശ്മീരിനെക്കുറിച്ചുള്ള നെഹ്‌റുവിന്റെ നിലപാടിനെയും അംബേദ്കർ എതിർത്തു, ഈ പ്രദേശത്ത് താമസിക്കുന്ന അമുസ്‌ലിംകളുടെ വികാരങ്ങൾ കണക്കിലെടുക്കുന്ന ഒരു മേഖലയ്ക്ക് അദ്ദേഹം വേണ്ടി വാദിച്ചു. ആർട്ടിക്കിൾ 370 പ്രകാരം കശ്മീരിന് പ്രത്യേക പദവി നൽകുന്ന നെഹ്‌റുവിന്റെ നയതന്ത്രത്തെ അംബേദ്കറും വിമർശിച്ചിരുന്നു. ഈ വ്യവസ്ഥ ഇന്ത്യയ്ക്കുള്ളിൽ മറ്റൊരു പരമാധികാരം സൃഷ്ടിക്കുമെന്നും അത് രാജ്യത്തിന്റെ ഐക്യത്തിന് വിനാശകരമായിരിക്കും എന്നും അദ്ദേഹം കരുതി.

നെഹ്‌റുവും അംബേദ്കറും എല്ലായ്‌പ്പോഴും യോജിച്ചിരുന്നില്ലെങ്കിലും വിയോജിക്കാനുള്ള അവകാശത്തെ ഇരുവരും ബഹുമാനിച്ചിരുന്നു.

( പ്രസക്ത ഭാഗങ്ങൾ : മീര പട്ടേൽ, ഇന്ത്യൻ എക്സ്പ്രസ്സ്)

Spread the love
English Summary: between nehru and ambedkar....an analysis

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick