Categories
kerala

ബിജെപിയുടെ ‘വന്ദേഭാരത് ഹിറ്റ്’ ചെറുക്കാന്‍ സി.പി.എമ്മിന് കഴിയാതെ പോയതിനു പിന്നില്‍…

വന്ദേഭാരത് ട്രെയിനുകള്‍ നാലു വര്‍ഷം മുമ്പ് രാജ്യത്ത് ആരംഭിക്കുമ്പോള്‍ കേരളത്തിനും തീര്‍ച്ചയായും അത് അവകാശപ്പെട്ടതാണ് എന്ന ബോധം തന്നെയാണ് മലയാളികള്‍ക്ക് ഉണ്ടായത്. പല സംസ്ഥാനങ്ങളിലും വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയപ്പോഴും ആ ട്രെയിന്‍ കേരളത്തില്‍ വരാതെ പോയി.

മുമ്പൊക്കെയാണെങ്കില്‍ കേന്ദ്രം കാണിക്കുന്ന റെയില്‍വേ അവഗണനയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങളും സമരങ്ങളും കേരളത്തിലെ ഇടതു പക്ഷ രാഷ്ട്രീയ പാര്‍ടികള്‍ സംഘടിപ്പിച്ചേനെ. രാഷ്ട്രീയമായ ഡിമാന്‍ഡ് വിപുലമാകുമ്പോള്‍ ആവശ്യം അംഗീകരിക്കപ്പെടുകയും അത് സമരം ചെയ്ത രാഷ്ട്രീയ മുന്നണിയുടെ നേട്ടമായി വരികയും ചെയ്യുമായിരുന്നു. എന്നാല്‍ വന്ദേഭാരതിന്റെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല. അതിന് ഒരു കാരണമുണ്ടായിരുന്നു. ആ കാരണം തന്നെയാണ് ഇപ്പോള്‍ കേരളത്തിലെ ഭരണം നിയന്ത്രിക്കുന്ന സിപിഎമ്മിന് കൃത്യമായ ഒരു ഹിറ്റ് നല്‍കാന്‍ ബിജെപിക്ക് വലിയ സൗകര്യമായി മാറിയതും.

thepoliticaleditor

സില്‍വര്‍ ലൈന്‍ എന്ന പേരിട്ട കേരളത്തിലെ അര്‍ധ അതിവേഗ പാത പ്രൊജക്ടിന് ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പ്രാധാന്യം ലഭിക്കാനായി വന്ദേഭാരത് ട്രെയിനുകള്‍ക്കായുള്ള ആവശ്യം കേരളത്തിലെ ഭരണപക്ഷവും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പക്ഷവും തമസ്‌കരിക്കുകയായിരുന്നു. അതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ ഒരു നേരത്തേക്കെങ്കിലും ബിജെപിക്ക് കയറിക്കളിക്കാന്‍ മികച്ച അവസരമൊരുക്കിയത്.

വന്ദേഭാരത് ട്രെയിനുകളും സംസ്ഥാനത്തിന് അനുവദിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായും തുടര്‍ച്ചയായും കേരളത്തിലെ സിപിഎം ഉയര്‍ത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ആ ട്രെയിന്‍ ഇവിടെ ഓടുന്നതിന്റെ ക്രെഡിറ്റ് ബിജെപി തട്ടിയെടുക്കുമായിരുന്നില്ല എന്നത് രാഷ്ട്രീയം അറിയുന്ന എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

പിണറായി വിജയന്റെ സ്വപ്‌നപദ്ധതിയായിരുന്നു സില്‍വര്‍ലൈന്‍. അമിതമായ ആത്മവിശ്വാസമായിരുന്നു അദ്ദേഹം ഉയര്‍ത്തിവിട്ടത്. ഈ പദ്ധതിക്കെതിരെ മുമ്പ് ഒരിക്കലും കേരളത്തില്‍ ഉയര്‍ന്നിട്ടില്ലാത്ത വിധം ജനകീയ പ്രതിരോധം ഉയര്‍ന്നപ്പോള്‍ സാധാരണഗതിയിലുള്ള എതിര്‍പ്രചാരണങ്ങള്‍ കൊണ്ടൊന്നും അതിനെ തണുപ്പിക്കാനായില്ല. ഭരണകൂടം ചതുരുപായങ്ങളും ഉപയോഗിച്ചിട്ടും മധ്യ-തെക്കന്‍ കേരളത്തില്‍ പ്രതിഷേധം ആളിക്കത്തി. എല്ലാ നിയമങ്ങളും മാറ്റിവെച്ച് നിര്‍ബന്ധപൂര്‍വ്വംകുറ്റി നാട്ടിയുള്ള സര്‍വ്വേ ഒടുവില്‍ നിര്‍ത്തി വെക്കേണ്ടിവന്നു. ഉപഗ്രഹ സര്‍വ്വേ ആയാലും പ്രശ്‌നമില്ല എന്ന പിന്‍വാങ്ങലിലേക്ക് സര്‍ക്കാരിന് നീങ്ങേണ്ടി വന്നു. കെ-റെയില്‍ വിരുദ്ധ സമരം വിജയിക്കുകയായിരുന്നു.

എന്നാല്‍ ഇതിന്റെ കാരണം വസ്തുനിഷ്ഠമായി വിലയിരുത്താന്‍ ഇപ്പോഴും സി.പി.എം.ഉള്‍പ്പെടെയുള്ള ഇടതു പക്ഷ കക്ഷികള്‍ തയ്യാറായിട്ടില്ല എന്നു വേണം കരുതാന്‍. അതു കൊണ്ടാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒരാലോചനയുമില്ലാതെ കെ-റെയില്‍ വന്നാല്‍ അപ്പം വില്‍ക്കുന്ന സ്ത്രീകളുടെ നേട്ടം വിവരിക്കുകയും വലിയ പരിഹാസവും വിമര്‍ശനവും ഏറ്റുവാങ്ങുകയും ചെയ്തത്.

ഒരു പദ്ധതിയുടെ സ്വീകാര്യത എന്നത് സമൂഹത്തിലെ സാമ്പത്തിക ശക്തി വേണ്ടത്രയുള്ള ഒരു പറ്റം ആളുകളുടെ സ്വീകാര്യതയല്ല എന്നും സാധാരണ ജനങ്ങളുടെ ജീവിതത്തിനോടും പരിസരത്തോടും അത് എത്രമാത്രം ചേര്‍ന്നു നില്‍ക്കുന്നു എന്നത് ആണെന്നും സി.പി.എമ്മിന് അറിയാത്തതല്ല എന്നാണ് അപ്പം വില്‍ക്കുന്ന സ്ത്രീകളുടെ കഥയിലെ ഒരു സന്ദേശം. എന്നാല്‍ സാധാരണക്കാര്‍ക്ക് ഒരു തരത്തിലും മെച്ചം നല്‍കാത്ത, സാമ്പത്തികമായി അവരെ ഒരു തരത്തിലും രക്ഷപ്പെടുത്താത്ത വ്യാജ വ്യാമോഹങ്ങള്‍ നല്‍കുന്ന ഒന്നാണ് കെ-റെയില്‍ എന്ന സന്ദേശവും ആ അപ്പം വില്‍ക്കല്‍ കഥ നല്‍കുന്നുണ്ട്.

കാസര്‍ഗോഡു നിന്നും തിരുവനന്തപുരത്തേക്ക് ഒറ്റ ദിശയിലേക്കുള്ള ടിക്കറ്റിന് 4000-5000 രൂപ ആവശ്യമായ കെ-റെയില്‍ വണ്ടിയല്ല 300-350 രൂപ മാത്രം വേണ്ടുന്ന ജനശതാബ്ദി പോലുളള വണ്ടിയാണ് അപ്പം വില്‍ക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടതെന്നും അതേ അവര്‍ക്ക് നേട്ടമുണ്ടാക്കൂ എന്നും ചിന്തിക്കാന്‍ കഴിയുന്നിടത്തേ ഏത് പദ്ധതിയും എല്ലാവരുടെതും ആകൂ എന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന വളരെ ചെറിയ മണിക്കൂറുകള്‍ കൊണ്ട് രണ്ടറ്റം തൊടാവുന്ന കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍ മതിയെന്ന് ചിന്തിക്കുന്ന ധാരാളം ലക്ഷങ്ങള്‍ സി.പി.എം. അണികളില്‍ ഉണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിനെ പോലുള്ളവ കെ-റെയില്‍ കേരളത്തിനാവശ്യമായ മുന്‍ഗണനാ പദ്ധതിയല്ല എന്ന് ശക്തിയായി വാദിക്കുകയും ചെയ്തിരുന്നു.

കേരളത്തെ നെടുകെ പിളര്‍ത്തി പുതിയൊരു റെയില്‍വേ ലൈന്‍ സ്ഥാപിക്കാന്‍ ഇനി സാധിക്കുമോ. അതിനു തക്ക പാരിസ്ഥിതിക ആരോഗ്യം ഈ കൊച്ചു സംസ്ഥാനത്തിനില്ല, സാമ്പത്തിക ആരോഗ്യവും ഒട്ടുമില്ല – ഇതെല്ലാം പരിഷത്ത് ചൂണ്ടിക്കാട്ടി. എന്നല്ല, ഇന്ത്യന്‍ റെയില്‍വേയുമായി ഒരു കാലത്തും ഒരുതരത്തിലും കണക്ട് ചെയ്യാന്‍ സാധിക്കാത്ത മീറ്റര്‍ ഗേജ് എന്ന ലോകം തന്നെ തിരസ്‌കരിച്ച സാങ്കേതിക അളവില്‍ നിര്‍മിക്കുന്ന കെ-റെയില്‍പ്പാത ഭാവിയുടെ പാതയുമല്ല.

എന്നാല്‍ ഇതിലും ഏറെ എളുപ്പവും ഫലപ്രദവും പാരിസ്ഥിതിക സൗഹൃദപരവും സാമ്പത്തികമായി എത്രയോ സുരക്ഷിതവുമാണ് ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച അതിവേഗ ട്രെയിനുകള്‍. ഇത് നേടിയെടുക്കാന്‍ എത്ര സമരം നടത്തിയാലും കേരളീയര്‍ അതിനു പിറകില്‍ എല്ലാക്കാലത്തും ഉണ്ടാകും. അത് അവഗണിക്കാന്‍ കേന്ദ്രം ഭരിക്കുന്നവര്‍ക്ക് കഴിയില്ല. കുറച്ചു കാലമൊക്കെ തരില്ലെന്ന് പറഞ്ഞ് കളിപ്പിച്ചാലും വരേണ്ടത് വരിക തന്നെ ചെയ്യും. കേരളത്തിലെ റെയില്‍വേ വികസനമൊക്കെ ഇതു പോലെ തന്നെ ഉണ്ടായതാണ്. ഇരട്ടപ്പാത ഇല്ലാതിരുന്ന കാലം ഉണ്ടായിരുന്നു. ഇന്ന് അതേപ്പറ്റി ആലോചിക്കാന്‍ കഴിയുമോ. വികസനത്തില്‍ നിന്ന് കേരള റെയില്‍വേയെ മാത്രം മാറ്റി നിര്‍ത്താന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. ഇതാണ് സത്യം. ആ അര്‍ഥത്തില്‍ അതിവേഗ വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തിന്റെ അവകാശമായിരുന്നു.

അത് ഇപ്പോള്‍ ബിജെപി. പറയുന്നത് പോലെ നരേന്ദ്രമോദിയുടെയോ ബിജെപിയുടെയോ ഔദാര്യമേയല്ലായിരുന്നു. എന്നാല്‍ അത് ഒരു ഔദാര്യം പോലെയാക്കി മാറ്റാന്‍ ഇന്ന് ബിജെപിക്ക് കഴിഞ്ഞതിന് കാരണം നിഷ്പക്ഷമായി പരിശോധിക്കുക തന്നെ വേണം.

സില്‍വര്‍ലൈനിന് സര്‍വ്വ പ്രാധാന്യവും ലഭിക്കാനായി മറ്റൊരു അതിവേഗ ട്രെയിനിലും കാര്യമില്ലെന്ന തമസ്‌കരണം കേരളത്തിലെ ഇടതു സര്‍ക്കാര്‍ സ്വീകരിച്ചതാണ് ഇപ്പോള്‍ അവര്‍ നേരിടുന്ന ചമ്മലിന് കാരണം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. നിലവിലെ റെയില്‍വേ ലൈന്‍ ആധുനീകരിക്കാനും അതിലൂടെ അതിവേഗ ട്രെയിനുകള്‍ ലഭ്യമാക്കാനും രാഷ്ട്രീയ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നെങ്കില്‍ കേരളത്തിലെ സിപിഎമ്മിനും ഇപ്പോള്‍ ഇത്രയും ചമ്മല്‍ നേരിടേണ്ടി വരില്ലായിരുന്നു.

ഒരു ഇന്ത്യന്‍ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ അവകാശമാണ് വന്ദേ ഭാരത് ട്രെയിന്‍ എന്ന് ദുര്‍ബലമായ ശബ്ദത്തില്‍ കോണ്‍ഗ്രസ് പറയുന്നുണ്ട്. ഇനിയെങ്കിലും സിപിഎം അത് ശക്തിയോടെ പറയാന്‍ തയ്യാറാവണം. മണിക്കൂറില്‍ 160-180 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ പ്രാപ്തിയുള്ള ഈ ട്രെയിനുകള്‍ക്ക് ഇപ്പോള്‍ കേരളത്തിലെ റെയില്‍ വഴി 80 കിലോമീറ്ററിലേ കുതിക്കാനാവൂ. അതായത് നിലവില്‍ കേരളത്തില്‍ ഒരു സാധാരണ ട്രെയിന്‍ അധികമായി അനുവദിച്ചു എന്നേ ഉള്ളൂ. അതേസമയം സാധാരണ ട്രെയിനിന്റെ പല മടങ്ങ് യാത്രാനിരക്കും.

അതിവേഗത്തില്‍ കുതിക്കാനായി അടിയന്തിരമായി റെയില്‍പ്പാതാ പരിഷ്‌കരണം സാധ്യമാക്കണം എന്ന ആവശ്യം കേരള സര്‍ക്കാര്‍ ഉന്നയിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. അതിനായി സമരം ചെയ്യുകയാണ് വേണ്ടത്.

വന്ദേഭാരത് ട്രെയിനുകളുടെ ഫലപ്രാപ്തിക്കായി രാഷ്ട്രായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സിപിഎം തയ്യാറാകണം. അല്ലാതെ ഇനിയും സില്‍വര്‍ ലൈനായിരുന്നു സ്വര്‍ഗം എന്നൊക്കെ പതം പറഞ്ഞിട്ട് ഫലമൊന്നും ഉണ്ടാവില്ല എന്നുറപ്പാണ്. വന്ദേ ഭാരത് ഞ്ങ്ങള്‍ക്ക് വേണം എന്ന ആവശ്യം നേരത്തെ തന്നെ അതി ശക്തിയായി ഉയര്‍ത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ആഹ്‌ളാദപ്രകടനത്തിനുള്ള ഇടം ബിജെപിക്ക് ഉണ്ടാകുമായിരുന്നില്ലെന്ന് ഓര്‍ക്കുക.

കേരളം നിശബ്ദത പാലിച്ച, തമസ്‌കരിക്കാന്‍ ശ്രമിച്ച ഒരു ട്രെയിന്‍ തന്ത്രപൂര്‍വ്വം കേരളത്തിലെത്തിച്ച് നൈമിഷിക നേട്ടങ്ങളുണ്ടാക്കാനുള്ള ബിജെപിയുടെ വെപ്രാളമാണ് ഇപ്പോഴുള്ളത്. അതിനപ്പുറം വന്ദേഭാരതിനെ ഓടിക്കാന്‍ ബിജെപിക്കും സാധിക്കില്ല. ഇപ്പോള്‍ ബിജെപി. പറയുന്നത് പോലെ ഔദാര്യമല്ല വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിൽ ഓടിക്കുന്നത്. ഇന്ത്യൻ റെയിൽവേ കേരളത്തിന്റെയും ഭാഗം ആണല്ലോ. അതിന്റെ വികസനം കേരളത്തിന് അർഹതപ്പെട്ടതാണ്. അത് വർഷങ്ങൾ വൈകിപ്പിച്ചതിനാണ് സത്യത്തിൽ ബിജെപിയും മോദിയും മറുപടി പറയേണ്ടത്.

Spread the love
English Summary: behind the over joy of kerala bjp on vande bharath train run in kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick