Categories
latest news

രാഹുല്‍ ഗാന്ധിയുടെ എം.പി.സ്ഥാനം റദ്ദാക്കപ്പെടുമോ? രാഹുലിന്റെ സ്ഥാനം അപകടത്തിലാണ്… ലോക്‌സഭാംഗത്വം നിലനിർത്താൻ ഇനി ഒരു വഴി മാത്രം

മോദി എന്ന വാക്കുമായി ചേര്‍ത്ത് പ്രസംഗിച്ചതില്‍ ഉണ്ടായ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ തടവിനും 15,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചിരിക്കയാണ്. രാഹുലിന് ജാമ്യവും കോടതി അനുവദിച്ചു. എന്നാല്‍ ഈ കോടതി വിധി സ്‌റ്റേ ചെയ്യപ്പെടാതിരിക്കുന്ന അവസ്ഥയില്‍ രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കപ്പെടുമോ- ഇപ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്. 1951-ലെ ജനപ്രാതിനിധ്യ നിയം വകുപ്പ് എട്ട് പ്രകാരം രാഹുല്‍ ഗാന്ധിക്ക് എം.പി.സ്ഥാനം നഷ്ടമാകുമോ.

കേസിന്റെ വഴി:

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് കർണാടകയിലെ കോലാറിൽ നടന്ന ഒരു റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിന് അടിസ്ഥാനം. “മോദി കള്ളന്മാരുടെ കുടുംബപ്പേരാണ്. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത്, അത് ലളിത് മോദിയോ നീരവ് മോദിയോ നരേന്ദ്രമോദിയോ ആകട്ടെ.”- ഇതായിരുന്നു പരാമർശം. ഇതിന് പിന്നാലെ സൂറത്ത് വെസ്റ്റിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. രാഹുൽ ഗാന്ധി സമുദായത്തെ മുഴുവൻ കള്ളനെന്ന് വിളിച്ചെന്നും സമൂഹത്തിന് ആകെ അപകീർത്തികരമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു . ഈ കേസിൽ വാദം കേൾക്കുന്നതിനിടെ മൂന്ന് തവണ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി. 2021 ഒക്ടോബറിൽ അവസാനമായി ഹാജറായപ്പോൾ താൻ അഴിമതിക്കെതിരെ ആണ് സംസാരിച്ചതെന്നു രാഹുൽ കോടതിക്കു മുൻപാകെ ബോധിപ്പിച്ചിരുന്നു.

thepoliticaleditor

ഈ കേസിൽ വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചത്. കോടതി ഇയാൾക്ക് 2 വർഷം തടവും 15,000 രൂപ പിഴയും വിധിച്ചു. കുറച്ച് സമയത്തിന് ശേഷം, അതേ കോടതി അദ്ദേഹത്തിന് 30 ദിവസത്തേക്ക് ജാമ്യവും അനുവദിച്ചു. അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ 2 വർഷം തടവാണ്. അതായത് ഇതിൽ കൂടുതൽ ശിക്ഷ ഈ കേസിൽ നൽകാനാവില്ല. ഐപിസി 499, 500 വകുപ്പുകൾ പ്രകാരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച് എച്ച് വർമയുടെ കോടതിയാണ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ബാബു മംഗുകിയ പറഞ്ഞു. ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ശിക്ഷ 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കുമോ?

‘ജനപ്രാതിനിധ്യ നിയമം 1951’ലെ സെക്ഷൻ 8 (3) പ്രകാരം, ഒരു എംപിയോ എംഎൽഎയോ ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 2 വർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ, പാർലമെന്റിലോ നിയമസഭയിലോ ഉള്ള അദ്ദേഹത്തിന്റെ അംഗത്വം റദ്ദാകും . ജയിൽ മോചിതനായ ശേഷം 6 വർഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും കഴിയില്ല.

എന്നാൽ ‘ജനപ്രാതിനിധ്യ നിയമ’ത്തിലെ സെക്ഷൻ 8 (4) പറയുന്നത്, ശിക്ഷിക്കപ്പെട്ട ഒരു എംപിയുടെയോ എംഎൽഎയുടെയോ അംഗത്വം വിധി വന്ന ഉടനടി റദ്ദാകില്ല എന്നാണ്. മൂന്ന് മാസത്തെ സമയമുണ്ട്. ഈ സമയത്ത്, ശിക്ഷിക്കപ്പെട്ട വ്യക്തി ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീൽ നൽകിയാൽ ആ അപ്പീലിന്റെ വാദം പൂർത്തിയാകുന്നതുവരെ അംഗത്വം പോകില്ല. അദ്ദേഹം അപ്പീൽ നൽകിയില്ലെങ്കിൽ മാത്രം മൂന്ന് മാസത്തിന് ശേഷം അംഗത്വം റദ്ദാകും.

പക്ഷേ , 2013 ജൂലൈയിൽ, ലില്ലി തോമസ് vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, ‘ജനപ്രാതിനിധ്യ നിയമം 1951’ ലെ സെക്ഷൻ 8(4) പ്രകാരം അനുവദിച്ച ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിശേഷിപ്പിക്കുകയുണ്ടായി . എംപിമാരോ എംഎൽഎമാരോ കുറ്റക്കാരാണെന്ന് കണ്ടെത്തി 2 വർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെട്ട ഉടൻ തന്നെ അവരുടെ പാർലമെന്റിലോ നിയമസഭയിലോ അംഗത്വം അവസാനിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതനുസരിച്ച് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടപ്പെട്ടേക്കാം. ശിക്ഷാവിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌താൽ മാത്രമേ ഇനി ആശ്വാസം ലഭിക്കൂ എന്നാണ് വിദഗ്ധർ പറയുന്നത്.

എന്നാല്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ലോക്‌സഭാ സെക്രട്ടേറിയേറ്റിന് കുറച്ച് സാവകാശം വേണ്ടിവരുമെന്നും അതിനിടയില്‍ രാഹുലിന്റെ ശിക്ഷ അപ്പീല്‍ കോടതി പ്രത്യേകമായി സ്‌റ്റേ ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന് എം.പി.സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമെന്നുമാണ് വിദഗ്ധാഭിപ്രായം. രാഹുലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി ലഭിച്ചാല്‍ ഒന്നോ രണ്ടോ ദിവസത്തിനകം ഇതു സംബന്ധിച്ച് തീരുമാനം എടുത്ത് തിരഞ്ഞെടുപ്പു കമ്മീഷനോട് വയനാട് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടാനാവുമെന്നാണ് മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ എസ്.വൈ.ഖുറേഷി പറയുന്നത്.

സ്റ്റേ കിട്ടിയില്ലെങ്കില്‍ രാഹുല്‍ രണ്ടു വര്‍ഷത്തേക്ക് ജയിലിലാവും. മോചിതനായാല്‍ അടുത്ത ആറ് വര്‍ഷത്തേക്ക് മല്‍സരിക്കാനാവില്ല. അതായത് ആകെ എട്ട് വര്‍ഷത്തേക്ക് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ പ്രമുഖരായ ഒട്ടേറെ പേര്‍ക്ക് അവരുടെ സ്ഥാനങ്ങള്‍ നഷ്ടമായിട്ടുണ്ട്.

ഏറ്റവും രസകരമായ കാര്യം ഇനിയും നാല് മാനനഷ്ടക്കേസുകള്‍ കൂടി രാഹുല്‍ഗാന്ധിയുടെ പേരില്‍ വിവിധ കോടതികളില്‍ ഉണ്ട് എന്നതാണ്. മഹാരാഷ്ടയില്‍ രണ്ടെണ്ണവും ആസാമിലും ഝാര്‍ഖണ്ഢില്‍ ഒരോന്ന് വീതവും.

Spread the love
English Summary: rahul gandhi convicted in defamation case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick