മാലിന്യം കേരളത്തിന്റെ ഉറക്കം കെടുത്തുന്ന ഭീകരാവസ്ഥയിലൂടെ കടന്നു പോവുകയാണ്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ(??!! ) ശാലയില്‍ മാര്‍ച്ച് മൂന്നു മുതലുണ്ടായ തീപിടുത്തം ഒരു മെട്രോ നഗരത്തെ എങ്ങിനെ ശ്വാസം മുട്ടിച്ചു എന്നത് കേരളത്തിന്റെ അനുഭവസാക്ഷ്യം. മാലിന്യം എവിടെയെങ്കിലും തള്ളാനുള്ളതാണ് എന്ന സങ്കല്‍പം. മാലിന്യം വെറും വൃത്തികേടായി പരിഗണിക്കുന്ന നമ്മള്‍ വൃത്തിബോധം ആവശ്യത്തിലധികമുള്ള കേരളീയര്‍ പക്ഷേ ഈ വൃത്തികെട്ട മാലിന്യമെല്ലാം നമ്മുടെ തന്നെ സൃഷ്ടിയാണെന്ന കാര്യം സൗകര്യത്തില്‍ മറക്കുന്നുണ്ട്.
എന്നാല്‍ മാലിന്യം നമുക്ക് പല രീതിയിലും മാറ്റിയെടുക്കാമെന്നും മാലിന്യത്തില്‍ നിന്നും പുകയും ദുര്‍ഗന്ധവും മാത്രമല്ല, സൗന്ദര്യം കൂടി ഉണ്ടാക്കിയെടുക്കാനാവും എന്ന തിരിച്ചറിവിലേക്കു നയിക്കുകയാണ്‌കൊൽക്കത്ത ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിലെ ഒരു കൂട്ടം കലാവിദ്യാര്‍ഥികള്‍.

നമ്മള്‍ വലിച്ചെറിയുന്ന അജൈവ മാലിന്യം കൊണ്ട് മനോഹരമായ ഇന്‍സ്‌റ്റലേഷന്‍ ഉണ്ടാക്കി ലോകത്തിന് വലിയ സന്ദേശം നല്‍കിയിരിക്കുന്നു.
ബുദ്ധിശൂന്യമായി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്ന, തെരുവില്‍ തള്ളുന്നവര്‍ക്കുള്ള വലിയ സന്ദേശമാണ് തങ്ങളുടെതെന്ന് വിശ്വഭാരതിയിലെ കലാഭവനിലെ വിദ്യാര്‍ഥികള്‍ പറയുന്നു. ആയിരക്കണക്കിന് പ്ലാസ്റ്റിക് പാക്കറ്റുകളും റാപ്പറുകളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും മുളകളില്‍ കയറില്‍ കോര്‍ത്ത് പിടിപ്പിച്ചിരിക്കയാണ്. പ്രകൃതിയില്‍ മനുഷ്യര്‍ നടത്തുന്ന ക്രൂരമായ ഇടപെടലിനെയാണ് ഇതിലൂടെ ചിത്രീകരിച്ചരിക്കുന്നത്.

“ചവറ്റുകൊട്ടകള്‍ സ്ഥാപിച്ചിട്ടും ആളുകള്‍ മാലിന്യം പുറത്ത് തള്ളുന്നത് തുടരുകയാണ്. കഴിഞ്ഞ ഏഴു ദിവസം ഞങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പ്രതിഷ്‌ഠാപനം(ഇന്‍സ്റ്റലേഷന്‍) ഉണ്ടാക്കിയത്. മാലിന്യത്തില്‍ നിന്നും നമുക്ക് വേണമെങ്കില്‍ ഇത്തരം സാമ്രാജ്യങ്ങള്‍ തന്നെ കെട്ടിപ്പടുക്കാന്‍ കഴിയും”–വിദ്യാര്‍ഥിസംഘത്തിന്റെ പ്രതിനിധി അചിന്ത്യ ഭട്ടാചാര്യ പറയുന്നു.
സോനാജ്‌ഹുറി ഹാട്ടില്‍ ഒരുക്കിയിരിക്കുന്ന ഈ പ്രതിഷ്‌ഠാപനം കാണാന്‍ വലിയ ജനക്കൂട്ടമാണ് എത്തുന്നതന്ന് സംഘാടകര്‍ പറയുന്നു.