നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയപ്പോള്‍ തന്നെ സംഗീതാസ്വാദകരായ ചിലര്‍ സ്വകാര്യമായി ഉയര്‍ത്തിയിരുന്ന ഒരു ചര്‍ച്ച ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കുറച്ചു കൂടി വ്യക്തമായി ഉയരുകയാണ്. ഇപ്പോള്‍ ഓസ്‌കാര്‍ നേടിയപ്പോള്‍ അത് കുറച്ചുകൂടി ഉറക്കെ ആയിരിക്കുന്നു.
ഇന്ത്യന്‍ ഒറിജിനല്‍ സിനിമാ സോങ് എന്ന ഗണത്തില്‍ ലോകത്തെ പരമോന്നത പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി തിളങ്ങുന്ന “നാട്ടു നാട്ടു” എന്ന സിനിമാഗാനം ശരിക്കും ആ ബഹുമതികള്‍ അര്‍ഹിക്കുന്നുണ്ടോ..? പറഞ്ഞാല്‍ പുലിവാലാകും, വിവരമില്ലാത്തയാള്‍ എന്ന് ചോദ്യംചെയ്യപ്പെടും എന്ന് വിചാരിച്ച് മിണ്ടാതിരിക്കുന്ന ഒട്ടേറെ പേരില്‍ ഉള്ള ഈ സംശയം ഇപ്പോള്‍ പരസ്യമായി ഉന്നയിച്ചിരിക്കുന്നത് പ്രമുഖ നടി അനന്യ ചാറ്റര്‍ജിയാണ്.

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്‌കര്‍ അര്‍ഹിക്കുന്നുണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ചകൾ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനിടയിലാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അനന്യ ചാറ്റര്‍ജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നത് . “നാട്ടു നാട്ടു… നേടിയ ചരിത്ര നേട്ടത്തില്‍ ശരിക്കും സന്തോഷിക്കേണ്ടതുണ്ടോ എന്ന് സംശയം തോന്നുന്നു” എന്നാണ് നടിയുടെ പോസ്റ്റ്.
”എനിക്ക് മനസ്സിലായില്ല, ‘നാട്ടു നാട്ടു’വില്‍ അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്? നമ്മുടെ ശേഖരത്തിലുള്ള ഏറ്റവും മികച്ചത് ഇതാണോ? രോഷം അറിയിക്കുന്നു” –അനന്യ ചോദിക്കുന്നു.
ഇതിനു പിറകെ നടിയെ വിമര്‍ശിച്ചും പരിഹസിച്ചു കൊണ്ടുമുള്ള കമന്റുകൾ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. രാജ്യത്തിന്റെ സുപ്രധാന നേട്ടത്തെ തരംതാണ രീതിയില്‍ കണ്ടെന്ന വിമർശനവും ഉയർന്നു. ‘രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു പാട്ടിനെ വിമര്‍ശിക്കാതെ ബംഗാളി സിനിമയെ ലോക പ്രേക്ഷകരില്‍ എത്തിക്കാന്‍ നോക്കൂ’ എന്നിങ്ങനെയാണ് പരിഹാസം.