Categories
kerala

പ്രണയിക്കുന്ന… പ്രണയിച്ച… പ്രണയിച്ച്‌ നഷ്ടപ്പെട്ടവരുടെ ഹൃദയം കവരുന്ന സിനിമ: ‘പ്രണയവിലാസം’

വടക്കെമലബാറിന്റെ ഭാഷയും സ്ഥലഭംഗികളും ജനജീവിതവും ഇപ്പോള്‍ മലയാള സിനിമയില്‍ കൂടുതല്‍ പ്രിയങ്കരമായി വരികയാണ്‌. നേരത്തെ തൃശ്ശൂര്‍, തിരുവനന്തപുരം ഭാഷാഭേദങ്ങള്‍ പോപ്പുലര്‍ ആയതു പോലെ ഇപ്പോള്‍ കണ്ണൂര്‍,കാസര്‍ഗോഡ്‌ ഭാഷാഭേദങ്ങള്‍ക്ക്‌ വന്‍ മാര്‍ക്കറ്റാണ്‌. വെള്ളം, തിങ്കളാഴ്‌ച നിശ്ചയം, ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചണ്‍, ന്നാ താന്‍ കേസ്‌ കൊട്‌ എന്നീ സിനിമകള്‍ മേല്‍പ്പറഞ്ഞ വടക്കെ മലബാര്‍ പ്രകൃതി-ഭാഷാ-ജനജീവിതത്തിന്‌ വലിയ പോപ്പുലാരിറ്റിയാണ്‌ സിനിമയുടെ നിര്‍മ്മിതിയില്‍ നേടിക്കൊടുത്തത്‌ എന്നത്‌ തര്‍ക്കമില്ലാത്ത കാര്യമാണ്‌. സത്യത്തില്‍ ഇപ്പോള്‍ മലയാള സിനിമയില്‍ ഒരു കാലത്ത്‌ ഭരണം നടത്തിയിരുന്ന വള്ളുവനാടന്‍ മലയാളവും പാലക്കാട്‌, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ലൊക്കേഷനുകളും മാറി കൂടുതല്‍ വടക്കോട്ട്‌ നീങ്ങിയിരിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ പ്രണയവിലാസം കണ്ടിരിക്കാന്‍ രസമുള്ള സിനിമയാകുന്നതിന്‌ ഒരു കാരണം ഈ വടക്കേ മലബാര്‍ ടച്ച്‌ ആണെന്ന്‌ നിസ്സംശയം പറയാം.

പ്രണയാനുഭവങ്ങളുടെ വിലാസം

എന്നാല്‍ അതിനപ്പുറം ചില കാര്യങ്ങള്‍ ഉണ്ട്‌. സിനിമയുടെ പ്രമേയത്തിലെ പുതുമയും അത്‌ കൈകാര്യം ചെയ്‌തതിലെ തടസ്സമേതുമില്ലാത്ത ഒഴുക്കും സ്വാഭാവികതയും പ്രേക്ഷകരെ ആകര്‍ഷിക്കും.
പ്രണയവിലാസം അതിന്റെ പേര്‌ സൂചിപ്പിക്കും പോലെ ഓരോരുത്തര്‍ക്കും ഉണ്ടാകാനിടയുള്ള ഏതെങ്കിലും തരത്തിലുളളൊരു പ്രണയാനുഭവങ്ങളുടെ വിലാസം പ്രതിഫലിപ്പിക്കുന്നു. ഒരേസമയം ഈ സിനിമ പ്രണയിക്കുന്ന യുവത്വത്തിന്റെതാണ്‌, തീവ്രമായി പ്രണയിച്ച്‌ ഒരുമിച്ച്‌ ചേരാന്‍ കഴിയാതെ പോയവരുടെ നഷ്ടബോധത്തിന്റെയും നീറ്റലിന്റെതുമാണ്‌, യൗവനത്തിലെ പ്രണയത്തിലെ ഇണയെ വീണ്ടും തിരിച്ചറിയുന്ന വേളയില്‍ അനുഭവിക്കുന്ന വല്ലാത്ത വീര്‍പ്പുമുട്ടലിന്റെതാണ്‌, ഉറ്റവര്‍ക്ക്‌ ഉണ്ടായിരുന്ന നമുക്ക്‌ മനസ്സിലാകാതെ പോയ ഒരു കാലമുണ്ടായിരുന്നു എന്ന തിരിച്ചറിവ്‌ സമ്മാനിക്കുന്ന അമ്പരപ്പിന്റെതാണ്‌, സ്വന്തം അമ്മയുടെ, ഭാര്യയുടെ അതിതീവ്രമായ പ്രണയത്തിന്റെ അടിവേരുകള്‍ തേടി പോകുന്ന മകന്റെയും പിതാവിന്റെയും യാത്രയുടെ നര്‍മ്മവും നൊമ്പരവുമാണ്‌….ഇതെല്ലാമാണ്‌.

thepoliticaleditor
ഡയറിക്കുറിപ്പുകളിലെ നായകനെ തേടി യാത്ര

ഇതെല്ലാം ഒരു ചെറിയ കുടുംബത്തിലാണ്‌ നടക്കുന്നത്‌ എന്നത്‌ കൂടിയാണ്‌ ഈ സിനിമയിലെ രസം. വില്ലേജ്‌ ഓഫീസറായ ഭര്‍ത്താവ്‌, വീട്ടമ്മയായ ഭാര്യ, കോളേജ്‌ വിദ്യാര്‍ഥിയായ മകന്‍. ഇവര്‍ക്ക്‌ മൂന്നു പേര്‍ക്കും മൂന്ന്‌ സ്വകാര്യ പ്രണയലോകമുണ്ട്‌. ഉണ്ടായിരുന്നു. ഭര്‍ത്താവ്‌ ഒരിക്കല്‍ തീവ്രമായി പ്രണയിച്ച കോളേജ്‌ കാമുകിയെ അവിചാരിതമായി കാണുന്നു. ഭാര്യ അപ്രതീക്ഷിതമായി മരണമടയുമ്പോല്‍ ലഭിക്കുന്ന അവരുടെ പഴയ ഡയറി പറഞ്ഞതാവട്ടെ അതി തീവ്രമായൊരു പ്രണയ കാലത്തിന്റെ നൊമ്പരമുണര്‍ത്തിയ വാക്കുകള്‍.

മകനാവട്ടെ യുവത്വത്തിന്റെ എല്ലാ തുടുപ്പുകളും നിറഞ്ഞ പ്രണയകാലത്തില്‍ ജീവിക്കുന്നയാളും.
അമ്മയുടെ ഡയറിക്കുറിപ്പുകളിലെ നായകനെ തേടിയുള്ള യാത്രയ്‌ക്ക്‌ തയ്യാറാകുന്ന മകന്‍, ഭാര്യയെ ശരിക്കും അറിയാന്‍ ഇതുവരെ കഴിയാതിരുന്നതിന്റെ അമ്പരപ്പിലും രോഷത്തിലുമെങ്കിലും മകന്റെ ഒ്‌പ്പം പോകാന്‍ നിര്‍ബന്ധിതനാകുന്ന അച്ഛന്‍…ഒടുവില്‍ അവര്‍ കണ്ടെത്തുന്നതിലെ ക്ലൈമാക്‌സിലെ നാടകീയത….
ഓരോ മനുഷ്യരിലും ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ലോകമുണ്ട്‌ എന്ന്‌ ഓര്‍മിപ്പിക്കുന്ന സിനിമ. കണ്ടു കഴിഞ്ഞാല്‍ പലര്‍ക്കും പല രീതിയില്‍ മനസ്സില്‍ ഏല്‍ക്കുന്ന ഒരു സിനിമ. തരക്കേടില്ലാത്ത സിനിമ.

സൂപ്പര്‍ ശരണ്യ എന്ന സിനിമയിലെ അഭിനേതാക്കളുടെ ടീം തന്നെയാണ്‌ ഈ സിനിമയുടെയും കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കുന്നത്‌. അര്‍ജുന്‍ അശോകനും അനശ്വര രാജനും സൂപ്പര്‍ ശരണ്യയുടെ ചുവയില്‍ തന്നെ അഭിനയിക്കുന്നു. ഇത്‌ ഒരു പരിമിതിയായും പ്രത്യേകതയായും പറയാം, ആവശ്യം പോലെ.

നിഖില്‍ മുരളി സംവിധാനം ചെയ്‌ത ഈ സിനിമയുടെ കഥയും തിരക്കഥയും സുനു എ.വി.യും എം.ജ്യോതിഷും ചേര്‍ന്നാണ്‌ തയ്യാറാക്കിയത്‌.

ചില ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌, ഈ സിനിമ വലിയ കളക്ഷന്‍ നേടിയിട്ടില്ല. എന്നാല്‍ അതിനുപ്പുറമുള്ള സ്വീകാര്യതയ്‌ക്കും മികച്ച കലക്ഷനും അര്‍ഹതയുണ്ട്‌ പ്രണയവിലാസത്തിന്‌. തീര്‍ച്ചയായും നര്‍മമധുരമായും കാമ്പസ്‌ ഗൃഹാതുരത്വത്തോടെയും കണ്ടിരിക്കാവുന്ന സിനിമയാണിത്‌. കാമ്പസില്‍ നിന്നും കുടുംബത്തിന്റെ അകത്തളത്തിലേക്ക്‌ നീളുന്ന കഥയാണിതിന്റെത്‌. കൂടുതല്‍ ആളുകള്‍ അറിഞ്ഞു വന്ന്‌ കാണേണ്ടിയിരിക്കുന്നു.

Spread the love
English Summary: pranaya vilasam movie review- a nice touch film

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick