Categories
exclusive

ലോകത്ത് പുതിയൊരു ശാക്തിക ചേരി രൂപപ്പെടുന്നു…അമേരിക്കയ്‌ക്കെതിരെ

ഒരു വര്‍ഷം മുമ്പ് തുടങ്ങി ഇപ്പോഴും ശക്തമായി തുടരുന്ന ഉക്രെയ്ന്‍-റഷ്യ യുദ്ധം ലോകത്ത് പുതിയൊരു ശാക്തിക സഖ്യത്തിന് തുടക്കമിടുന്നതിലേക്ക് നയിക്കുകയാണ്. ഉക്രെയ്‌നെ ആക്രമിച്ച് റഷ്യയ്‌ക്കെതിരെ നിലകൊള്ളുന്ന അമേരിക്കയ്ക്ക് എതിരായ ചേരിയായി റഷ്യയും ചൈനയും കൂടുതല്‍ അടുക്കുകയാണ് എന്നാണ് സൂചന. അമേരിക്ക ഇരു രാഷ്ട്രങ്ങളുടെയും പൊതു എതിരാളിയാണ് എന്നതിനപ്പുറം അമേരിക്കയുടെ ആധിപത്യത്തിനു മീതെ സ്വന്തം ആധിപത്യം ലോകത്ത് ഉറപ്പിക്കാനായി വെമ്പുന്ന രാഷ്ട്രങ്ങളാണ് ഇവയെന്ന സവിശേഷതയും ഉണ്ട്.

നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം റഷ്യ സന്ദർശിക്കാനൊരുങ്ങുകയാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. കഴിഞ്ഞ ഒരു വർഷമായി ഷിയും പുടിനും തമ്മിൽ മികച്ച ആശയ വിനിമയവും സഹകരണവും സൗഹൃദവും ഒക്കെയാണ്.

thepoliticaleditor

റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഷി ചിൻപിങ് യാത്രയ്ക്കൊരുങ്ങുന്നത്. മാർച്ച് 20 മുതൽ 22 വരെയാണ് സന്ദർശനമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ–ചൈന സമഗ്ര പങ്കാളിത്തം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും തന്ത്രപ്രധാനമായ വിഷയങ്ങളിലും ചർച്ചയുണ്ടാകുമെന്നാണ് സൂചന. സുപ്രധാന ഉഭയകക്ഷി കരാറുകളിൽ ഇരുവരും ഒപ്പു വച്ചേക്കുമെന്നും സൂചനയുണ്ട്.

പഴയ സോവിയറ്റ് യൂണിയനിലും മറ്റ് പഴയ കിഴക്കന്‍ യൂറോപ്യന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും കമ്മ്യൂണിസം ഒരു പഴങ്കഥയാണ്. പല രാജ്യങ്ങളും അമേരിക്കന്‍ അനുകൂല നാറ്റോ സഖ്യകക്ഷികളായി മാറി. റഷ്യ പോലുള്ളവ അമേരിക്കന്‍ വിരുദ്ധ ചേരിയില്‍ ശക്തമായി നിലകൊള്ളുന്നു. ഉക്രെയ്‌നു വേണ്ടിയുള്ള യുദ്ധത്തില്‍ റഷ്യയ്‌ക്കെതിരെ അമേരിക്ക നാറ്റോ രാജ്യങ്ങളെ ഉപയോഗിച്ച് ശക്തമായി നില്‍ക്കുന്നു, ഉക്രെയിന് പരമാവധി സൈനിക പിന്തുണ നല്‍കി റഷ്യയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നു. റഷ്യയ്ക്ക് ലോകശാക്തിക ഭൂപടത്തില്‍ സ്ഥാനമില്ലാതാക്കുക എന്ന ലക്ഷ്യം അമേരിക്കയ്ക്ക് ഉണ്ട്. കഴിഞ്ഞ രണ്ട് അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റഷ്യ രഹസ്യമായി തങ്ങള്‍ക്കനുകൂലമായ പ്രസിഡണ്ട് തിരഞ്ഞെടുക്കപ്പെടാന്‍ കരുനീക്കം നടത്തിയിരുന്നു എന്ന ആരോപണം ഉണ്ടായിട്ടുണ്ട്. ഡോണള്‍ഡ് ട്രംപിനോട് റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിന് വലിയ താല്‍പര്യമാണ്. ട്രംപ് തിരഞ്ഞെടുക്കപ്പെടാനും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റന്‍ പരാജയപ്പെടാനുമായി റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ അഭിപ്രായസര്‍വ്വെകളിലും സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണത്തിലും വലിയ തിരിമറികള്‍ നടത്തുകയുണ്ടായി എന്ന് ആരോപിക്കപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടത് പക്ഷേ റഷ്യയ്ക്ക് വലിയ ആഘാതമായി. ട്രംപിന്റെ തോല്‍വിയല്ല പുടിന്‍ പ്രതീക്ഷിച്ചിരുന്നത്.
ഉക്രെയിന്‍ യുദ്ധത്തില്‍ പുടിനോടൊപ്പമാണ് ട്രംപ് നിലകൊള്ളുന്നത്. താന്‍ പ്രസിഡണ്ടായാല്‍ 24 മണിക്കൂറിനകം ഉക്രെയിന്‍ യുദ്ധം തീര്‍ക്കും എന്ന് ട്രംപ് പ്രസ്താവിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ബൈഡനെതിരെയാണ് ട്രംപിന്റെ ഒളിയമ്പ്.

മാത്രമല്ല മറ്റൊരു ഗുരുതര ആരോപണവു ട്രംപ് ബൈഡനെതിരെ ഉന്നയിച്ചു-ചൈനയെ റഷ്യയുമായി അടുപ്പിക്കുന്ന പണിയാണ് ബൈഡന്‍ കാണിച്ചുകൊണ്ടിരിക്കുന്നത് എന്ന്.
സംഗതി ശരിയാണ്. ഉക്രെയ്ന്‍ യുദ്ധത്തില്‍ ബൈഡനും സഖ്യകക്ഷികളും റഷ്യയ്‌ക്കെതിരെ ഒരു വര്‍ഷമായി നിന്നതോടെ റഷ്യ പതുക്കെ ചൈനയുമായി തന്ത്രപരമായി അടുത്തുതുടങ്ങി. പഴയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ എന്ന നിലയിലുള്ള അടുപ്പമൊന്നുമല്ല. അമേരിക്കയെ പിന്നിലാക്കി ലോകത്തിലെ നമ്പര്‍ വണ്‍ ശക്തിയായി മാറാന്‍ കൊതിക്കുന്ന ചൈനയ്ക്ക് അമേരിക്കയുടെ ശത്രു തങ്ങളുടെ ബന്ധുവായി എന്നു മാത്രമേയുള്ളൂ. മാത്രമല്ല, ഇരുവരും കടുത്ത സമഗ്രാധിപത്യ ഭരണാധികാരികളുമാണ്.

കമ്മ്യൂണിസത്തോട് ഡോണള്‍ഡ് ട്രംപും കടുത്ത ശത്രുതയിലാണെങ്കിലും തന്റെ എതിരാളിയായ ബൈഡന്റെ എതിരാളിയെന്ന നിലയില്‍ റഷ്യയോടും അവരുടെ പുതിയ സുഹൃത്തായ ചൈനയോടും ട്രംപ് തന്ത്രപരമായ ബന്ധത്തിലാണ് നീക്കം. പരസ്പരം വെട്ടിയും മുന്നേറിയും അധികാരം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള വിചിത്ര തന്ത്രങ്ങളാണ് ചൈനയും റഷ്യയും അമേരിക്കയുമെല്ലാം കളിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.
അതെന്തായാലും ഉക്രെയിന്‍ യുദ്ധവും അതില്‍ അമേരിക്കയുടെ നിലപാടും ഇപ്പോള്‍ ലോകത്തിലെ രണ്ട് വന്‍ ശക്തികളുടെ സൗഹൃദത്തിലേക്കാണ് നയിച്ചിരിക്കുന്നത്.

ശത്രുവിന്റെ ശത്രു ബന്ധു എന്ന നിലയിലാണീ സൗഹൃദം എന്നിരിക്കിലും ഇത് ഫലത്തില്‍ അമേരിക്കന്‍ വാഴ്ചയ്‌ക്കെതിരായ പൊതുചേരിയായി മാറുന്നു എന്നിടത്താണ് കാര്യം. ലോകത്ത് കമ്മ്യൂണിസ്റ്റ്-സമഗ്രാധിപത്യ-ഏകാധിപത്യ ഭരണകൂടങ്ങളായി അറിയപ്പെടുന്ന ചൈനീസ്, റഷ്യന്‍ ഭരണകൂടങ്ങള്‍ മുതലാളിത്ത ഭരണത്തിന്റെ പിതൃസ്ഥാനത്തുള്ള അമേരിക്കയ്ക്ക് എതിരായി ഒന്നിക്കുന്നത് ഭാവിയില്‍ ലോകത്ത് എന്ത് ശാക്തികബലാബലം സൃഷ്ടിക്കുമെന്നതാണ് വലിയ ചര്‍ച്ചാവിഷയം.

Spread the love
English Summary: new horizons in raussia china relation- shi chin ping planns to visit russia

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick