കെ. എം.സച്ചിൻദേവ് എംഎൽഎ തന്നെ ഉദ്ദേശിച്ച് സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശങ്ങൾക്കെതിരെ സൈബര്‍ സെല്ലിനും സ്പീക്കർക്കും കെ.കെ.രമ പരാതി നൽകി. നിയമസഭയിലെ സംഘർഷത്തിനിടെ രമയ്ക്കുണ്ടായ പരുക്ക് വ്യാജമാണെന്നായിരുന്നു സച്ചിൻദേവ് എംഎൽഎയുടെ പോസ്റ്റ്. സച്ചിൻദേവ് സമൂഹ മാധ്യമം വഴി അപമാനം ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടതായി പരാതിയിൽ പറയുന്നു. വിവിധ സമയങ്ങളിലുള്ള ഫോട്ടോകൾ ചേർത്ത് തെറ്റായ വിവരങ്ങൾ കാണിച്ച് പ്രചാരണം നടത്തി. പോസ്റ്റ് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

‘ഇൻ ഹരിഹർ നഗറിനും, ടു ഹരിഹർ നഗറിനും ശേഷം ലാൽ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇൻ ഗോസ്റ്റ് ഹൗസ് ഇൻ.. അതിൽ ഇടതു കയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം…തോമസൂട്ടി വിട്ടോടാ…..’– സച്ചിൻദേവ് ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റ് ഇതായിരുന്നു . ഒരു പ്രശ്നവുമില്ലാത്ത കെ.കെ.രമയുടെ കൈ എന്നു പറഞ്ഞ് ഒരു ഫോട്ടോയും കൈയിൽ ബാൻഡേജുമായി നിൽക്കുന്ന ഫോട്ടോയും ഒപ്പം ചേർത്തിരുന്നു.