Categories
latest news

കര്‍ണാടകത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭൂരിപക്ഷ വര്‍ഗീയ പാചക പരീക്ഷണം വിജയിക്കുമോ…

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരനോട്ടം ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞു. തെക്കെ ഇന്ത്യയില്‍ ബിജെപിക്ക് ഭരണമുള്ള ഏക സംസ്ഥാനമായ കര്‍ണാടകയില്‍ മെയ് 13-ന് പുറത്തു വരുന്ന ഫലം എന്തു കൊണ്ടും 2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള ദിശാസൂചിയായി മാറും. ഗുജറാത്തിനും യു.പി.ക്കും ശേഷം തെക്കെ ഇന്ത്യയില്‍ സംഘപരിവാറിന്റെ വര്‍ഗീയ വിദ്വേഷ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി മാറാന്‍ പോകുന്നത് കര്‍ണാടകയാണ്. അത്രയധികം പരസ്യമായ വര്‍ഗീയച്ഛായയുള്ള പ്രചാരണമാണ് കര്‍ണാടകയില്‍ ബിജെപി അഴിച്ചു വിട്ടിരിക്കുന്നത്.

ഇത് യഥാര്‍ഥത്തില്‍ കഴിഞ്ഞ വര്‍ഷം തൊട്ട് ഒരുക്കം തുടങ്ങിയതാണ്. ഹിജാബ് വിഷയം, ഹലാല്‍ ഇറച്ചി വില്‍പന വിഷയം തൊട്ട് ടിപ്പു സുല്‍ത്താന്റെ പേരില്‍ മുസ്ലീങ്ങളെ ആക്ഷേപിക്കുന്നതും ഇപ്പോള്‍ നാല് ശതമാനം മുസ്ലീം ന്യൂനപക്ഷ സംവരണം പിന്‍വലിച്ചതു വരെയുള്ള ഒട്ടേറെ വര്‍ഗീയമായ വിഭജനവും ഹിന്ദുത്വ വികാരം ഉണര്‍ത്തി വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള നീക്കവും കര്‍ണാടകയില്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ദീര്‍ഘകാല പ്ലാനിങിന്റെ ഭാഗമാണിതെല്ലാം എന്നത് പകല്‍ പോലെ വ്യക്തമാണ്.

thepoliticaleditor

ടിപ്പുസുല്‍ത്താന്‍ ഹിന്ദുവിരുദ്ധനായ ഭരണാധികാരിയായിരുന്നു എന്ന് വ്യാഖ്യാനിക്കുന്ന പ്രചാരണത്തിന്റെ ലക്ഷ്യം സംസ്ഥാനത്തെ 20 ശതമാനത്തോളം വരുന്ന ന്യൂനപക്ഷമാണ്. ഹിന്ദുഭൂരിപക്ഷസമുദായമായ ലിംഗായത്തുകളെ ഒപ്പം നിര്‍ത്താനുള്ള ഒട്ടേറെ അഭ്യാസങ്ങള്‍ ബിജെപി ഇതിനകം കാണിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും സമുദായത്തിന്റെ അകമഴിഞ്ഞ രാഷ്ട്രീയ പിന്തുണ നേടാന്‍ ബിജെപിക്കു സാധിച്ചിട്ടില്ല. ബി.എസ്.യെദിയൂരപ്പ ലിംഗായത്ത് സമുദായത്തില്‍ വലിയ സ്വാധീനമുള്ള നേതാവാണെങ്കിലും യെദ്യൂരപ്പയുടെ ഗ്രൂപ്പിസം സംസ്ഥാന ബിജെപിയില്‍ വലിയ അസ്വസ്ഥത അവശേഷിപ്പിക്കുന്നുണ്ട്. കേന്ദ്രനേതൃത്വം യെദ്യൂരപ്പയ്ക്ക് വാഗ്ദാനമൊന്നും കൊടുക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം അഴിമതിക്കാരുടെ നേതാവാണ് യെദ്യൂരപ്പ എന്ന ഇമേജ് അരക്കിട്ടുറപ്പിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം പോലും ഉണ്ടായത്. ദാവണ്‍ഗെരെ എം.എല്‍.എ.യായ മദല്‍ വിരൂപാക്ഷപ്പ കഴിഞ്ഞ ദിവസം അറസ്റ്റിലായപ്പോള്‍ അത് തെളിഞ്ഞു. യെദ്യൂരപ്പയുടെ ഉറ്റ അനുയായിയാണ് മദല്‍ വിരൂപാക്ഷപ്പ.

ഇത്രയും പച്ചയ്ക്ക് ന്യൂനപക്ഷ വിദ്വേഷപരമായ നടപടികള്‍ ഉണ്ടായിട്ടും കര്‍ണാടകത്തിലെ ജനങ്ങള്‍ ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നല്‍കുന്നില്ലെങ്കില്‍ അത് മറ്റൊരു ചരിത്രത്തിന്റെ ഉദയമായേക്കാം.
സത്യത്തില്‍ കര്‍ണാടകത്തില്‍ ബിജെപിക്ക് ഇപ്പോള്‍ ജനകീയമായ ഭൂരിപക്ഷം ഇല്ല എന്നതാണ് സത്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ ബിജെപി.യെ അല്ല ഭരണം ഏല്‍പിച്ചത്. എന്നാല്‍ കോണ്‍ഗ്രസിലെയും ജനതാദളിലെയും പടലപിണക്കങ്ങള്‍ മുതലെടുത്ത് കോടികള്‍ കൈക്കൂലി നല്‍കി എം.എല്‍.എമാരെ വിലയ്‌ക്കെടുത്താണ് ബിജെപി ഭരണം പിടിച്ചെടുത്തത്. അത് നിലനിര്‍ത്തല്‍ അവരുടെ അഭിമാന പ്രശ്‌നമാണ് പല തരത്തിലും. കേന്ദ്രത്തിന്റെ നിര്‍ലോഭമായ സഹായവും രാഷ്ട്രീയ പിന്തുണയുമെല്ലാം ഉണ്ടായിട്ടും ശരിക്കും ജനസമ്മിതിയോടെ ജയിക്കാനായില്ലെങ്കില്‍ കനത്ത നാണക്കേടാണ് എന്നത് ഒരു കാര്യം. കര്‍ണാടക പരീക്ഷണം വിജയിച്ചില്ലെങ്കില്‍ ഇനി ദക്ഷിണേന്ത്യ ബിജെപിക്ക് ഒരു കിനാവ് മാത്രമായി അവശേഷിക്കും എന്ന യാഥാര്‍ഥ്യം മറ്റൊന്ന്.

ഇന്ത്യയില്‍ തിരിച്ചു വരാനുള്ള ശരിയായ ലിറ്റ്മസ് ടെസ്റ്റാണ് കോണ്‍ഗ്രസിന് കര്‍ണാടക തിരഞ്ഞെടുപ്പ്. പ്രതിപക്ഷ ഐക്യത്തിന്റെ ശക്തിയും പ്രസക്തിയും വര്‍ധിപ്പിക്കുന്നതും കോണ്‍ഗ്രസിനു തന്നെ പുതിയ ഉണര്‍വ്വ് സമ്മാനിക്കുന്നതുമായ കര്‍ണാടക വിജയത്തിനാണ് കോണ്‍ഗ്രസ് മോഹിക്കുന്നത്. നടക്കുമോ എന്നത് മറ്റൊരു കാര്യം. ബിജെപി.യില്‍ മുമ്പൊന്നുമില്ലാത്ത അന്തച്ഛിദ്രം കര്‍ണാടകയിലുണ്ട് എന്നത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാകുന്നുണ്ട്. കോണ്‍ഗ്രസില്‍ ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും നേതൃത്വം നല്‍കുന്ന ഗ്രൂപ്പിസം അതി ശക്തമായ പോരാട്ടത്തിലാണെങ്കിലും പുതിയ സാഹചര്യത്തില്‍ ശത്രുത മറന്ന് വിജയത്തിനായി പോരാടാനുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം പാലിച്ച് മുന്നോട്ട് നീങ്ങുകയാണ് ഇപ്പോള്‍.

മൈസൂര്‍ മേഖലയില്‍ വലിയ സ്വാധീനമുള്ള ജനതാദള്‍ എസ് ആയിരിക്കും ഇത്തവണ കറുത്ത കുതിരയായി മാറുക. നേരത്തെ ഭരണത്തിലിരുന്നിട്ടുള്ള ജെ.ഡി.എസ് പക്ഷേ വലിയ ഗ്രൂപ്പിസത്തിന് ഇരയായി ഒതുങ്ങിപ്പോയതാണ്. ഗ്രൂപ്പ് വഴക്ക് ശക്തമാണിപ്പോഴും. അത് തീര്‍ക്കാന്‍ ഇപ്പോള്‍ വിശ്രമത്തിലുള്ള എച്ച്.ഡി. ദേവഗൗഡ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. ഗണ്യമായത്ര സീറ്റുകള്‍ നേടിയാല്‍ ബി.ജെ.പി.യുമായി പോലും നീക്കു പോക്കുണ്ടാക്കാന്‍ മടി കാണിക്കാത്ത ചരിത്രം ജെ.ഡി.എസിന് ഉണ്ട് എന്നതിനാല്‍ കര്‍ണാടകത്തിലെ ത്രികോണ മല്‍സരത്തില്‍ ജെഡിഎസ് നിര്‍ണായക ഘടകമായിത്തീരുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

Spread the love
English Summary: inner politics of karnataka politics

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick