Categories
kerala

വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെ പൂട്ടാൻ ആദായനികുതി വകുപ്പ്

സുതാര്യമല്ലാത്ത രാഷ്ട്രീയ ബന്ധങ്ങളും അതിനേക്കാള്‍ രഹസ്യാത്മകതയുള്ള റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകളും കൊണ്ട് കേരളീയരുടെ ചര്‍ച്ചകളില്‍ വിവാദപുരുഷനായി മാറിയ കോഴിക്കോടു ജില്ലക്കാരനായ കച്ചവടക്കാരന്‍ ഫാരിസ് അബൂബക്കറിനെ വലയിലാക്കാനുള്ള ശ്രമമാണ് കേന്ദ്ര ഏജന്‍സികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനകം തന്നെ ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ ക്രമക്കേടുകളും നികുതിവെട്ടിപ്പുകളും പണവിനിമയത്തിലെ സുതാര്യതയില്ലായ്മകളും കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച തെളിവുകള്‍ തേടിയുള്ള പരിശോധനയാണ് ഇന്നലെ നടന്നത്. ഇത് ഇനിയും തടുരുമെന്നാണ് സൂചന. ഇപ്പോള്‍ ലണ്ടനിലുള്ള ഫാരിസിനോട് എത്രയും പെട്ടെന്ന് ഹാജരാകാന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാരിസിന്റെ കൊച്ചി, കൊയിലാണ്ടി, ഡൽഹി, ചെന്നൈ, മുംബയ് എന്നിവിടങ്ങളിലുള്ള ഓഫീസുകളിൽ പരിശോധന നടത്തി . രാഷ്ട്രീയ ബന്ധങ്ങള്‍, റിയല്‍ എസ്റ്റേറ്റ്- കള്ളപ്പണ ഇടപാടുകള്‍ എന്നിവയാണ് അന്വേഷണ വിധേയമാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന സൂചന. ചെന്നൈ യൂണിറ്റാണ് കേരളത്തിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്. 92 റിയൽ എസ്റ്റേറ്റ് കമ്പനികൾ ഫാരിസിന്റേതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരില്‍ വിവിധയിടങ്ങളില്‍ ഫാരിസിന് ഭൂമി ഇടപാടുകളുമുണ്ട്. ഈ സ്ഥാപനങ്ങളിൽ വിദേശത്തുനിന്നടക്കം നിക്ഷേപം എത്തിയിട്ടുണ്ടെന്ന വിവരം ആദായ നികുതിവകുപ്പിന് ലഭിച്ചിട്ടുണ്ട്. പല കമ്പനികളുടെ നിക്ഷേപകര്‍ ആരാണെന്നും അവ്യക്തതയുണ്ട്. കമ്പനികളില്‍ രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപമുണ്ടെന്നും സംശയിക്കുന്നുണ്ട്. ഫാരിസുമായി നടത്തിയ ഇടപാടുകളുടെ പശ്ചാത്തലത്തിൽ ശോഭാ ഡവലപ്പേഴ്സിന്റെ ഓഫീസിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

നിലം ഭൂമി വാങ്ങി നികത്തി വൻകിട ഗ്രൂപ്പുകൾക്ക് കൈമാറിയെന്ന പരാതിയിലാണ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വച്ച് നടത്തിയതായും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ടുകൾ.

thepoliticaleditor

സി.പി.എമ്മുമായി ബന്ധപ്പെട്ട് ഏറ്റവു വിവാദമുണ്ടാക്കിയിരുന്ന ബിസിനസ്സുകാരനായിരുന്നു ഫാരിസ്. വി.എസ്.-പിണറായി ഗ്രൂപ്പ് പോര് മൂര്‍ധന്യത്തിലായിരുന്ന കാലത്ത് വി.എസിനെ പരിഹസിച്ചു കൊണ്ട് ഫാരിസ് അബൂബക്കര്‍ കൈരളി ടി.വി.ക്കു നല്‍കിയ അഭിമുഖം വലിയ വിവാദമുയര്‍ത്തിയിരുന്നു. ഈ അഭിമുഖം നടത്തിയത് പിണറായിയുടെ വിശ്വസ്തനായ ജോണ്‍ ബ്രിട്ടാസ് ആയിരുന്നു എന്നതും വിഷയത്തിന് എരിവ് പകര്‍ന്നു.

Spread the love
English Summary: income tax raid in faris aboobeckers offices

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick