കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിനും അവരെ ഇടനിലക്കാരനായി സമീപിച്ചെന്ന് പറയുന്ന വിജേഷ് എന്ന വിജേഷ് പിള്ളയ്ക്കുമെതിരെ കണ്ണൂര്‍ ജില്ലിയലെ സി.പി.എം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നല്‍കിയ പരാതിയില്‍ എടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനം. സന്തോഷിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസാണ് സ്വപ്‌നയ്ക്കും വിജേഷിനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
സ്വപ്‌ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതി നിലവില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കുന്നുണ്ട്. സമാനസ്വഭാവമുള്ള കേസായതിനാലാണ് സി.പി.എം. നല്‍കിയ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളില്‍ നിന്നും പിന്‍മാറാന്‍ മുപ്പത് കോടി രൂപ നല്‍കാമെന്ന് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത കടമ്പേരി സ്വദേശിയായ ബിസിനസ്‌കാരന്‍ വിജേഷ് പിള്ള തന്റെ താമസസ്ഥലമായ ബംഗലുരുവില്‍ എത്തി പറഞ്ഞു എന്നായിരുന്നു സ്വപ്‌നയുടെ പ്രധാന ആരോപണം.
നാട്ടില്‍ നിന്നും പോകണമെന്നും ഇല്ലെങ്കില്‍ ജീവന്‍ ബാക്കി കിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും വിജേഷ് പറഞ്ഞതായി സ്വപ്‌ന വെളിപ്പെടുത്തി. ഇതെല്ലാം വ്യാജമാണെന്നും ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് കെ.സന്തോഷിന്റെ പരാതിയുടെ ഉള്ളടക്കം.