ലഹരിവാര്‍ത്താ പരമ്പരയില്‍ വ്യാജവീഡിയോ ചിത്രീകരിച്ചെന്നാരോപിക്കപ്പെട്ട് സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറും എഡിറ്റര്‍മാരും പോക്‌സോ കേസ് നേരിടവേ ഈ കേസിന് അടിസ്ഥാനമായ വ്യാജവീഡിയോ ചിത്രീകരണവിവാദവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഏഷ്യാനെറ്റില്‍ നിന്നും കൊച്ചിയിലേക്ക് സ്ഥലം മാറ്റപ്പെട്ട റിപ്പോര്‍ട്ടര്‍ സാനിയോ മനോമി കമ്പനിയില്‍ നിന്നും രാജിവെച്ചതായി വാര്‍ത്ത. ദേശാഭിമാനി പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കണ്ണൂരിലുണ്ടായിരുന്ന മറ്റൊരു റിപ്പോര്‍ട്ടറായ നൗഫല്‍ ബിന്‍ യൂസഫ് ചിത്രീകരിച്ച ഒരു വീഡിയോയില്‍ നേരത്തെ സാനിയോ ശേഖരിച്ച ഒരു പെണ്‍കുട്ടിയുടെ സംഭാഷണം എഡിറ്റ് ചെയ്ത് ചേര്‍ത്തു എന്നതായിരുന്നു കേസിലേക്ക് നയിച്ചത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ലഹരി മാഫിയക്ക് ഇരയായ ഒരു പെണ്‍കുട്ടിയുമായുള്ള സംഭാഷണം സാനിയോ ശേഖരിച്ച് സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കു ശേഷം ഏഷ്യാനെറ്റ് ആരംഭിച്ചതും ലഹരിയുടെ വ്യാപനത്തെക്കുറിച്ചുള്ളതുമായ ഫീച്ചര്‍ പരമ്പരയില്‍ സാനിയോ റിക്കോര്‍ഡ് ചെയ്ത അന്നത്തെ കുട്ടിയുടെ യഥാര്‍ഥ സംഭാഷണം ആ കുട്ടിയുടെതെന്ന വ്യാജേന മറ്റൊരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെച്ച് ചിത്രീകരിച്ച് ആ രംഗത്ത് എഡിറ്റ് ചെയ്ത് സന്നിവേശിപ്പിക്കുകയും ചെയ്തു എന്നാണ് ആരോപണം ഉയര്‍ന്നത്. ഈ ചിത്രീകരണം നടത്തിയത് നൗഫല്‍ ബിന്‍ യൂസഫ് ആയിരുന്നു.
പുതിയ ചിത്രീകരണത്തിനായി ഏഷ്യാനെറ്റിലെ തന്നെ ഒരു ജീവനക്കാരിയുടെ മകളെയാണ് ഉപയോഗിച്ചതെന്നും ആരോപണം ഉയര്‍ന്നു. ഈ കുട്ടി കോഴിക്കോട്ടെ ഒരു സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. ഇവരെ മുഖം വ്യക്തമാക്കാത്ത രീതിയില്‍ പഴയ ഇരയായ പെണ്‍കുട്ടിയാണെന്ന മട്ടില്‍ ചിത്രീകരിച്ചു. അതായത് യഥാര്‍ഥ ഇരയായ പെണ്‍കുട്ടിയുടെ ഒറിജിനല്‍ സംഭാഷണം പുതിയ പെണ്‍കുട്ടിയെ വെച്ച് വീഡിയോ ഷൂട്ട് ചെയ്ത് ആ കുട്ടിയുടെതെന്ന മട്ടില്‍ പഴയ ഓഡിയോ ചേര്‍ത്ത് സംപ്രേഷണം ചെയ്തു എന്നതാണ് ഏഷ്യാനെറ്റിനും അതിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കും എഡിറ്റര്‍മാര്‍ക്കും എതിരായ കേസിലെ പരാതിയായി മാറിയത്.

കണ്ണൂരിലെ ഏഷ്യാനെറ്റിലെ റിപ്പോര്‍ട്ടര്‍മാരായ സാനിയോയും നൗഫലും തമ്മില്‍ ഇക്കാര്യത്തില്‍ നീരസമുണ്ടായി എന്ന വാര്‍ത്ത പരന്നിരുന്നു. തന്റെ റിപ്പോര്‍ട്ട് നൗഫല്‍ സ്വന്തം നിലയില്‍ തന്റെ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട് പോലെ പുനസൃഷ്ടിച്ച് ഉപയോഗിച്ചു എന്നതായിരുന്നു ആ നീരസത്തിന്റെ അടിസ്ഥാനമെന്നും പറയപ്പെട്ടു. നൗഫലിന്റെ ഈ ചിത്രീകരണത്തിലെ ‘ചതി’ ഏഷ്യാനെറ്റിനു പുറത്തേക്ക് ചോര്‍ത്തിക്കൊടുത്തത് സാനിയോ ആണെന്നുള്ള അഭ്യൂഹവും പരന്നു. ഏഷ്യാനെററിന്റെ ഈ വ്യാജചിത്രീകരണത്തെപ്പറ്റി പരാതി നല്‍കാന്‍ പി.വി.അന്‍വര്‍ എത്തിയതോടെയാണ് സംശയമുന സാനിയോക്കെതിരെ തിരിഞ്ഞത്.

സാനിയോ മനോമിയുടെ ഭര്‍ത്താവ് പി.വി.അന്‍വറിന്റെ അടുത്ത ആളാണ്. എന്നു മാത്രമല്ല കോഴിക്കോട് സി.പി.എം. ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റരുടെ മകനുമാണ്. അന്‍വര്‍ ആകട്ടെ ഏഷ്യാനെറ്റുമായി വന്‍തോതില്‍ ഇടഞ്ഞു നില്‍ക്കുന്ന വ്യക്തിയുമാണ്. അന്‍വറിന്റെ നിലമ്പൂര്‍ കക്കാടം പോയിലിലെ കാട്ടിനകത്തെ റിസോര്‍ട്ടിനെതിരെയും അനധികൃത തടയണക്കെതിരെയും നിരന്തരം വാര്‍ത്ത നല്‍കി അത് പൊളിപ്പിക്കുന്നതിലേക്ക് നയിച്ച സംഭവങ്ങളില്‍ മുന്നില്‍ നിന്ന മാധ്യമം ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു. ഏഷ്യാനെറ്റിനെതിരായ ഒരു വടി കിട്ടാനായി തക്കം പാര്‍ത്തു നിന്നിരുന്ന അന്‍വറിന് വ്യാജവീഡിയോ സംഭവം വലിയ അവസരമൊരുക്കി. സി.പി.എമ്മിന്റെ രാഷ്ട്രീയ പിന്തുണയും അന്‍വറിന് ലഭിച്ചു. സാനിയോ ആകട്ടെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍ ഭാര്യയുമാണ്.
സാനിയോ വഴി, അവരുടെ ഭര്‍ത്താവ് വഴിയാണ് പി.വി.അന്‍വര്‍ വ്യാജവീഡിയോ സംഭവം അറിയുന്നതെന്ന് ഏഷ്യാനെറ്റ് വിശ്വസിച്ചതു കൊണ്ടാണ് അവരെ കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് സ്ഥലം മാറ്റിയതെന്നാണ് പ്രചരിച്ച വാര്‍ത്ത. സാനിയോയുടെത് എന്തായാലും ശിക്ഷാ സ്ഥലം മാറ്റമായിരുന്നു എന്നത് ഉറപ്പായിരുന്നു.

സാനിയോ വഴിയല്ലാതെ അവര്‍ ചിത്രീകരിച്ച ഓഡിയോ പുതിയ വീഡിയോയില്‍ എഡിറ്റു ചെയ്ത് ചേര്‍ത്ത കാര്യം പുറത്തേക്ക് ലീക്ക് ആവില്ലെന്നാണ് ഏഷ്യാനെറ്റ് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു ശിക്ഷാനടപടിക്കു സമാനമായ സ്ഥലം മാറ്റം.
അന്‍വറിന്റെ പരാതിയെത്തുടര്‍ന്ന് കേസ് വന്നതിനാലാണ് സ്ഥലം മാറ്റം എന്നാണ് ആദ്യം ലോകം കരുതിയതെങ്കിലും അണിയറ രഹസ്യങ്ങള്‍ പിന്നീടാണ് ചുരുളഴിഞ്ഞത്.
ഇടതു സര്‍ക്കാരിന്റെ കൊടും വിമര്‍ശകരായി തീര്‍ന്നിട്ടുള്ള ഏഷ്യാനെറ്റിനെതിരെ നീങ്ങാനുള്ള രാഷ്ട്രീയമായ തീരുമാനം നേരത്തെ തന്നെ സ്വീകരിച്ചിരുന്ന സി.പി.എം. കുറേക്കാലമായി വാര്‍ത്താചര്‍ച്ചാ പരിപാടികളില്‍ സി.പി.എം. പ്രതിനിധികളെ അയച്ചിരുന്നില്ല. പ്രധാനമായും വിനു വി.ജോണ്‍ അവതരിപ്പിക്കുന്ന ന്യൂസ് അവര്‍ സിപിഎം ബഹിഷ്‌കരിച്ചു. മറ്റുള്ള അവതാരകരുടെ പരിപാടികളില്‍ ഇടതുപക്ഷത്തുള്ള ആരെയെങ്കിലുമോ ഇടതു സഹയാത്രികരെ മാത്രം അയച്ചോ അനിഷ്ടം വ്യക്തമാക്കിക്കൊണ്ടുള്ള സഹകരണം മാത്രം നല്‍കുകയും ചെയ്തുകൊണ്ടിരുന്നു.
വ്യാജവീഡിയോ സംഭവം സിപിഎം രാഷ്ട്രീയമായി തന്നെ ഏഷ്യാനെറ്റ് വ്യാജവാര്‍ത്തകളുടെ നിര്‍മ്മാതാക്കളാണ് എന്ന് സ്ഥാപിക്കാനായി ഉപയോഗിച്ചതിന്റെ ഉദാഹരണമാണ് ഏഷ്യാനെറ്റ് കോഴിക്കോട് ഓഫീസില്‍ നടന്ന പൊലീസ് പരിശോധനയും പാര്‍ടിയുടെ എംഎല്‍എ ആയ അന്‍വര്‍ നില്‍കിയ സ്വകാര്യ പരാതിയില്‍ നിമിഷവേഗത്തില്‍ പോക്‌സോ കേസ് എടുത്തതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍. അതിന്റെ ഒടുവിലത്തെ നീക്കമായിട്ടാണ് സാനിയോയുടെ രാജിയും എന്ന് കരുതേണ്ടതുണ്ട്. മാധ്യമപ്രവര്‍ത്തകരും ഏഷ്യാനെറ്റില്‍ ഇരയാക്കപ്പെടുന്നു എന്ന് സ്ഥാപിക്കാനായി സിപിഎമ്മിന് ഈ കാര്യം ഉപയോഗിക്കാനാവും.

നൗഫല്‍ ബിന്‍ യൂസഫിനെയും കണ്ണൂരില്‍ നിന്നും ഏഷ്യാനെറ്റ് സ്ഥലം മാറ്റിയിരുന്നെങ്കിലും അത് അദ്ദേഹത്തെ കൂടുതല്‍ സുരക്ഷിതനാക്കാനാണ് എന്ന ആരോപണം സിപിഎം ഉയര്‍ത്തിയിരുന്നു. കോഴിക്കോട്ടേക്കാണ് നൗഫലിനെ മാറ്റിയത്. എന്നാല്‍ നൗഫലിന്റെ സ്ഥലം മാറ്റം ഫലത്തില്‍ സിപിഎമ്മിന്റെ ഇക്കാര്യത്തിലുള്ള നിലപാടുകളുടെ ഫലമായുണ്ടായ വിജയമായാണ് സി.പി.എം. കേന്ദ്രങ്ങളിലെ ഒരു വിലയിരുത്തല്‍.

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രബലമായ സിപിഎം കോട്ടയായ കണ്ണൂരില്‍ പാര്‍ടിയെ വന്‍ തോതില്‍ രാഷ്ട്രീയമായി ആക്രമിക്കുന്ന വാര്‍ത്തകള്‍ നിരന്തരം നൗഫല്‍ നല്‍കിയിരുന്നു. നൗഫലിനെതിരെയും ഒരു പരാതിക്കായി സിപിഎം കാത്തിരിക്കയായിരുന്നു എന്നതായിരുന്നു സത്യം. അത് നൗഫലായിട്ട് തന്നെ പാര്‍ടിക്ക് എത്തിച്ചു നല്‍കുകയും ചെയ്തു. ലഹരിമാഫിയയുടെ പിടിയില്‍ പെട്ട കുട്ടിയുടെ യഥാര്‍ഥ ഓഡിയോ അതു പോലെ പറഞ്ഞുകൊണ്ട് വാര്‍ത്താ ഫീച്ചറില്‍ നല്‍കുകയോ അല്ലെങ്കില്‍ പുതിയ വീഡിയോ പ്രതീകാത്മകമായി ചിത്രീകരിച്ചതാണെന്ന് സൂചിപ്പിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ മറ്റൊരു തരത്തിലാകുമായിരുന്നു എന്ന് മാധ്യമ മേഖലയിലുള്ളവര്‍ ഒരു പോലെ പറയുന്ന കാര്യമാണ്.