Categories
kerala

5 വര്‍ഷം മുമ്പ്‌ താന്‍ മുഖ്യമന്ത്രിക്ക്‌ ആശങ്കയോടെ എഴുതിയ കാര്യം…മാലിന്യദുരന്തത്തെക്കുറിച്ച്‌ മോഹന്‍ലാലിന്റെ കുറിപ്പ്‌

ബ്രഹ്മപുരം മാലിന്യദുരന്തം പ്രകൃതി ദുരന്തമല്ലെന്നും മനുഷ്യ നിര്‍മിത ദുരന്തമാണെന്നും താന്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ മുഖ്യമന്ത്രിക്ക്‌ ആശങ്ക പങ്കുവെച്ച്‌ കത്തെഴുതിയിരുന്നുവെന്നും നടന്‍ മോഹന്‍ലാല്‍. എല്ലാവരെയും കാത്തിരിക്കുന്ന ദുരന്തമാണിത്‌. ഇത്രയധികം തെറ്റായി മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥലം കേരളമല്ലാതെ വേറെ ലോകത്തെവിടെയും ഇല്ലെന്നും ജനം മാലിന്യം വലിച്ചെറിയുന്നത്‌ കൃത്യമായ മാലിന്യനീക്കത്തിന്‌ സംവിധാനം ഒരുക്കാത്തതിനാലാണെന്നും ഇതു സംബന്ധിച്ചെഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ പ്രതികരിച്ചു.
സമൂഹ മാധ്യമത്തില്‍ വന്ന കുറിപ്പിന്റെ പൂര്‍ണ രൂപം:

”പുകയുന്ന ഈ കൊച്ചിയിൽ ആയിരക്കണക്കിനു അമ്മമാരും മുതിർന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണെന്നും ലാൽ പറഞ്ഞു. ഇവരുടെയൊക്കെ ശ്വാസകോശങ്ങളിലെത്തുന്ന പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവൻ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം. ഇതു പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ്. ഞാൻ പൊഖറാനിൽ ഷൂട്ടിങ്ങിലാണ്. പലരും പറഞ്ഞു ലാൽ രക്ഷപ്പെട്ടുവെന്ന്.ആരും സ്ഥിരമായി അന്യ നാട്ടിൽ താമസിക്കില്ലല്ലോ. അതുകൊണ്ടുതന്നെ താൽക്കാലികമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല.അവരേയും ഇതെല്ലാം നാളെമോ മറ്റന്നാളോ കാത്തിരിക്കുന്നുണ്ട്.

thepoliticaleditor

ഇത് ആരുടെ വീഴ്ചായാണെന്നു തർക്കിക്കുമ്പോൾ ഇതിനുള്ള അടിയന്തര പരിഹാരം ചർച്ച ചെയ്യാതെ പോകുന്നു. എത്ര അലക്ഷ്യമായാണു നാം ഇതു കൈകാര്യം ചെയ്തെന്നു തിരിച്ചറിയുന്നത് ഇപ്പോഴാണ്.ഈ പുക കൊച്ചിയിൽ മാത്രം നിൽക്കുമെന്നു കരുതരുത്. അതു ലോകത്തിന്റെ പല ഭാഗത്തും പല തരത്തിൽ എത്തുന്നുണ്ട്. ടൂറിസം, ഹോട്ടൽ തുടങ്ങിയ വ്യവസായങ്ങളിലെല്ലാം ഇതിന്റെ പുക ബാക്കി നിൽക്കും. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ. 5 വർഷം മുൻപു ഞാനൊരു കുറിപ്പിൽ മാലിന്യം കൈ വിട്ടുപോകുന്ന പ്രശ്നമാകുമെന്നു ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത് എന്റെ മാത്രം ആശങ്കയായിരുന്നില്ല. ആയിരക്കണക്കിനാളുകളുടെ ആശങ്കയായിരുന്നു. ആ കത്തു ഞാൻ മുഖ്യമന്ത്രിക്കും നൽകിയിരുന്നു.

ആളുകൾ മാലിന്യം കവറിലാക്കി വലിച്ചെറിയുന്നതുകൊണ്ടാണ് ഈ അവസ്ഥ വന്നതെന്നു പറയുന്നതു കേട്ടു. കൃത്യമായൊരു സംവിധാനം ഉണ്ടായാൽ ആരും മാലിന്യം കവറിലാക്കി കളയില്ല. അത്തരമൊരു സംവിധാനം നമുക്കില്ല എന്നതാണു പ്രധാന കാരണം.സംസ്കരിക്കാൻ മികച്ച സംവിധാനമുണ്ടായാൽ ജനം സ്വയം അത്തരം സംസ്കാരം പിൻതുടരും. പരസ്പരം കുറ്റം പറയുന്നതിനു പകരം നാം ചെയ്യേണ്ടത് എന്തു ചെയ്യുമെന്നും എപ്പോൾ നാം സംസ്കരണത്തിനു സജ്ജമാകുമെന്നാണ്.

തിരുവനന്തപുരത്തെ മാലിന്യ സംസ്കരണ ചർച്ചയ്ക്കു വേണ്ടി 5 യോഗത്തിൽ ഞാ‍ൻ പങ്കെടുത്തു. എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഞാനിനി വരുന്നില്ലെന്നു പറഞ്ഞു. ചർച്ച ചെയ്യുന്നതുകൊണ്ടു മാത്രം ഒന്നും നടക്കില്ല. നടപടി വേണം. കൊച്ചിയിലെ പുക അടങ്ങുമായിരിക്കും. എന്നാൽ ഇനിയും ഇത്തരം ദുരന്തം ഉണ്ടാകില്ലെന്നു പറയാനാകില്ല. കനൽ എവിടെയോ ബാക്കി കിടക്കുന്നുണ്ട്.”– മോഹൻലാൽ എഴുതി .

Spread the love
English Summary: actor mohan lal about bhrahmapuram issue

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick