Categories
kerala

അപ്പോള്‍ സിദ്ദിഖ് കാപ്പന്‍ ചെയ്ത രാജ്യദ്രോഹ കുറ്റം എവിടെ പോയി? മോചിതനാകുമ്പോള്‍ ചോദ്യം ബാക്കി

മലയാളി മാധ്യമപ്രവര്‍ത്തകന്‍ രണ്ടര വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ഇന്ന് പുറംലോകത്തേക്ക്. ആരോപിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റം ഒരു തെളിവും കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്നതിനെത്തുടര്‍ന്ന് വെറും ചോദ്യം ചിഹ്നം മാത്രമായി മാറിയിരിക്കുന്നു. സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹക്കുറ്റം ചുമത്തി 2020 ഒക്ടോബറിലാണ് അറസ്റ്റ് ചെയ്തത്.

2020-ല്‍ ഉത്തര്‍പ്രദേശിലെ ഹത്രാസ് എന്ന ഗ്രാമം ശ്രദ്ധേയമായത് ഒരു 19 -കാരിയെ കുറേ ഉയര്‍ന്ന ജാതിക്കാരായ ചെറുപ്പക്കാര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും പുറത്തു പറയാതിരിക്കാന്‍ നാവ് പോലും മുറിക്കുകയും ചെയ്ത സംഭവം പുറത്തറിഞ്ഞതോടെയാണ്. പെണ്‍കുട്ടി ആദ്യം ലഖ്‌നൗവിലെ ആശുപത്രിയിലും പിന്നീട് സുപ്രീംകോടതി പോലും ഇടപെട്ടതിനെത്തുടര്‍ന്ന വിദഗ്ധ ചികില്‍സയ്ക്കായി ഡെല്‍ഹിയിലും പ്രവേശിപ്പിക്കപ്പെട്ടെങ്കിലും ജീവന്‍ രക്ഷപ്പെട്ടില്ല. ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് കണ്ണും കാതും മനസ്സാക്ഷിയുമില്ലെന്ന് തെളിയിക്കുന്ന സംഭവമാണ് പിന്നീടുണ്ടായത്. പെണ്‍കുട്ടിയുടെ ദേഹം ബന്ധുക്കളെ പോലും കാണിക്കാന്‍ തയ്യാറാവാതെ യു.പി.യിലെത്തിച്ച ജില്ലാ ഭരണകൂടം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെയും ജില്ലാ പൊലീസ് അധികാരികളുടെയും അറിവോടെ രാവ് വെളുക്കും മുമ്പേ വീട്ടിനടുത്ത വയലില്‍ ചിതയൊരുക്കി കത്തിച്ചു കളഞ്ഞു.

thepoliticaleditor
ജയില്‍ മോചിതനായ സിദ്ദിഖ് കാപ്പന്‍ ഭാര്യയ്ക്കും മകനുമൊപ്പം ജയിലിനു പുറത്ത്‌

ക്രൂരമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ ഹതഭാഗ്യനായ വ്യക്തിയാണ് സിദ്ദിഖ് കാപ്പന്‍. അയാള്‍ ഏത് രാഷ്ട്രീയത്തില്‍ പെട്ട ആളാവട്ടെ, ഏത് ചിന്താഗതിക്കാരന്‍ ആവട്ടെ, ഹത്രാസിലെ ഭരണകൂട-ജാതി മേലാള ഭീകരത പുറം ലോകത്തെ അറിയിക്കാനായി ഡെല്‍ഹിയില്‍ നിന്നും പോയ ആള്‍ ആയിരുന്നു. പക്ഷേ സിദ്ദിഖ് അറസ്റ്റ് ചെയ്യപ്പെട്ടു. സിദ്ദിഖ് ചെയ്തതാണോ യഥാര്‍ഥ കുറ്റം അതോ യു.പി.യിലെ ഹത്രാസില്‍ ഭരണകൂടം ഉള്‍പ്പെടെ അറിഞ്ഞ് നടത്തിയ സംഭവങ്ങളാണോ കുറ്റം എന്ന ചോദ്യം ഇപ്പോള്‍ സിദ്ദിഖ് രണ്ടര വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനാകുമ്പോള്‍ ഉയരുകയാണ്.
രാജ്യദ്രോഹക്കുറ്റം എഫ്.ഐ.ആറില്‍ എഴുതിപ്പിടിപ്പിച്ചതല്ലാതെ അത് തെളിയിക്കാനുള്ള ഒരു തരിമ്പ് തെളിവ് പോലും പൊലീസിന് ഹാജരാക്കാന്‍ സാധിച്ചില്ല എന്നിടത്താണ് യു.പി.പോലീസിന്റെ കിരാത നടപടികളുടെ ഗൂഢ ലക്ഷ്യങ്ങള്‍ വെളിവാകുന്നത്. അമ്പതിനായിരം രൂപയില്‍ താഴെ അക്കൗണ്ടില്‍ വന്നതിന്റെ കണക്കു ചോദിച്ചാണ് തീവ്രവാദ പ്രവര്‍ത്തനത്തിന് ഫണ്ട് വാങ്ങിയെന്ന കുറ്റം ചാര്‍ത്തിയത്. അതിനും ഒരു തെളിവും ഇല്ലെന്ന് കോടതി വിലയിരുത്തിയതോടെ കെട്ടിപ്പൊക്കിയ ആരോപണങ്ങളെല്ലാം ശുദ്ധതട്ടിപ്പുകളായി മാറി.

എന്നാല്‍ ഹത്രാസില്‍ കൂട്ടബലാല്‍സംഗം നടത്തി ഒരു പെണ്‍കുട്ടിയെ കൊന്നതും മൃതദേഹം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ചുട്ടെരിച്ചതായി വെളിവായതും ഒന്നും ഇപ്പോള്‍ കുറ്റമേയല്ലെന്ന് വരുമോ. അല്ലെങ്കില്‍ ഏതാണ് യഥാര്‍ഥ കുറ്റം-കാപ്പന്‍ ചെയ്തതോ ഭരണകൂടവും പൊലീസും ചെയ്തതോ.

ഇന്ന് രാവിലെ ലഖ്‌നൗ ജയിലില്‍ നിന്നും പുറത്തിറങ്ങിയ സിദ്ദഖ് കാപ്പന്‍ പ്രതികരിച്ചത് പൂരണ നീതി ഇനിയും കിട്ടിയിട്ടില്ല എന്നാണ്. തന്റെ കൂടെ അറസ്റ്റിലായവര്‍ ഇപ്പോഴും ജയിലിലുണ്ട്. താന്‍ മാത്രം ഇറങ്ങിയതു കൊണ്ട് എന്ത് നീതിയാണ് ലഭിക്കുന്നതെന്നും കാപ്പന്‍ ചോദിച്ചു. ജയിലില്‍ കിടക്കുമ്പോള്‍ തന്റെ സ്വദേശമായ മലപ്പുറത്ത് ഉമ്മയും ചില ബന്ധുക്കളും ഒക്കെ മരണമടഞ്ഞു പോയെന്ന കാര്യവും കാപ്പന്‍ എടുത്തു പറഞ്ഞു. കള്ളക്കേസില്‍ കുടുങ്ങിപ്പോയ ഒരു ന്യൂനപക്ഷ വ്യക്തിയുടെ വിധിയാണിതെന്ന് കാപ്പന്‍ പരോക്ഷമായി പറയുകയാണോ.

ജാമ്യം ലഭിച്ചിട്ട് ഒരു മാസത്തിലേറെയായെങ്കിലും നടപടിക്രമങ്ങളിലുണ്ടായ കാലതാമസം മൂലമാണ് മോചനം വൈകിയത്. യു.എ.പി.എ നിയമപ്രകാരം പൊലീസ് രജിസ്റ്റർ ചെയ്തതും കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്തതുമായ രണ്ട് കേസുകളാണ് സിദ്ദിഖ് കാപ്പന്റെ പേരിലുള്ളത്. യു.എ.പി.എ കേസിൽ നേരത്തേ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന് ജയിലിൽ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം അലഹബാദ് കോടതിയാണ് ഈ കേസിൽ ജാമ്യം അനുവദിച്ചത്.

Spread the love
English Summary: siddique kappan released from jail

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick