Categories
latest news

കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ കുട്ടികള്‍ ഇനി ബഹിരാകാശ ഉപഗ്രഹചരിത്രത്തില്‍

ശ്രീഹരിക്കോട്ടയില്‍ ആസാദിസാറ്റ്-2 എന്ന ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചുയരുമ്പോള്‍ കേരളത്തിലെ രണ്ടു ജില്ലകളില്‍ സവിശേഷമായ അഭിമാന നിമിഷങ്ങളായി അത് മാറി. കണ്ണൂര്‍ ,മലപ്പുറം ജില്ലകളാണവ.

ചെന്നൈയിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ സഹായത്തോടെ ഇന്ത്യയിലുടനീളമുള്ള 750 വിദ്യാർഥിനികൾ ചേർന്നാണ് 8.7 കിലോഗ്രാം ഭാരമുള്ള ആസാദിസാറ്റ്-2 തയാറാക്കിയത് . ഈ 750 പേരിൽ മലപ്പുറം മങ്കട ചേരിയം ഗവ.ഹൈസ്കൂളിലെയും കണ്ണൂർ കോളയാട് സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിലെയും കുട്ടികൾ ഉണ്ടായിരുന്നു.

thepoliticaleditor

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായിരുന്നു ആസാദിസാറ്റ്. 75 സ്‌കൂളുകളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമ്മിച്ച ഈ ഉപഗ്രഹത്തിൽ സ്വന്തം സോളാർ പാനലുകളുടെ ചിത്രങ്ങൾ ക്ലിക്കുചെയ്യാനുള്ള സെൽഫി ക്യാമറകൾ, ദീർഘദൂര ആശയവിനിമയ ട്രാൻസ്‌പോണ്ടറുകൾ എന്നിവയുണ്ട്. എൻസിസിയുടെയും 75-ാം വാർഷികത്തോട് അനുബന്ധിച്ച് ആസാദിസാറ്റ് ബഹിരാകാശത്ത് എൻസിസി ഗാനം പാടിക്കൊണ്ടിരിക്കും. പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ ദേവിശ്രീപ്രസാദാണു ഗാനം രചിച്ച് ആലപിച്ചത്.

ആസാദിസാറ്റ്-2 ഉള്‍പ്പെടെയുള്ള മൂന്ന് ഉപഗ്രഹങ്ങള്‍ വഹിച്ച ഹ്രസ്വദൂര റോക്കറ്റായ എസ്.എസ്.എല്‍.വി. ഡി-2 (സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) വിന്റെ ദൗത്യം വിജയകരമായി ഇന്ന് നടന്നു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹങ്ങള്‍ വഹിച്ച റോക്കറ്റ് കുതിച്ചത്. രാവിലെ 9.18-നായിരുന്നു വിക്ഷേപണം. 15.24 മിനിട്ടിനകം ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു. ഈ റോക്കറ്റിന്റെ ആദ്യ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടിരുന്നതിനാല്‍ ഇത്തവണ കനത്ത ജാഗ്രതയിലും നിരീക്ഷണത്തിലുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് എസ്എസ്എല്‍വിയുടെ പ്രഥമ വാഹനമായ ഡി-1 വിക്ഷേപിച്ചത്. ഇത് പരാജയപ്പെട്ടു.

കണ്ണൂർ കോളയാട് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ അധ്യാപകരായ മിഥുൻ പി.എ, റോയി ചാക്കോ , ജോമറ്റ് എം.ജെ , ഹയർസെക്കൻഡറി അധ്യാപകൻ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 10 വിദ്യാർഥികളാണ് ദൗത്യത്തിൽ പങ്കാളികളായത്. പഴയങ്ങാടി വേങ്ങരയിലെ റോട്ടറി ക്ലബ്ബ് ഭാരവാഹി ഹരീഷ് മുഖാന്തിരമാണ് ആസാദിസാറ്റ് ഉപഗ്രഹനിര്‍മാണത്തിന്റെ കാര്യം അറിയുകയും അതില്‍ പങ്കാളികളാകാന്‍ തങ്ങളുടെ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതെന്ന് അധ്യാപകര്‍ പറഞ്ഞു. ബഹിരാകാശത്തിലെ താപനില നിയന്ത്രണം, അന്തരീക്ഷത്തിന്റെ ഘടന എന്നിവ മനസ്സിലാക്കുന്ന തരത്തിലുള്ള പ്രോഗ്രാമിങ് ചെയ്തുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. ഇതിനായി സോഫ്റ്റ്‌വെയറും ചിപ്പും അവർ അയച്ചുകൊടുത്തു . ചെയ്യേണ്ട രീതികളും പറഞ്ഞു കൊടുത്തു . അർഡിനോ എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചിപ്പിലേക്ക് പ്രോഗ്രാമിങ് ചെയ്യൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥിനികൾ തന്നെയാണ് ചെയ്തത്. 2022 സെപ്തംബറിൽ ആദ്യം സോഫ്റ്റ്‌വെയർ അയച്ചുകൊടുത്തു. ആദ്യ ദൗത്യം പരാജയപ്പെട്ടതോടെ രണ്ടാമതും അവർ സ്കൂളിനെ സമീപിച്ചു.

Spread the love
English Summary: PRIDE FOR KANNUR AND MALAPPURAM DISTRICTS IN MAKING AZADISAT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick