Categories
kerala

റൂട്ട് ക്ലിയറന്‍സിന്റെ പേരില്‍ പൊലീസിന്റെ അതിരുവിട്ട നടപടി: ഭരണ വിരുദ്ധ വികാരത്തിന് ഇന്ധനം

മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴി നീളെയുള്ളവരെല്ലാം പ്രതിഷേധക്കാരാണ് എന്ന് സങ്കല്‍പിക്കുന്ന ഭ്രാന്തിലേക്കാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ പോകുന്നതെന്ന് കഴിഞ്ഞ ദിവസം ഉണ്ടായ നടപടികളില്‍ നിന്നും വ്യക്തം

Spread the love

ഒരിടവേളയ്ക്കു ശേഷം കേരള പൊലീസ് വീണ്ടും ഭരണവിരുദ്ധ വികാരത്തിന് ഇന്ധനം നിറയ്ക്കുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനെന്ന രീതിയില്‍ പൊലീസ് പൗരന്‍മാരുടെ മേല്‍ കുതിര കയറുന്നതായുള്ള ആരോപണങ്ങള്‍ ശക്തമാകുകയാണ്. ബജറ്റ് അവതരണത്തിനു ശേഷം നിയമസഭാ സമ്മേളനം അവസാനിച്ചതിനു പിറകെ പ്രതിപക്ഷ പ്രതിഷേധം പൊതു സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരിക്കയാണ്. ഇത് തടയുക പൊലീസിനു നല്‍കിയിട്ടുള്ള നിര്‍ദ്ദേശമായിരിക്കാമെങ്കിലും അതിന്റെ പേരില്‍ നടത്തുന്ന അതിക്രമങ്ങള്‍ വലിയ വിമര്‍ശനമാണ് വിളിച്ചു വരുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകുന്നത് തടയാനുള്ള വഴികള്‍ തേടുന്ന പൊലീസ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിലെല്ലാം സാധാരണക്കാരെ പോലും വേദനിപ്പിക്കുന്ന നടപടികളിലേക്കാണ് നീങ്ങുന്നത്. ഇത് സ്വാഭാവികമായും ഭരണത്തിനെതിരായ വികാരം ജനങ്ങളില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
പൊലീസിന്റെ പുതിയ പരിപാടിയാണ് കാടടച്ചുള്ള റൂട്ട് ക്ലിയറന്‍സ്.

thepoliticaleditor

മുഖ്യമന്ത്രി പോകുന്ന വഴി തെളിക്കല്‍. പ്രതിഷേധിക്കുന്നവര്‍ക്കെതിരായ ബലപ്രയോഗം സ്വാഭാവികമാണ്. എന്നാല്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴി നീളെയുള്ളവരെല്ലാം പ്രതിഷേധക്കാരാണ് എന്ന് സങ്കല്‍പിക്കുന്ന ഭ്രാന്തിലേക്കാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ പോകുന്നതെന്ന് കഴിഞ്ഞ ദിവസം ഉണ്ടായ നടപടികളില്‍ നിന്നും വ്യക്തം. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കുന്നതും അതിനെ പൊലീസ് നേരിടുന്നതും പുതിയ കാര്യമല്ല. എന്നാല്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയാണ് ബലപ്രയോഗവും തടയലുമെല്ലാം നടപ്പാക്കേണ്ടത്. പ്രതിഷേധം തുടങ്ങുമ്പോള്‍ നേരിടുന്നതിനു പകരം പലവിധ ആവശ്യങ്ങള്‍ക്കായി നാടിന്റെ പലയിടങ്ങളില്‍ പാതയോരങ്ങളില്‍ നില്‍ക്കുന്നവരെയും നടക്കുന്നവരെയുമെല്ലാം നേരിടുകയാണ് പൊലീസ്.

മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂർ മുൻപ് തന്നെ കിലോമീറ്ററുകൾ അകലെ വരെ വഴിയുടെ ഇരുവശത്തും പൊലീസ് സ്ഥാനം പിടിക്കും. പിന്നെ ഒരു വാഹനം പോലും ഈ വഴിയോരത്തെങ്ങും പാർക്ക് ചെയ്യാൻ സമ്മതിക്കില്ലെന്ന് ആളുകൾ ആരോപിക്കുന്നു. മുഖ്യമന്ത്രി എത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഈ റോഡിലെക്കെത്തുന്ന എല്ലാ വഴികളിലെയും ഗതാഗതം മുന്നറിയിപ്പില്ലാതെ തടയുന്നതായും പരാതിയുണ്ട്.

റൂട്ട് ക്ലിയറന്‍സ് എന്നാല്‍ വഴിയില്‍ പ്രതിഷേധം ഉണ്ടായാല്‍ ക്ലിയര്‍ ചെയ്യലാണോ അതോ വഴിയിലെ സാധാരണക്കാരെ മുഴുവന്‍ ദ്രോഹിക്കലാണോ. വഴിയില്‍ നില്‍ക്കുന്നവരോടും വാഹനം നിര്‍ത്തിയിട്ടവരോടും സ്വന്തം ഡ്യൂട്ടിയുടെ ഭാഗമായി വിവരങ്ങള്‍ തിരക്കലും കാര്യം മനസ്സിലാക്കി യുക്തമായി ഇടപെടലുമാണ് പൊലീസ് ചെയ്യേണ്ടത്. അവരില്‍ സംശയം തോന്നുന്നവരെ നിയന്ത്രിക്കുക എന്നതാവണമല്ലോ കര്‍ത്തവ്യം. എന്നാല്‍ മരുന്നു വാങ്ങാന്‍ നില്‍ക്കുന്നവരെയും ചായകുടിക്കുന്നവരെയുമെല്ലാം ക്ലിയര്‍ ചെയ്ത് വിടുക, അവരെ ഭീഷണിപ്പെടുത്തി തുരത്തിവിടുക എന്നതെല്ലാം അമിതാധികാര പ്രയോഗമാണ്. കഴിഞ്ഞ ദിവസം ഏറണാകുളം ജില്ലയിലെ മറ്റൂരില്‍ വൈകീട്ട് മരുന്നു വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ യുവാവിനെ പൊലീസ് തടഞ്ഞത് വലിയ വിമര്‍ശനമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതു പോലെ തൃശൂരിലെ വെറ്ററിനറി സര്‍വ്വകലാശാലയിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി തലേന്നു രാത്രി മുതല്‍ ഗതാഗത നിയന്ത്രണവും നിരീക്ഷണവുമായിരുന്നു.

ബജറ്റിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന് കൂടുതല്‍ മിഴിവും തികവും ശേഷിയും നല്‍കാനാണോ എന്നു സംശയിക്കും വിധമാണ് പൊലീസിന്റെ നടപടികള്‍. സൗജന്യമായി പ്രതിഷേധത്തിന് കൂടുതല്‍ സ്വീകാര്യതയും ബലവും നല്‍കാനേ ഇത്തരം പ്രകടനങ്ങള്‍ സഹായിക്കൂ എന്നതാണ് നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

വെള്ളിയാഴ്ച കളമശ്ശേരിയില്‍ വനിതയെ പുരുഷ പൊലീസ് കൈകാര്യം ചെയ്തത് ഉള്‍പ്പെടെ സേനയുടെ അനുവദനീയ ചട്ടങ്ങളുടെ ലംഘനമാണ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് സേനയെ ഇരുട്ടില്‍ നിര്‍ത്തുക മാത്രമല്ല പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ വിസിബിലിറ്റി നല്‍കാനും കാരണമാകുന്നുണ്ട്. ഇതു തന്നെയായിരിക്കാം പ്രതിപക്ഷം ഉന്നം വെക്കുന്നതും. അതിന് വളവും വെള്ളവും നല്‍കി ഭരണത്തിന്റെ കാവലാളായ പൊലീസ് തന്നെ പെരുമാറുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥയും.

Spread the love
English Summary: POLICE OVER ACTIVISM MAKES MORE PROTEST

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick